ADVERTISEMENT

നവംബർ ഒന്ന് ലോക സിനിമാപ്രേമികൾക്ക് മറക്കാനൊക്കാത്ത തീയതിയാണ്. അന്നേദിനമാണ് ലോക സിനിമയിലെ മാസ്റ്റർപീസുകളിലൊന്നായ ടൈറ്റാനിക് റീലീസ് ചെയ്തത്. 26 വർഷങ്ങൾക്ക് മുൻപ്. ടൈറ്റാനിക് എന്ന യഥാർഥ കപ്പലിന്റെ കഥയും പിന്നീട് ലോകത്തിന്റെ മുക്കിലും മൂലയിലും പ്രശസ്തമായി. ഒട്ടേറെ ആഘോഷങ്ങളോടെയാണ് വൈറ്റ് സ്റ്റാർ ലൈൻ എന്ന കപ്പൽ കമ്പനി ടൈറ്റാനിക്കിനെ നിർമിച്ച് പുറത്തിറക്കിയത്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ആഢംബരക്കപ്പൽ എന്നു വിശേഷിപ്പിക്കപ്പെട്ട ടൈറ്റാനിക്ക് ഒരിക്കലും തകരില്ലെന്നും കമ്പനി പ്രഖ്യാപിച്ചിരുന്നു. കപ്പൽ ഗതാഗതത്തിൽ തങ്ങളുടെ പ്രതിയോഗികളായ കുനാർഡ് എന്ന കമ്പനിയുടെ വൻകിട കപ്പലുകളോട് കിടപിടിക്കാൻ ലക്ഷ്യമിട്ടാണ് വൈറ്റ് സ്റ്റാർ ലൈൻ ടൈറ്റാനിക്ക് നിർമിച്ചത്.

വടക്കൻ അമേരിക്കയുടെയും യൂറോപ്പിന്റെയും വലിയ ശ്രദ്ധ നേടിയ ടൈറ്റാനിക്കിനെ പറ്റിയുള്ള വാർത്തകൾ  അന്നത്തെ കാലത്തെ പത്രമാധ്യമങ്ങളുടെ ഒന്നാം പേജിൽ ഇടതടവില്ലാതെ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. മൂന്നു വർഷത്തോളം ഇടവേളകളില്ലാതെയുള്ള നിർമാണത്തിലൂടെയാണ് ടൈറ്റാനിക്ക് യാഥാർഥ്യമായത്. മേയ് 31നു അയർലൻഡിലെ ബെൽഫാസ്റ്റിൽ നടന്ന ടൈറ്റാനിക്കിന്റെ ‘നീറ്റിലിറക്കൽ’ ചടങ്ങു കാണാനായി ഒരു ലക്ഷത്തോളം ആളുകളാണ് തടിച്ചുകൂടിയത്.ഒടുവിൽ ലോകം കാത്തിരുന്ന ആ നിമിഷം താമസിയാതെ തന്നെ സമാഗമമായി.1912 ഏപ്രിൽ പത്തിനു ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നിന്ന് 2240 യാത്രക്കാരുമായി ടൈറ്റാനിക് കന്നിയാത്ര തുടങ്ങി. അറ്റ്ലാന്റിക് സമുദ്രത്തിലൂടെ മുന്നോട്ടു നീങ്ങിയ കപ്പലിന്റെ ലക്ഷ്യം അമേരിക്കൻ നഗരമായ ന്യൂയോർക്കായിരുന്നു.

എന്നാൽ വിധിയുടെ തീരുമാനം മറ്റൊന്നായിരുന്നു. ഒരു ഭീമൻ മഞ്ഞുമല വടക്കൻ അറ്റ്ലാന്റിക്കിൽ കിടപ്പുണ്ടായിരുന്നു. ദുരന്തം തുടങ്ങുന്നതിനു മുൻപ് കപ്പലിലെ ഉദ്യോഗസ്ഥർ ഇതു കാണുകയും കപ്പലിന്റെ ഗതിമാറ്റാൻ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ അതൊന്നും ഫലപ്രദമായില്ല. കപ്പൽ മഞ്ഞുമലയിലിടിച്ചു.അന്നത്തെ സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ കൊടിയടയാളമായ ടൈറ്റാനിക്ക് താമസിയാതെ തന്നെ സമുദ്രത്തിന്റെ ആഴങ്ങളിലേക്കു മുങ്ങിപ്പോയി. ആയിരത്തഞ്ഞൂറിലധികം ആളുകൾ ദുരന്തത്തിൽ മരിച്ചു.

ടൈറ്റാനിക് ദുരന്തം കഴിഞ്ഞ് പിറ്റേന്ന് സംഭവ സ്ഥലത്തുകൂടി യാത്ര ചെയ്ത ജർമൻ കപ്പലായ പ്രിൻസ് ആഡല്‍ബർട്ടിലെ നാവികർ, ലോകത്തെ ഞെട്ടിച്ച ഏറ്റവും കുപ്രസിദ്ധമായ ആ മഞ്ഞുമലയുടെ ചിത്രമെടുത്തു.ടൈറ്റാനിക് മഞ്ഞുമലയുമായി ഇടിച്ചിടത്ത് ചുവന്ന പെയിന്റ് അപ്പോഴും പറ്റിയിരുപ്പുണ്ടായിരുന്നു..ആ മഹാദുരന്തത്തിന്റെ അവശേഷിപ്പു പോലെ.പിന്നീട് ദുരന്തത്തിൽ മരിച്ചവരുടെ ശവശരീരങ്ങൾ വീണ്ടെടുക്കാനായി അയച്ച മിനിയ എന്ന കപ്പലിലെ ക്യാപ്റ്റനായ ഡി കാർട്ടറ്റും മഞ്ഞുമലയുടെ ചിത്രമെടുത്തു.

ഒരു ലക്ഷത്തിൽ പരം വർഷങ്ങൾ പഴക്കമുള്ളതായിരുന്നു ഈ മഞ്ഞുമലയെന്നു ഗവേഷകർ പറയുന്നു. മഞ്ഞുമൂടിയ ദ്വീപായ ഗ്രീൻലന്‍ഡിന്റെ പടിഞ്ഞാറൻ തീരത്തു സ്ഥിതി ചെയ്തിരുന്ന ഈ മഞ്ഞുമല ടൈറ്റാനിക് ദുരന്തം നടക്കുന്നതിന് 4 വർഷം മുൻപ് പൊട്ടിമാറി ആർക്ടിക് സമുദ്രത്തിൽ ഒഴുകി നടക്കുകയായിരുന്നു.

English Summary:

 The tragic tale of the Titanic's maiden voyage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com