കിഡ്നാപ് ചെയ്തത് ‘ഒരു സിംഹത്തെ’! ചരിത്രത്തിലെ വമ്പൻ തട്ടിക്കൊണ്ടുപോകൽ: ഒടുവിൽ
Mail This Article
ചരിത്രത്തിലെ വളരെ പ്രശസ്തമായ ഒരു കിഡ്നാപ്പിങ്ങുണ്ട്. എന്നാൽ ആ കിഡ്നാപ്പിങ് നടത്തിയതോടെ മരണം ക്ഷണിച്ചുവരുത്തുകയായിരുന്നു കിഡ്നാപ്പ് ചെയ്തവർ. ആരെയായിരുന്നു അവർ കിഡ്നാപ് ചെയ്തതെന്നോ. വിഖ്യാത റോമൻ ജനറലും സൈനിക തന്ത്രജ്ഞനും ഭരണാധികാരിയുമായി പിൽക്കാലത്ത് മാറിയ സാക്ഷാൽ ജൂലിയസ് സീസറിനെ! 75 ബിസിയാണ് കാലം...
അക്കാലത്ത് 25 വയസ്സ് പ്രായമുണ്ടായിരുന്ന സീസർ ഈഗൻ കടലിലൂടെ യാത്ര ചെയ്യുകയായിരുന്നു. അന്ന് റോമിന്റെ അധികാരകേന്ദ്രങ്ങളുമായി വലിയ ബന്ധം പുലർത്താൻ തുടങ്ങിയിട്ടില്ല സീസർ. ഈ മേഖലയിൽ സിലിഷ്യൻ കൊള്ളക്കാർ എന്ന കടൽക്കൊള്ള സംഘത്തിന്റെ ശല്യം സാരമായുണ്ടായിരുന്നു. ഇവർ ജൂലിയസ് സീസറിനെ തട്ടിക്കൊണ്ടുപോയി. ഒരു ദ്വീപിലേക്കായിരുന്നു ആ പോക്ക്.
സീസറിന്റെ വിടുതലിനായി 629 കിലോയോളം വെള്ളിയാണ് ഇവർ ഉപാധിവച്ചത്. എന്നാൽ തനിക്കതിലും മൂല്യമുണ്ടെന്നും ഇപ്പോൾ ചോദിച്ചതിന്റെ ഇരട്ടിയിലധികം ചോദിക്കണമെന്നുമായിരുന്നു സീസർ പറഞ്ഞത്. ഏതായാലും 38 ദിവസങ്ങളുടെ പ്രവർത്തനത്തിൽ സീസറിന്റെ അനുയായികൾ കൊള്ളക്കാർക്ക് വലിയ അളവിൽ വെള്ളി എത്തിച്ചുകൊടുത്തു. ഇതിനിടെ കൊള്ളക്കാരുമായി സീസർ ചെറിയ ചങ്ങാത്തതിലായിരുന്നു. അദ്ദേഹം അവരുമായി കവിത ചൊല്ലുകയും വിവിധ കളികളിൽ ഭാഗഭാക്കാകുകയും ചെയ്തു.
വെള്ളി എത്തിയതോടെ കൊള്ളക്കാർ സീസറെ മോചിതനാക്കി. എന്നാൽ താൻ തിരിച്ചുവരുമെന്നും അവരെ പിടികൂടി കൊല്ലുമെന്നും സീസർ മൃദുസ്വരത്തിൽ ഭീഷണി പറഞ്ഞു. ഒരു തമാശയായി കണക്കാക്കിയ കൊള്ളക്കാർ അതത്ര കാര്യമായെടുത്തില്ല. എന്നാൽ പോയത് ജൂലിയസ് സീസറാണ്. അദ്ദേഹം ദ്വീപിനു വെളിയിൽ ഒരു ചെറിയ സൈന്യം രൂപീകരിച്ചു. ഈ സൈന്യവുമായി ദ്വീപിൽ തിരിച്ചെത്തിയ സീസർ കൊള്ളക്കാരെ കീഴ്പ്പെടുത്തി പിടികൂടി. തനിക്കായി അവർക്കു നൽകിയ മോചനദ്രവ്യവും അദ്ദേഹം വീണ്ടെടുത്തു. പിന്നീട് ഈ കൊള്ളക്കാരെ സീസർ വധിച്ചു. പിൽക്കാലത്ത് സീസർ റോമൻ സൈന്യത്തിന്റെ നായകനാകുകയും നിരവധി പ്രദേശങ്ങൾ പിടിച്ചടക്കുകയും ചെയ്തു. പിന്നീട് റോമിന്റെ ഏകാധിപതിയുമായി.