ലോകത്ത് ഏറ്റവും അപകടകരം, ഭയത്തിന്റെ തുരങ്കം: കാത്തിരിക്കുന്നത് വൻകുഴികളും ദുർഘട പാതയും
Mail This Article
ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ തുരങ്കനിർമാണത്തിനിടെ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമത്തെപ്പറ്റിയുള്ള വാർത്ത അറിഞ്ഞിരിക്കുമല്ലോ. ലോകത്തെ ഏറ്റവും അപകടകരമായ 2 തുരങ്കങ്ങൾ പരിചയപ്പെട്ടാലോ? തജിക്കിസ്ഥാനിലെ പ്രധാനനഗരങ്ങളെ ബന്ധിപ്പിക്കാനായാണ് അൻസോബ് തുരങ്കം പണിതത്. ഈ ടണൽ പണിയുന്നതിനു മുൻപ് തജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷൻബേയും രണ്ടാമത്തെ പ്രമുഖനഗരമായ ഖുജാൻഡും തമ്മിലുള്ള ഗതാഗതം ശ്രമകരമായ ഒന്നായിരുന്നു. അയൽ രാജ്യമായ ഉസ്ബെക്കിസ്ഥാനിലെ അത്ര സുഗമമല്ലാത്ത റോഡിലൂടെയായിരുന്നു ഡ്രൈവർമാരുടെ സഞ്ചാരം. വർഷത്തിൽ പലപ്പോഴുമുണ്ടാകുന്ന മഞ്ഞിടിച്ചിലും ദുർഘടമായ ഒന്നായി മാറി. ആളുകൾ റോഡ് ഉപേക്ഷിച്ച് വിമാനമാർഗമായിരുന്നു ഖുജാൻഡിലേക്കു സഞ്ചരിച്ചിരുന്നത്. ഇങ്ങനെയാണ് അൻസോബ് തുരങ്കം എത്തിയത്. 400 കോടി യുഎസ് ഡോളറിലാണ് 5 കിലോമീറ്റർ ദൂരമുള്ള ഈ ടണൽ പണികഴിപ്പിച്ചത്. 2006ൽ ഔദ്യോഗികമായി തുറന്നെങ്കിലും ഉപയോഗ യോഗ്യമായിരുന്നില്ല.
പിന്നീട് തുരങ്കം തുറന്നു. ഇരുട്ടുമൂടിയ നിലയിലുള്ള ഈ തുരങ്കത്തിൽ മതിയായ പ്രകാശസംവിധാനങ്ങളില്ല. വായുഗമന സംവിധാനങ്ങളും കുറവ്. ഇതിനുള്ളിൽ ട്രാഫിക് ബ്ലോക്കിൽപെട്ട് ചില യാത്രികർ കാർബൺ മോണോക്സൈഡ് ശ്വസിക്കാനിടയാകുകയും ആരോഗ്യപ്രശ്നങ്ങൾ ഉടലെടുത്തതായും തദ്ദേശീയർ പരാതി പറഞ്ഞിരുന്നു. ഭയത്തിന്റെ തുരങ്കം എന്ന് ഈ ടണിലിനു വിളിപ്പേര് വന്നത് ഈ രീതിയിലാണ്. ഈ തുരങ്കത്തിൽ വലിയ ഗർത്തങ്ങളും കുഴികളുമുണ്ടെന്നും ഇതു വാഹനങ്ങൾക്ക് അപകടാവസ്ഥ സൃഷ്ടിക്കുന്നെന്നും ഡ്രൈവർമാർ ആരോപിച്ചിരുന്നു.
അൻസോബ് പോലെയുള്ള ദുഷ്കരമായ മറ്റൊരു തുരങ്കമാണ് അഫ്ഗാനിസ്ഥാനിലെ സലാങ് ടണൽ. ഭൗമനിരപ്പിൽ നിന്നു 3400 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ടണൽ ഹിന്ദുകുഷ് പർവതനിരകളിലാണുള്ളത്. 2.67 കിലോമീറ്റർ നീളമുള്ള ഈ ടണൽ സോവിയറ്റ് യൂണിയനാണു നിർമിച്ചത്. 1964ൽ നിർമാണം പൂർത്തിയാക്കി. അക്കാലത്ത് ലോകത്തിലെ ഏറ്റവും പൊക്കമുള്ള റോഡ് ടണലായിരുന്നു സലാങ്. അഫ്ഗാൻ തലസ്ഥാനനഗരമായ കാബൂളിനെ വടക്കൻ പ്രവിശ്യകളിലേക്കു ബന്ധിപ്പിക്കുന്നതാണ് സലാങ്.
ആയിരം മുതൽ രണ്ടായിരം വാഹനങ്ങൾ പ്രതിദിനം കടന്നുപോകാവുന്ന ശേഷിയിൽ നിർമിച്ച ഈ ടണലിലൂടെ ഇപ്പോൾ പോകുന്നത് പതിനായിരത്തോളം വാഹനങ്ങളാണ്. വായുഗമന പ്രകാശ സംവിധാനങ്ങളുടെ അപര്യാപ്തതയും പൊടിപറക്കുന്ന അന്തരീക്ഷവുമെല്ലാം ഈ ടണലിലൂടെയുള്ള യാത്ര ദുഷ്കരമാക്കുന്നു. ധാരാളം അപകടങ്ങളും ഈ ടണലിൽ നടന്നിട്ടുണ്ട്.