പുല്ലുകൊണ്ടുള്ള ചെരിപ്പുകൾ, പഴക്കം 6200 വർഷം; കണ്ടെത്തിയത് സ്‌പെയിനിലെ ഗുഹയിൽ
Mail This Article
യൂറോപ്പിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽവച്ച് ഏറ്റവും പഴക്കമുള്ള ചെരിപ്പുകൾ സ്‌പെയിനിലെ ഒരു ഗുഹയിൽ കണ്ടെത്തി. 6200 വർഷം പഴക്കമുള്ളതാണ് ഇവ. തെക്കൻ സ്‌പെയിനിൽ വർഷങ്ങൾക്കു മുൻപ് കണ്ടെത്തിയ 76 വസ്തുക്കളെപ്പറ്റി പഠനം നടത്തുന്ന ശാസ്ത്രജ്ഞരാണ് ഇപ്പോൾ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അൽക്കല, ബാർസിലോന സർവകലാശാലയിൽ നിന്നുള്ള അംഗങ്ങൾ ഇക്കൂട്ടത്തിലുണ്ട്.
പുല്ലുകൾ നെയ്താണ് ഈ ചെരിപ്പുകൾ നിർമിച്ചിട്ടുള്ളത്. ചെരിപ്പുകൾ മാത്രമല്ല, കൂടകളും ഇക്കൂട്ടത്തിലുണ്ട്. വടക്കൻ ആഫ്രിക്കയിലും സ്‌പെയിനിലും പോർച്ചുഗലിലും സമൃദ്ധമായി കാണപ്പെടുന്ന എസ്പാർട്ടോ എന്ന പുല്ലുകൾ കൊണ്ടാണ്. നമ്മുടെ നാട്ടിൽ കൈതച്ചെടികൾ മെടഞ്ഞ് ഉപകാരപ്രദമായ പല വസ്തുക്കളുണ്ടാക്കുന്നതു പോലെ എസ്പാർട്ടോ വളരുന്ന മേഖലകളിൽ ഇതുപയോഗിച്ച് വസ്തുക്കളുണ്ടാക്കാറുണ്ട്. ഈ പുല്ല് ചെത്തിയെടുത്ത് ഇവയുടെ ഇല ഉണക്കിയ ശേഷമാണ് മെടഞ്ഞ് ഓരോ വസ്തുക്കളുണ്ടാക്കുന്നത്. പേപ്പർ നിർമാണത്തിലും ഇതുപയോഗിക്കപ്പെടുന്നു.
സ്‌പെയിനിൽ കണ്ടെത്തിയ വസ്തുക്കൾ പരിശോധിച്ച ഗവേഷകർ കൗതുകകരമായ ഒരു കാര്യം പറഞ്ഞു. 9500 വർഷങ്ങൾ മുൻപ് തന്നെ എസ്പാർട്ടോ പുല്ലുകൾ ഉപയോഗിച്ച് വസ്തുക്കളുണ്ടാക്കിയിരിക്കാം എന്നതാണ് ഇത്.
ചരിത്രാതീത കാലം മുതൽ തന്നെ പാദരക്ഷകൾ മനുഷ്യർ ഉപയോഗിച്ചിരുന്നു. അരലക്ഷം വർഷങ്ങൾക്കു മുൻപ് തന്നെ മനുഷ്യർ ഇവ ധരിച്ചിരുന്നെന്ന് ആദിമ ഫോസിലുകളിൽ ശാസ്ത്രജ്ഞർ നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നു.ലോകത്തിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും പഴക്കമുള്ള പാദരക്ഷ 1938ൽ യുഎസിലെ ഒറിഗോണിലുള്ള ഫോർട്ട് റോക്ക് ഗുഹയിൽ നിന്നാണു കണ്ടെത്തിയത്. പുല്ലുകളും മൃഗത്തോലുമൊക്കെ ഉപയോഗിച്ച് പാദരക്ഷകൾ നിർമിച്ചു. ലോകത്തെ പല ആദിമ സംസ്‌കാരങ്ങളും പാദരക്ഷകൾക്കു വലിയ പ്രാധാന്യം കൽപിച്ചിരുന്നു.