കോലുമിഠായിയുടെ വലുപ്പത്തിൽ ഒരു കുഞ്ഞൻ നായ; കൗതുകമുണർത്തി പേൾ
Mail This Article
കുട്ടികളിൽ എന്നും കൗതുകമുണർത്തുന്ന ജീവികളാണ് നായ്ക്കൾ. വലുപ്പം, ആകാരഭംഗി, സ്വഭാവം തുടങ്ങി വിവിധങ്ങളായ സവിശേഷതകൾ കൊണ്ട് ആളുകൾ നായ്കകളെ ഇഷ്ടപ്പെടുന്നു. കൂട്ടത്തിൽ വലുപ്പം കൊണ്ട് ശ്രദ്ധേയമായ ഒരിനം നായയാണ് ഷിവാവ. ലോകത്തിലെ ഏറ്റവും ചെറിയ നായ വിഭാഗത്തിൽപെട്ട ഷിവാവയുടെ ഇനത്തിലെ ഇത്തിരിക്കുഞ്ഞൻ പേൾ ആണ് ഇപ്പോൾ ലോക ശ്രദ്ധ നേടിയിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും ചെറിയ നായ എന്ന ഗിന്നസ് റെക്കോർഡ് ആണ് രണ്ട് വയസ് പ്രായമുള്ള പെൺ ഷിവാവയെ തേടി എത്തിയിരിക്കുന്നത്. ഏറ്റവും ഉയരം കുറഞ്ഞ നായയായി ഗിന്നസ് വേൾഡ് റെക്കോർഡ് അവളെ അംഗീകരിച്ചു. 2020 സെപ്റ്റംബർ 1-ന് യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലാണ് പേൾ ജനിച്ചത്. 9.14 സെന്റിമീറ്റർ ആണ് പേളിന്റെ ഉയരം. അതായത് ഒരു കോലുമിട്ടായിയുടെ കോലിന്റെ ഉയരമേയുള്ളൂ ഈ സുന്ദരിക്ക്.
ഒരു മൊബൈൽ ഫോണിന്റെ ഉയരത്തോടും ഒരു കറൻസിയുടെ വലുപ്പത്തോടുമെല്ലാം താരതമ്യപ്പെടുത്താം ഈ കുഞ്ഞൻ നായയെ. പേൾ ഈ നേട്ടം കൈവരിക്കുന്നതിന് മുൻപ് മിറക്കിൾ മില്ലി എന്ന നായക്ക് ആയിരുന്നു ലോകത്തിലെ ഏറ്റവും ചെറിയ നായ എന്ന റെക്കോർഡ്. ഇപ്പോൾ റെക്കോർഡ് ഇട്ടിരിക്കുന്ന പേൾ ആകട്ടെ മിലിയുടെ ബന്ധുവുമാണ്. മില്ലിയുടെ സഹോദരിമാരിൽ ഒരാളുടെ മകളാണ് പേൾ.
വനേസ സെംലർ എന്ന വ്യക്തിയാണ് പേളിന്റെ ഉടമ. പേളിനെ ജീവന് തുല്യമാണ് വനേസ സെംലർ സ്നേഹിക്കുന്നത്. ചിക്കൻ, സാൽമൺ തുടങ്ങിയ വിഭവങ്ങളോടാണ് പേളിനു പ്രിയം. ചങ്ങാത്തം കൂടാനും കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കാനും ഇഷ്ടമുള്ള നായ വിഭാഗമാണ് ഷിവാവ. പേൾ സമാന സ്വഭാവക്കാരിയാണ്.