നിയാണ്ടർത്താലുകൾ ഭീകരജീവികളായ കേവ് ലയണുകളെ വേട്ടയാടി! മാംസം ഭക്ഷിച്ചു: പഠനം
Mail This Article
ആദിമ നരൻമാരായ നിയാണ്ടർത്താലുകൾ അതീവ അപകടകാരികളായ കേവ് സിംഹങ്ങളെ വേട്ടയാടിയെന്ന് പഠനം. ജർമനിയിലെ ഹർസ് മലനിരകളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. ഇവിടെ കണ്ടെത്തിയ ഫോസിലുകളിൽ കേവ് സിംഹങ്ങളുടെ അവശേഷിപ്പുകളുമുണ്ടായിരുന്നു. സയന്റിഫിക് റിപ്പോർട്ട്സ് എന്ന ശാസ്ത്രജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. ഇന്നത്തെ കാലത്തെ സിംഹങ്ങളുടെ കുടുംബത്തിൽപെട്ട പ്രാചീനകാല ജീവികളാണ് കേവ് ലയണുകൾ അഥവാ കേവ് സിംഹങ്ങൾ. 1.3 മീറ്റർ വരെ പൊക്കമുണ്ടായിരുന്ന ഇവ യൂറേഷ്യയുടെ വടക്കൻ മേഖലകളിലും വടക്കേ അമേരിക്കയിലും ധാരാളമായി ഉണ്ടായിരുന്നു. ആ മേഖലയിലെ ഏറ്റവും ഭീകരമൃഗങ്ങളും കേവ് ലയണുകളായിരുന്നു.
മാമ്മത്ത്, ബൈസൺ, കുതിര തുടങ്ങിയ മൃഗങ്ങളെ കേവ് ലയണുകൾ വേട്ടയാടി. കേവ് ലയണുകളെ വേട്ടയാടുക മാത്രമല്ല നിയാണ്ടർത്താലുകൾ ചെയ്തത്. ഇവയെ കൊന്ന് മാംസം ഭക്ഷിക്കുകയും ചെയ്തിരുന്നു. ഹോമോ സാപിയൻസ് എന്നറിയപ്പെടുന്ന ആധുനിക മനുഷ്യവർഗം കഴിഞ്ഞാൽ, ഏറ്റവുമധികം പഠനം നടന്നിട്ടുള്ള മനുഷ്യവിഭാഗമാണു നിയാണ്ടർത്താലുകൾ. ഇവരുടെ ഒരുപാടു ഫോസിലുകൾ പലയിടങ്ങളിൽ നിന്നായി ശാസ്ത്രജ്ഞർക്കു ലഭിച്ചിട്ടുണ്ട്. യൂറോപ്പ് മുതൽ മധ്യേഷ്യ വരെയുള്ള ഭൂഭാഗത്തായിരുന്നു ഇവരുടെ അധിവാസമെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്.ജർമനിയിലെ നിയാണ്ടർ നദീ താഴ്‌വാരത്തു നിന്നാണ് ആദ്യമായി ഇവരുടെ ഫോസിലുകൾ കിട്ടിയത്. ഇങ്ങനെയാണു നിയാണ്ടർത്താൽ എന്ന പേര് ഈ മനുഷ്യവിഭാഗത്തിനു ലഭിച്ചത്.
ഭൂമിയിൽ നിന്നു മൺമറഞ്ഞുപോയ മനുഷ്യവംശമായ നിയാണ്ടർത്താലുകളുടെ അവസാന താവളമായിരുന്ന ഗുഹയറ ഇടക്കാലത്തു ഗവേഷകർ കണ്ടെത്തി. മെഡിറ്ററേനിയൻ കടലിലുള്ള സ്പെയിനിനു സമീപം സ്ഥിതി ചെയ്യുന്ന ജിബ്രാൾട്ടറിലെ വാൻഗാഡ് എന്ന ഗുഹയണ്. 40000 വർഷങ്ങളായി ഈ അറ അടഞ്ഞുകിടക്കുകയായിരുന്നു. പ്രശസ്തമായ ജിബ്രാൾട്ടർ പാറയിലെ നാലു ഗുഹകളിൽ ഒന്നാണു വാൻഗാഡ്. 9 വർഷം നീണ്ടുനിന്ന ഗവേഷത്തിനൊടുക്കമാണു കണ്ടെത്തൽ നടത്തിയത്.
നിയാണ്ടർത്താലുകൾ കൂട്ടമായി ജീവിച്ചിരുന്ന ആദിമ ഇടമാണു ജിബ്രാൾട്ടറെന്നു ശാസ്ത്രജ്ഞർക്കു നേരത്തെ അറിയാവുന്ന കാര്യമാണ്. വാൻഗാഡ് കൂടാതെയുള്ള ബെന്നറ്റ് കേവ്, ഗോർഹാം കേവ്, ഹയേന കേവ് എന്നീ മൂന്നു ഗുഹകളിലും നിയാണ്ടർത്താലുകളുടെ അവശേഷിപ്പുകൾ അന്നു കണ്ടെത്തിയിരുന്നു. തീരെ ബുദ്ധിയില്ലാത്ത, ആൾക്കുരങ്ങുകളെപ്പോലെ പെരുമാറുന്ന മനുഷ്യവംശമെന്നാണ് പലരും നിയാണ്ടർത്താലുകളെ കരുതിയിരിക്കുന്നത്. എന്നാൽ കടലിൽ മത്സ്യബന്ധനം നടത്താനും കക്കകളെയും ഞണ്ടുകളെയും പോലുള്ള കട്ടിപ്പുറന്തോടുള്ള ജീവികളെ കൊന്നുഭക്ഷിക്കാനും അറിയാവുന്ന അവർ ബുദ്ധിയുള്ളവരായിരിക്കാം എന്നാണ് ഇപ്പോൾ പല ശാസ്ത്രജ്ഞരും വാദിക്കുന്നത്.