1967ലെ അറബ്– ഇസ്രയേൽ യുദ്ധം; സൂയസ് കനാലിൽ 14 കപ്പലുകൾ കുടുങ്ങിയത് 8 വർഷം
Mail This Article
പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധം നടക്കുകയാണ്. 1967ൽ ഇസ്രയേലും അറബ് രാജ്യങ്ങളുമായി 6 ദിന യുദ്ധം നടന്നിരുന്നു. 2 വർഷം മുൻപ് സൂയസ് കനാലിനു കുറുകെ എവർ ഗിവൺ എന്ന കപ്പൽ മണ്ണിലുറച്ചതും തുടർന്ന് അതുവഴിയുള്ള കപ്പൽഗതാഗതം സ്തംഭിച്ചതും വാർത്തയായിരുന്നല്ലോ. ആറുദിന യുദ്ധ സമയത്തും സൂയസ് കനാലിൽ കപ്പലുകൾ കുടുങ്ങിയിരുന്നു. 14 കപ്പലുകൾ എട്ടു വർഷമാണ് അവിടെപ്പെട്ടുപോയത്. ഈ കപ്പൽസംഘം പിൽക്കാലത്ത് യെലോ ഫ്‌ളീറ്റ് എന്നറിയപ്പെട്ടു.
ഫ്രഞ്ച് നയതന്ത്രജ്ഞനായ ഫെർഡിനൻഡ് ഡി ലെസെപ്‌സിന്റെ നേതൃത്വത്തിൽ പണികഴിപ്പിച്ച സൂയസ് കനാൽ 1869 ലാണു തുറന്നത്. മെഡിറ്ററേനിയൻ കടലിൽനിന്ന് ഇന്ത്യൻ മഹാസമുദ്രത്തിലേക്കുള്ള ഒരു മനുഷ്യനിർമിത കവാടമായിരുന്നു സൂയസ് കനാൽ. അതിനു മുൻപ് യൂറോപ്പിൽ നിന്നുള്ള കപ്പലുകൾക്ക് ഏഷ്യയിലെത്താൻ ആഫ്രിക്ക ചുറ്റണമായിരുന്നു. ഈ കനാൽ വന്നതോടെ അതിന് അവസാനമായി. 120 മൈൽ നീളമുള്ള ഈ കനാലിൽ കൂടി പെട്ടെന്ന് ഏഷ്യയിലെത്താമായിരുന്നു. ഇതോടെ വലിയ നയതന്ത്രമൂല്യമുള്ള മേഖലയായി സൂയസ് മാറി. അന്ന് ഈജിപ്തിൽ ബ്രിട്ടന്റെ സാന്നിധ്യമുണ്ടായിരുന്നു. 1936 മുതൽ കനാലിന്റെ നിയന്ത്രണം ബ്രിട്ടനാണു കയ്യാളിയിരുന്നതും. എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ബ്രിട്ടൻ ഇവിടം വിട്ടുപോകണമെന്ന ആവശ്യം ശക്തമായി. 1956 ജൂലൈയിൽ ഈജിപ്ഷ്യൻ ഭരണാധികാരി ഗമാൽ അബ്ദgൽ നാസർ കനാലിനെ ദേശീയവത്കരിച്ചു.
ഇതോടെ പ്രശ്‌നങ്ങൾ തുടങ്ങി. ബ്രിട്ടൻ, ഫ്രാൻസ്, ഇസ്രയേൽ എന്നീ രാജ്യങ്ങൾ ഈജിപ്തിനെതിരെ തിരിഞ്ഞു. യുഎസും സോവിയറ്റ് യൂണിയനുമായുള്ള ശീതയുദ്ധം കനത്ത കാലമായിരുന്നു അത്. സോവിയറ്റ് യൂണിയൻ ഈജിപ്തിനു പിന്തുണയുമായെത്തി. പിൻമാറിയില്ലെങ്കിൽ ബ്രിട്ടനും ഫ്രാൻസിനും ഇസ്രയേലിനുമെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് ഭീഷണിപ്പെടുത്തി. ഇതു ഫലിച്ചു.
ഈജിപ്തിന്റെ ഏഷ്യയിലുള്ള മേഖലയായ സിനായ്, ഇസ്രയേലുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ്. ഈ മേഖലയ്ക്കും ഇസ്രയേലിനും ഇടയിൽ അഖാബ എന്ന ഉൾക്കടൽ സ്ഥിതി ചെയ്യുന്നു. തെക്കൻ ഇസ്രയേലിലെ പ്രധാന തുറമുഖ നഗരമായ എയ്‌ലാത്ത് ഈ ഉൾക്കടൽ തീരത്താണ്. ഉൾക്കടലിലേക്കുള്ള പ്രവേശം തിരാൻ കടലിടുക്ക് വഴിയാണ്. 1967 ജൂണിൽ ആറുദിന യുദ്ധം നടക്കുന്നതിനു മുൻപ് തിരാൻ കടലിടുക്ക് ഈജിപ്ത് തടസ്സപ്പെടുത്തി. സൂയസ് കനാലിനു സമീപം നിലകൊണ്ട യുഎൻ സഖ്യസേനയെ പുറത്താക്കുകയും ചെയ്തു നാസർ. തുടർന്ന് ഇസ്രയേലും ഈജിപ്ത്, ജോർദൻ, സിറിയ എന്നീ രാജ്യങ്ങളും തമ്മിൽ ആറുദിന യുദ്ധം നടന്നു. യുദ്ധത്തിൽ ഇസ്രയേൽ സിനായ് മേഖല അധീനതയിലാക്കി. സൂയസ് കനാലിന്റെ പടിഞ്ഞാറെ കരയിൽ ഈജിപ്ത് സൈന്യവും കിഴക്കേ കരയിൽ ഇസ്രയേൽ സൈന്യവും നിലയുറപ്പിച്ചു. യുദ്ധത്തിന്റെ ഭാഗമായി സൂയസ് കനാലിലൂടെയുള്ള കപ്പൽഗതാഗതം ഈജിപ്ത് പൂർണമായും വിലക്കി. ഇതിനായി ഏഴരലക്ഷത്തോളം സ്‌ഫോടകവസ്തുക്കളും പഴയ കപ്പലുകളും മറ്റു സാമഗ്രികളുമിറക്കി ഈജിപ്ത് കനാലിലെ ഗതാഗതം തടഞ്ഞു.
