ലോകത്തെ ഏറ്റവും നീളമുള്ള ബസ്! കയറുന്നത് 350 യാത്രക്കാർ
Mail This Article
റോഡിലോടുന്ന ട്രെയിനുകൾ പോലെ തോന്നും ചില ബസുകൾ കണ്ടാൽ. ആർട്ടിക്കുലേറ്റഡ‍് ബസുകൾ എന്നറിയപ്പെടുന്ന ഇത്തരംബസുകൾ പല കംപാർട്മെന്റുകൾ കൂട്ടിച്ചേർത്താണു നിർമിക്കുക. ഇത്തരത്തിലുള്ള ബസുകളിൽ വളരെ പ്രശസ്തമാണ് ചൈനയിലെ യങ്മാൻ. 300 യാത്രക്കാർക്ക് വരെ സഞ്ചരിക്കാവുന്ന ഈ ബസ് ചൈനീസ് തലസ്ഥാനം ബെയ്ജിങ്ങിനും ഹാങ്ചു നഗരത്തിനുമിടയ്ക്കാണ് സഞ്ചരിക്കുന്നത്.
ഗിന്നസ് ലോകറെക്കോർഡ് പ്രകാരം ലോകത്തെ ഏറ്റവും നീളമുള്ള ബസ് ഓടുന്നത് ആഫ്രിക്കയിലാണ്. ഇവിടെയുള്ള കോംഗോ എന്ന രാജ്യത്ത്. 34 വർഷം പഴക്കമുള്ള ഈ ബസിന്റെ പേര് ഡിഎഎഫ് സൂപ്പർ സിറ്റിട്രെയിൻ എന്നാണ്. 32.2 മീറ്റർ നീളമുള്ള ഈ ബസിന് 350 യാത്രക്കാരെ വഹിക്കാം. എന്നാൽ ലോകത്തിലെ ഏറ്റവും നീളമുണ്ടായിരുന്ന ബസ് സർവീസ് ഏതായിരുന്നെന്ന് അറിയുമോ? അത് ബ്രിട്ടന്റെ തലസ്ഥാനം ലണ്ടനിൽ നിന്ന് ഇന്ത്യയിലെ കൊൽക്കത്ത വരെയുള്ള റൂട്ടിലോടിയ ബസുകളായിരുന്നു.
1957ൽ ആണ് ഈ ബസ്‌സർവീസുകൾ തുടങ്ങിയത്.ലണ്ടനിലെ ഗാരോ ഫിഷർ ടൂർസ് എന്ന കമ്പനിയുടെ ഇന്ത്യമാൻ എന്ന ബസായിരുന്നു ഇക്കൂട്ടത്തിൽ ആദ്യത്തേത്. ലണ്ടനിലെ വിക്ടോറിയ കോച്ച് സ്റ്റേഷനിൽ നിന്ന് 1957 ഏപ്രിൽ 15ന് പുറപ്പെട്ട ബസ് കൽക്കട്ടയിലെത്തി തിരിച്ച് ഓഗസ്റ്റ് രണ്ടിന് ലണ്ടനിലെത്തി. ഇംഗ്ലണ്ടിൽ നിന്നു ബൽജിയം, പിന്നീട് ജർമനി, ഓസ്ട്രിയ, യൂഗോസ്ലാവ്യ(ഈ രാജ്യം ഇപ്പോഴില്ല),ബൾഗേറിയ, തുർക്കി, ഇറാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ പിന്നിട്ട് വടക്കുപടിഞ്ഞാറൻ അതിർത്തിയിലൂടെ ഇന്ത്യയിൽ പ്രവേശിച്ച് ഡൽഹി, ആഗ്ര, അലഹബാദ്, വാരാണസി നഗരങ്ങളിൽ കൂടി കടന്നുപോയിട്ടാണ് കൊൽക്കത്തയിൽ ഈ ബസ് എത്തിയിരുന്നത്.
പലവിധ പ്രശ്നങ്ങൾ ഈ ബസ്‌യാത്രയ്ക്ക് നേരിടേണ്ടിവന്നു. ഇറാനിലെ മണലിൽ ബസിന്റെ ചക്രങ്ങൾ പുതഞ്ഞതും കടുത്ത പകർച്ചപ്പനി കാരണം പാക്കിസ്ഥാൻ ഇറാനുമായുള്ള അതിർത്തി അടച്ചതുമെല്ലാം പ്രതിസന്ധി സൃഷ്ടിച്ചു. 85 പൗണ്ടായിരുന്നു ലണ്ടൻ മുതൽ കൊൽക്കത്ത വരെ പോകാനുള്ള ടിക്കറ്റ് വില .ഭക്ഷണം, യാത്ര, താമസ ചെലവുകൾ ഉൾപ്പെടെയായിരുന്നു ഈ തുക. ഒറ്റ ദിശയിലുള്ള യാത്രയിൽ 16,100 കിലോമീറ്റർ ദൂരമാണ് ബസ് താണ്ടിയത്.
1968 മുതൽ ആൽബർട്ട് എന്ന മറ്റൊരു ബസ് സർവീസും ആരംഭിച്ചു. ഡബിൾഡക്കർ ബസായിരുന്നു ഇത്. ബ്രിട്ടനിലെ ആൽബർട്ട് ട്രാവൽ എന്ന യാത്രാക്കമ്പനിയായിരുന്നു ഈ ബസിന്റെ ഉടമസ്ഥർ. അന്നത്തെക്കാലത്തെ ബസ്സുകളെ വച്ച് മികച്ച സൗകര്യങ്ങളാണ് ബസ്സിലുണ്ടായിരുന്നത്. എല്ലാ യാത്രികർക്കും പ്രത്യേക ക്യാബിനുകൾ കിടക്കാനായി ഉണ്ടായിരുന്നു. എല്ലാ സൗകര്യങ്ങളുമുള്ള അടുക്കള, തീൻമേശ എന്നിവയും ബസ്സിലുണ്ടായിരുന്നു. പാർട്ടികൾ നടത്താനായുള്ള ശബ്ദ, ദൃശ്യ സൗകര്യങ്ങളും ഇതിലുണ്ടായിരുന്നു. 1976ൽ ലണ്ടനിൽ നിന്നു കൊൽക്കത്തയിലേക്കുള്ള ഈ അതിദീർഘദൂര ബസ് സർവീസുകളെല്ലാം അവസാനിച്ചു.