ADVERTISEMENT

നമ്മുടെ സൗരയൂഥത്തിന്റെ കേന്ദ്രബിന്ദുവാണ് സൂര്യൻ, ആ സൂര്യനെ നിരീക്ഷിക്കാനായി ഐഎസ്ആർഒ ആദിത്യ എൽ1 എന്ന ദൗത്യം വിടുകയാണ് നാളെ. 5 വർഷങ്ങൾ മുൻപ് നാസ സൂര്യനെ തൊട്ടുനോക്കിയ ഒരു ബഹിരാകാശ ദൗത്യം വിട്ടിരുന്നു. 2018 ഓഗസ്റ്റിലാണു പാർക്കർ സോളർ പ്രോബ് യാത്ര തുടങ്ങിയത്. നാസയുടെ ഏറ്റവും ശേഷിയുള്ള റോക്കറ്റുകളിലൊന്നായ ഡെൽറ്റഫോറാണു പാർക്കറിനെ വഹിച്ചുകൊണ്ട് പറന്നത്. ചൊവ്വയിൽ പോകാൻ വേണ്ടതിന്റെ 55 ഇരട്ടി വിക്ഷേപണ ഊർജം പാർക്കറിന്റെ വിക്ഷേപണത്തിനു വേണ്ടി വന്നു. 

ഇതുവരെ പല തവണ സൂര്യന്റെ അന്തരീക്ഷത്തിനു സമീപം പാർക്കർ എത്തിയിരുന്നു. സൂര്യന്റെ അടുക്കലേക്കുള്ള ഭ്രമണപഥത്തിലെത്താൻ പാർക്കറെ നമ്മുടെ അയൽഗ്രഹമായ ശുക്രന്റെ ഗുരുത്വബലം സഹായിക്കുന്നുണ്ട്. ഏഴുവർഷം നീണ്ട യാത്രയിൽ 24 തവണ പാർക്കർ സൂര്യന്റെ അടുത്തെത്തും. സൂര്യനടുത്തെത്തിയാൽ മണിക്കൂറിൽ 7 ലക്ഷം കിലോമീറ്റർ എന്ന നിലയിലേക്കുയരും പാർക്കറിന്റെ വേഗം. മനുഷ്യർ നിർമിച്ച ഒരു വസ്തുവിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന വേഗമാണിത്. അടുത്ത വർഷം ഡിസംബറിലാണ് സൂര്യന് ഏറ്റവും അടുത്ത് പാർക്കർ എത്തുകയാണ്.

പാർക്കർ എന്താണ് കത്താത്തത് 
ഇത്രയും ഉയർന്ന താപനില അനുഭവിച്ചിട്ടും എന്തുകൊണ്ടാണു പാർക്കർ കത്താത്തത്? നാലര ഇഞ്ച് കനത്തിൽ തയാറാക്കിയ കാർബൺ കോംപസിറ്റ് കവചം പാർക്കറിനു ചുറ്റുമുണ്ട്. 1377 ഡിഗ്രി സെൽഷ്യസ് ചൂടിനെ വരെ പ്രതിരോധിക്കാൻ കഴിയുന്ന കവചമാണ് ഇത്. പക്ഷേ സൂര്യന്റെ അന്തരീക്ഷമെന്നൊക്ക പറയുമ്പോൾ വലിയ ചൂടായിരിക്കില്ലേ? ശരിയാണ്. സൂര്യന്റെ കൊറോണയിൽ വലിയ ചൂടുണ്ട്. എന്നാൽ അവിടെ സാന്ദ്രത കുറവാണ്. ഇതു മൂലം താപം വഹിക്കുന്ന കണങ്ങളും കുറവാണ്. അതാണു പാർക്കറിനു രക്ഷയാകുന്നത്. കണങ്ങൾ കുറവായതിനാൽ പാർക്കർ അവിടെ നിന്ന് അധികം ചൂടാകില്ല. കൂടി വന്നാൽ 1377 ഡിഗ്രി മാത്രം.

പാർക്കറിനു ധാരാളം ലക്ഷ്യങ്ങളുണ്ട് 
1)സൂര്യന്റെ അന്തരീക്ഷമായ കൊറോണയെക്കുറിച്ചു പഠിക്കുക. സാധാരണ ഗതിയിൽ തീ കത്തുന്നയിടത്തു നിന്ന് അകലുന്തോറും ചൂട് കുറഞ്ഞുവരും... അല്ലേ? എന്നാൽ സൂര്യന്റെ കാര്യത്തിൽ തിരിച്ചാണ്. സൂര്യമുഖത്തിനേക്കാൾ ചൂടു കൂടുതലാണു കൊറോണയ്ക്ക്. ഇതെന്തു കൊണ്ടാണെന്ന് വ്യക്തമായി ഉത്തരം പറയാൻ ഇതുവരെ സാധിച്ചിട്ടില്ല. പാർക്കർ ഇതിനു സഹായിച്ചേക്കും.

2) സൗരവാതങ്ങളെക്കുറിച്ചു പഠിക്കുക

3) നക്ഷത്രങ്ങളുടെ സവിശേഷതകളെക്കുറിച്ചുപഠിക്കുക.

പാർക്കർ, ആദിത്യ തുടങ്ങിയവ കൂടാതെ വേറെയും സൗരദൗത്യങ്ങളുണ്ട്. സോളർ ഡൈനമിക്സ് ഒബ്സർവേറ്ററി(നാസ),സ്റ്റീരിയോ (നാസ), സോഹോ (നാസ, ഇഎസ്എ),ഹിനോഡ് (ജാക്സ), പിക്കാർഡ് എന്നിവയാണ് ഇവ.

Content Highlight -  Parker Solar Probe | Aditya L1 mission | Solar winds | Corona of the Sun | Properties of stars | NASA | ISRO 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com