ഈ സംഭവങ്ങൾ നടക്കുമ്പോൾ കനാലിൽ കൂടി യാത്ര ചെയ്യുകയായിരുന്ന 14 കപ്പലുകളാണ് വർഷങ്ങളോളം അവിടെ കുടുങ്ങിയത്. ബൾഗേറിയ, ചെക്കോസ്ലോവാക്യ, ഫ്രാൻസ്, പോളണ്ട്, സ്വീഡൻ, പശ്ചിമ ജർമനി, ബ്രിട്ടൻ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള കപ്പലുകളായിരുന്നു ഇവ. കനാൽ അടച്ചതിനാൽ മെഡിറ്ററേനിയൻ കടലിലേക്കു തിരികെ പോകാനോ ഇന്ത്യൻ മഹാസമുദ്രത്തിലേക്കു പ്രവേശിക്കാനോ കഴിയാതെ ഈ കപ്പലുകൾ സൂയസ് കനാലിന്റെ ഭാഗമായുള്ള ഗ്രേറ്റ് ബിറ്റർ ലേക്ക് എന്ന മേഖലയിൽ കുടുങ്ങി. കപ്പലിലെ യാത്രികർക്കു തിരികെ നാട്ടിലേക്കു പോകാനുള്ള അനുമതി ഈജിപ്ത് നൽകിയെങ്കിലും കപ്പൽ കമ്പനികൾ അതനുവദിച്ചില്ല.
ആദ്യത്തെ കുറച്ചു മാസങ്ങൾ ഇങ്ങനെ കടന്നു പോയി. നാവികരുടെ പ്രതീക്ഷ അസ്തമിച്ചു. ആയിടയ്ക്ക് ഇസ്രയേലും ഈജിപ്തും തമ്മിൽ വാർ ഓഫ് അട്രീഷൻ എന്ന പേരിൽ മൂന്നു വർഷത്തോളം നീണ്ട വെടിവയ്പ്പുകളും സംഘർഷങ്ങളും ഉടലെടുത്തു. തങ്ങളുടെ തലയ്ക്കു മുകളിലൂടെ റോക്കറ്റുകളും ഷെല്ലുകളും ഇരുഭാഗത്തേക്കും പോകുന്നത് ഞെട്ടലോടെ നാവികർ കണ്ടു. പിന്നീട് അതവർക്കൊരു സാധാരണ കാഴ്ചയായി. ഇതോടെ നാവികർ ഒരു കൂട്ടായ്മയ്ക്കു തുടക്കമിട്ടു– ഗ്രേറ്റ് ബിറ്റർ ലേക്ക് അസോസിയേഷൻ. ഒരു ചെറിയ രാജ്യം പോലെ അവർ ഇവിടെ പ്രവർത്തിച്ചു. പോളണ്ടിൽ നിന്നുള്ള കപ്പലിൽ ഒരു പോസ്റ്റ് ഓഫിസ്, ജർമനിയിൽ നിന്നുള്ള കപ്പലിൽ ആശുപത്രി. മറ്റൊരു കപ്പൽ സിനിമാ തിയറ്ററായി, വേറൊന്ന് ആരാധനാലയവും. പല ദേശങ്ങളിൽ നിന്നുള്ള, പല ഭാഷകൾ സംസാരിക്കുന്ന നാവികർ തമ്മിൽ ശക്തമായ ബന്ധവും ഉടലെടുത്തു.
തങ്ങളുടെ കുഞ്ഞുരാജ്യത്തിന്റെ പേരിൽ തപാൽ സ്റ്റാംപുകൾ വരെ അവർ ഇറക്കി. ആയിടയ്ക്ക് 1968 ൽ മെക്‌സിക്കോയിൽ ഒളിംപിക്‌സ് നടന്നു. അതിനെ അനുകരിച്ച് ഗ്രേറ്റ് ബിറ്റർ ലേക്ക് അസോസിയേഷനും തങ്ങളുടെ ഒളിംപിക്‌സ് നടത്തി. ഇതിനിടെ കപ്പൽ കമ്പനികൾ റൊട്ടേഷൻ പോളിസി നടപ്പാക്കി. ഇടയ്ക്കിടെ കപ്പലുകളിലെ ജോലിക്കാരെ മാറ്റി വീട്ടിലയച്ച് പകരം പുതിയവരെ എത്തിച്ചു. 1975 വരെ ഈ സ്ഥിതി തുടർന്നു. ആ വർഷം ഈജിപ്തും ഇസ്രയേലും തമ്മിൽ നടപ്പിലാക്കിയ വെടിനിർത്തൽ കരാറിന്റെ ഭാഗമായി സൂയസ് കനാൽ തുറന്നു. കപ്പലുകൾ യാത്രയ്ക്കു തയാറെടുത്തു. എന്നാൽ പതിനാലിൽ രണ്ടു ജർമൻ കപ്പലുകൾ മാത്രമാണു സ്റ്റാർട്ടായത്. ബാക്കിയുള്ളവയെ കെട്ടിവലിച്ച് കൊണ്ടുപോകേണ്ടി വന്നു.