ADVERTISEMENT

യുഎസിലെ ഒഹായോവിലെ സ്പ്രിങ്ഫീൽഡിലുള്ള ക്ലാർക്ക് കൗണ്ടി ഹിസ്റ്റോറിക്കൽ സൊസൈറ്റിയുടെ കൈവശമുള്ള പ്രശസ്തമായ മമ്മിരൂപമായ മെർമെയ്ഡ് മമ്മിയിൽ എക്സ്റേ, സിടി സ്‌കാനുകൾ നടത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. 29 സെന്റിമീറ്റർ നീളമുള്ള ഈ മമ്മിക്ക് ഫിജി മെർമെയ്ഡ് എന്നായിരുന്നു പേര്. ഇതിനു ഫിജിയുമായി ബന്ധമൊന്നുമില്ല. പക്ഷേ ഇതുപോലൊരു വസ്തു അതിനു മുൻപ് പി.ടി.ബാർണം എന്ന പ്രദർശനക്കാരൻ ഫിജിയിൽ നിന്നു വാങ്ങി എത്തിച്ചിരുന്നു. അങ്ങനെയാണ് ഫിജി മെർമെയ്ഡ് എന്ന പേര് ഇതിനു വന്നുചേർന്നത്. 

ഈ മമ്മി വിവിധ ജീവികളുടെ ശരീരഭാഗങ്ങൾ കൂട്ടിച്ചേർത്തുണ്ടാക്കിയതാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. കുരങ്ങിന്റെ തലയും മീനിന്റെ ഉടലും കൊമോഡോ ഡ്രാഗണിന്റെ കൈവിരലുകളുമാണ് ഇതിന്.

-യഥാർഥ ഫിജി മെർമെയ്ഡ് 
മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നായിരുന്നു ഫിജി മെർമെയ്ഡ്. മത്സ്യബന്ധനക്കാരോ അല്ലെങ്കിൽ മറ്റേതെങ്കിലും ആദിമസമൂഹങ്ങളോ ഒരു തമാശപോലെ സൃഷ്ടിച്ച ഈ മെർമെയ്ഡ് പിന്നീട് പല കൈമറിഞ്ഞു. ഒറാങ്ങൂട്ടാന്റേയും ഒരു വലിയ മത്സ്യത്തിന്റേയും ശരീരഭാഗങ്ങൾ കൂട്ടിച്ചേർത്താണ് ഈ തട്ടിപ്പുമമ്മി സൃഷ്ടിക്കപ്പെട്ടത്. 1810ൽ തദ്ദേശീയരായ ആളുകളിൽ നിന്ന് ഏതോ ഡച്ച് വ്യാപാരി ഫിജി മെർമെയ്ഡ് സ്വന്തമാക്കി. വളരെ കമനീയമായി സൃഷ്ടിച്ചതിനാൽ ഇവയുടെ ആകർഷകത്വം ഒന്നു വേറെ തന്നെയായിരുന്നു.

പിന്നീട് ഇംഗ്ലണ്ടിലേക്ക് ഈ മമ്മിയെത്തി. തന്‌റെ കപ്പൽ വിറ്റാണ് സാമുവൽ ഈഡ്‌സ് എന്ന നാവികൻ ഈ മമ്മിയെ സ്വന്തമാക്കിയത്. പിന്നീട് ഈഡ്‌സ് ബ്രിട്ടനിലെത്തി ഈ മമ്മിയുമായി പ്രദർശനങ്ങൾ തുടങ്ങി. ആദ്യസമയത്ത് പ്രദർശനങ്ങൾ വിജയമായിരുന്നെങ്കിലും പിന്നീട് ആളുകയറാതായി.

1842ൽ മമ്മി യുഎസിലെത്തി. പി.ടി.ബാർണം എന്ന പ്രശസ്ത പ്രദർശന വ്യവസായി ഈ മെർമെയ്ഡിനെ വാങ്ങിച്ചു. ബാർണത്തിന്റെ ബിസിനസ്സിൽ വലിയ നേട്ടം ഫിജി മെർമെയ്ഡ് നേടിക്കൊടുത്തു. 

കൂടെ വിവാദങ്ങളുമുടലെടുത്തു. അക്കാലത്ത് പ്ലാറ്റിപ്പസ് പോലുള്ള ധാരാളം വിചിത്രജീവികളെ കണ്ടെത്തിയ കാലമായതിനാൽ ബാർണത്തിന്‌റെ പ്രദർശനശാലയിലേക്കു മെർമെയ്ഡിനെക്കാണാൻ ആളുകൾ ഇരച്ചെത്തി. പിൽക്കാലത്ത് ഈ ദുരൂഹമമ്മി തീപിടിത്തത്തിൽ നഷ്ടപ്പെട്ടെന്നും അതല്ല ആരോ രക്ഷിച്ചെന്നുമൊക്കെ വാദങ്ങളുണ്ട്. എന്നാൽ ഫിജി മെർമെയ്ഡിനെക്കുറിച്ച് പിന്നൊരു വിവരവും ലഭ്യമല്ല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com