ADVERTISEMENT

എല്ലാവർക്കും കുട്ടിക്കാലത്ത് കുറച്ചുപാവകളൊക്കെ കളിക്കാൻ കൂട്ടിനുണ്ടാകും. ചിലർക്ക് ബാർബി പാവകളും ലഭിക്കും. എന്നാൽ ഇതൊന്നുമല്ല ബെറ്റിന ഡോർഫ്മാന്‌റെ കഥ. വിവിധകാലങ്ങളിലായി 18500 പാവകളാണ് ബെറ്റിനയുടെ കൈവശമുള്ളത്. ലോകത്തിൽ ഏറ്റവും കൂടുതൽ ബാർബി പാവകളുള്ള വ്യക്തിയെന്ന ഗിന്നസ് റെക്കോർഡിനും ഉടമയാണ് ബെറ്റിന. 2005 മുതൽ ഇവർ ഈ റെക്കോർഡ് വഹിക്കുന്നു.

 

ഇപ്പോൾ 62 വയസ്സുള്ള ബെറ്റിനയ്ക്ക് അഞ്ച് വയസ്സുള്ളപ്പോഴാണ് ആദ്യത്തെ ബാർബി പാവ ലഭിച്ചത്. 1966ൽ ആയിരുന്നു ഇത്. എന്നാൽ അക്കാലത്തൊന്നും ബാർബി ശേഖരണത്തെക്കുറിച്ച് ബെറ്റിന അത്രയ്ക്ക് സീരിയസായിരുന്നില്ലെന്ന് അവർ തന്നെ പറയുന്നു. എന്നാൽ 1993 മുതൽ ബെറ്റിന വലിയ ആവേശത്തോടെ പാവകൾ ശേഖരിച്ചുതുടങ്ങി. ഒട്ടേറെ അപൂർവമായ ബാർബി പാവകളും ബെറ്റിനയുടെ കൈവശമുണ്ട്. 1959ൽ പുറത്തിറങ്ങിയ ആദ്യ ബാർബി പാവകളും ഇതിൽ ഉൾപ്പെടും.

 

ബാർബികൾ ശേഖരിക്കുന്നതിനു പുറമേ ബാർബി ഡോളുകളെക്കുറിച്ച് ബെറ്റിന പുസ്തകങ്ങളും എഴുതാറുണ്ട്. മറ്റുള്ളവരുടെയും ബാർബി പാവകൾക്ക് അറ്റകുറ്റപ്പണികൾ ചെയ്യാനായി ഒരു ഡോൾ ഹോസ്പിറ്റലും ബെറ്റിന നടത്തുന്നുണ്ട്. ബാർബറ മിലിസെന്റ് റോബർട്‌സ് എന്നാണു ബാർബിയുടെ മുഴുവൻ പേര്. 1959ൽ മാറ്റെൽ എന്ന യുഎസ് കളിപ്പാട്ട കമ്പനി കലിഫോർണിയയിലാണ് ബാർബി പാവകൾ പുറത്തിറക്കിയത്. ദമ്പതികളായ റൂത്ത് ഹാൻഡ്ലർ, ഇലിയറ്റ് എന്നിവരായിരുന്നു ബാർബിയുടെ ഉപജ്ഞാതാക്കളും കമ്പനിയുടെ ഉടമസ്ഥരും. ആദ്യകാലത്ത് പാവയ്‌ക്കെതിരെ ചില്ലറ വിവാദങ്ങളൊക്കെയുണ്ടാകുകയും വിൽപനയിൽ മന്തിപ്പുണ്ടാകുകയും ചെയ്തു. എന്നാൽ കുട്ടികളെ ആകർഷിക്കാനായി കമ്പനി ടെലിവിഷനിൽ ബാർബിയുടെ പരസ്യങ്ങൾ കൊടുത്തു തുടങ്ങി (ഇങ്ങനെ ചെയ്യുന്ന ആദ്യ കളിപ്പാട്ടക്കമ്പനിയായിരുന്നു മാറ്റെൽ). 1963ൽ ബാർബിയുടെ കൂട്ടുകാരായ മിഡ്ജ്, കെൻ, ഇളയ സഹോദരിയായി സ്‌കിപ്പർ എന്നീ പാവകളും രംഗത്തെത്തി. കളിപ്പാട്ടവിപണിയിൽ ബാർബി തരംഗം സൃഷ്ടിക്കുകയായിരുന്നു. ഓരോ സെക്കൻഡിലും ലോകത്ത് രണ്ട് ബാർബി പാവകൾ വീതം വിൽക്കുന്നുണ്ടെന്നാണു കണക്ക്.

 

നിലവിൽ യുഎസിൽ നിന്നുള്ള ഒരു വമ്പൻ രാജ്യാന്തര കളിപ്പാട്ട ബ്രാൻഡായി ബാർബി മാറിയിട്ടുണ്ട്. ഇന്ത്യയുൾപ്പെടെ മിക്ക രാജ്യങ്ങളിലും ഇതിനു വിപണിയുമുണ്ട്. ഒട്ടേറെ നോവലുകളും ഗാനങ്ങളുമൊക്കെ ഇതിനെ അടിസ്ഥാനപ്പെടുത്തി ഇറങ്ങിയിരുന്നു. 1997ൽ സ്‌കാൻഡിനേവിയൻ സംഗീതഗ്രൂപ്പായ അക്വ പുറത്തിറക്കിയ 'അയാം എ ബാർബി ഗേൾ' ഇതിന് മികച്ച ഉദാഹരണം. ഈ ഗാനം നമ്മുടെ കൊച്ചുകേരളത്തിലുൾപ്പെടെ അലമാലകൾ തീർത്തിരുന്നു. കുറേയേറെ അനിമേഷൻ ചിത്രങ്ങളും ബാർബിയെ കഥാപാത്രമാക്കി പുറത്തിറങ്ങിയിരുന്നു. അടുത്തിടെ വാൾട്ട് ഡിസ്‌നി ഒരു ചിത്രവും ബാർബിയെ സംബന്ധിച്ച് ഇറക്കി.

 

Content Highlight : Barbie dolls | Guinness World Record |. Bettina Dorfman |  Barbie doll collection | Barbie doll history

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com