ADVERTISEMENT

പലപ്പോഴും പനിയോ മറ്റ് ഇൻഫെക്ഷനുകളോ പിടിച്ച് നമ്മൾ ആശുപത്രിയിൽ എത്തുമ്പോൾ ആന്‌റിബയോട്ടിക്കുകൾ നൽകാറുണ്ടെന്നു കൂട്ടുകാർക്കറിയാമല്ലോ. 1940കളിൽ പെനിസിലിൻ എന്ന മരുന്ന് കണ്ടെത്തി വികസിപ്പിച്ചതാണ് ആധുനിക വൈദ്യശാസ്ത്രത്തിൽ ആന്‌റിബയോട്ടിക്കുകളുടെ യുഗത്തിനു തുടക്കം കുറിച്ചത്. പെനിസിലിന്റെ കണ്ടെത്തൽ നടത്തിയത് അലക്‌സാണ്ടർ ഫ്‌ളെമിങ് എന്ന പ്രതിഭാധനനായ ശാസ്ത്രജ്ഞനായിരുന്നു.

 

പെനിസിലിന്റെ കണ്ടെത്തലിനു മുൻപ് ന്യുമോണിയ, വാതപ്പനി തുടങ്ങി ഒട്ടേറെ രോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സ ഉണ്ടായിരുന്നില്ല. ചെറിയ മുറിവുകളിലും മറ്റും അണുബാധയേറ്റ് എത്തുന്നവരെപ്പോലും ഫലപ്രദമായി ചികിത്സിക്കാൻ ഡോക്ടർമാർക്കു കഴിയാത്ത അവസ്ഥയുണ്ടായിരുന്നു.

 

സൂക്ഷ്മാണുക്കൾ ഉണ്ടാക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് സൂക്ഷ്മാണു ബാധകൾ ചെറുക്കുക എന്നതാണ് ആന്‌റിബയോട്ടിക്കുകളുടെ പ്രവർത്തനതത്വം. ചരിത്രകാലഘട്ടത്തിൽ തന്നെ ഈജിപ്തിലെ ആളുകൾ ഇത്തരം കാര്യങ്ങൾ ചെയ്തു നോക്കിയിരുന്നു. പഴുത്ത വ്രണങ്ങൾക്കു മേലെ അവർ പൂപ്പൽപിടിച്ച അപ്പങ്ങളും മറ്റും വച്ചിരുന്നു. മുറിവ് പഴുപ്പ് മാറി സുഖപ്പെടാനായിരുന്നു ഇത്.

 

ലണ്ടനിലെ സെന്റ് മേരീസ് ഹോസ്പിറ്റലിലെ ബാക്ടീരിയോളജി പ്രഫസറായിരുന്നു ഫ്‌ളെമിങ്. 1928 സെപ്റ്റംബർമാസം. ഒരു വിനോദയാത്രയ്ക്കു ശേഷം ഫ്‌ളെമിങ് ആശുപത്രിയിലേക്കു തിരികെയെത്തി. തൊണ്ടവേദനയും മറ്റുമൊക്കെയുണ്ടാക്കുന്ന ബാക്ടീരിയകളുടെ പെട്രിഡിഷുകൾ പരിശോധിക്കുകയായിരുന്നു അദ്ദേഹം. പെട്രിഡിഷുകൾ കാര്യമായി വൃത്തിയാക്കിയിരുന്നില്ല.

 

ഇതിനിടെ ഒരു കാര്യം ശ്രദ്ധിക്കപ്പെട്ടു.പെനിസിലിയം നൊട്ടേറ്റം എന്ന പൂപ്പൽ പെട്രിഡിഷുകളിൽ ഉണ്ടായിരുന്നു. ഇവ ബാക്ടീരിയകളുടെ വളർച്ച തടഞ്ഞെന്ന് ഫ്‌ളെമിങ് കണ്ടെത്തി. പൂപ്പലിൽ നിന്നുള്ള എന്തോ ശ്രവങ്ങളായിരുന്നു ഇതിനു പിന്നിൽ. ഈ പൂപ്പലുകളിൽ നിന്ന് അലക്‌സാണ്ടർ ഫ്‌ളെമിങ് പെനിസിലിൻ വേർതിരിച്ചെടുത്തു. പിന്നീട് പല പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ശേഷമാണ് പെനിസിലിന്റെ പ്രയോഗ സാധ്യത ഫ്‌ളെമിങ് സ്ഥിരീകരിച്ചത്. 14 വർഷങ്ങൾക്കു ശേഷം ആനി മില്ലർ എന്ന അമേരിക്കൻ വനിത പെനിസിലിൻ ഉപയോഗിച്ച് ചികിത്സയ്ക്കു വിധേയയായി സുഖം പ്രാപിച്ച ആദ്യ വ്യക്തിയായി.

 

Content Highlight - Fungal growth on unwashed samples | Miracle drug | Discovery of penicillin | History of antibiotics | Alexander Fleming and penicillin development

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com