ലോകത്തെ ഏറ്റവും പഴക്കമുള്ള പിരമിഡ്; നിർമിച്ചത് മനുഷ്യരല്ല
Mail This Article
പിരമിഡ് എന്നു കേൾക്കുമ്പോൾ തന്നെ ഓർമ വരുന്നത് ഈജിപ്തിലെ പിരമിഡുകളാണ്. ആദിമ ഈജിപ്തിലെ കരുത്തരായ ഭരണാധികാരികളായ ഫറവോമാരുടെ മൃതിയറകൾ സ്ഥിതി ചെയ്ത പിരമിഡുകൾ ഈജിപ്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളുമാണ്. ഈജിപ്തിൽ മാത്രമല്ല പിരമിഡുകളുള്ളത്. മൊറോക്കോയിലും ചൈനയിലും ലാറ്റിനമേരിക്കയിലുമൊക്കെ പിരമിഡുകൾ കണ്ടെത്തിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള പിരമിഡെന്ന് അറിയപ്പെടുന്നത് ഈജിപ്തിലെ ജോസർ പിരമിഡാണ്. എന്നാൽ ഇന്തൊനീഷ്യയിലെ ഗുനുങ് പാദങ് എന്ന പിരമിഡാണ് ഏറ്റവും പഴക്കമുള്ളതെന്ന് ചിലർ വാദമുയർത്തുന്നുണ്ട്. 25,000 ബിസിയിലാണ് ഈ പിരമിഡ് രൂപീകരിക്കപ്പെട്ടതത്രേ. എന്നാൽ ഇപ്പോൾ പുറത്തുവന്ന ഒരു പഠനം കൂടുതൽ കൗതുകകരമായ വിവരങ്ങളാണ് നൽകുന്നത്. ഈ പിരമിഡുകൾ നിർമിച്ചത് മനുഷ്യരല്ല, മറിച്ച് അഗ്നിപർവത വിസ്ഫോടനങ്ങളിലെ ലാവാപ്രവാഹം മൂലമാണ് മല പോലെ ഈ ഘടന ഉയർന്നത്. പിന്നീടത് മനുഷ്യർ ചെത്തിമിനുക്കി പിരമിഡ് രൂപത്തിലാക്കുകയായിരുന്നു,
പിരമിഡുമായി ആകൃതിയുള്ള ചില മലകളും പർവതങ്ങളുമൊക്കെ ലോകത്ത് പലയിടത്തും കണ്ടിട്ടുണ്ട്. അന്റാർട്ടിക്കയിൽ പോലും പിരമിഡ് ആകൃതിയിലുള്ള മലയുണ്ടെന്ന് അടുത്തകാലത്ത് അഭ്യൂഹമിറങ്ങിയിരുന്നു. ഇത്തരം മലകളിൽ വളരെ പ്രശസ്തമാണ് ഇന്തൊനീഷ്യയിലെ സദാഹുരിപ് എന്ന പർവതം. ഗരുട് പർവതം എന്നും ഇതറിയപ്പെടുന്നു. പടിഞ്ഞാറൻ ജാവയിലെ ഗരുടിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. ഇതിനുള്ളിൽ കൃത്രിമ നിർമിതമായ ഒരു പിരമിഡ് ഘടനയുണ്ടെന്ന വിശ്വാസം ചിലർക്കിടയിൽ ശക്തമാണ്. ഇതു നിർമിച്ചത് അന്യഗ്രഹജീവികളാണെന്നും ചിലർ വാദിക്കുന്നു.സദാഹുരിപ് പർവതം ഇന്തൊനീഷ്യയിലെ അത്ര പ്രശസ്തമായ പർവതമൊന്നുമല്ല. മെരാപി തുടങ്ങിയ പർവതങ്ങളുടെ പ്രശസ്തി ഇതിനില്ല. സമീപകാലത്താണ് ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പുറത്തുവന്നു തുടങ്ങിയത്.നാട്ടുകാർ ഈ പർവതത്തിന്റെ പ്രതലങ്ങളിൽ കൃഷി നടത്താറുണ്ട്. പർവതത്തിനുള്ളിൽ നിധി ഒളിച്ചിരിപ്പുണ്ടെന്നും ചിലർ വിശ്വസിക്കുന്നു.
ഇന്തൊനീഷ്യൻ ടൂറിസം വകുപ്പാണ് ഈ പർവതത്തിന്റെ വിവരങ്ങൾ പുറത്തെത്തിക്കാൻ ഉത്സാഹിച്ചത്. പ്രത്യേകതകളുള്ള ഘടന ഉള്ളതിനാൽ ധാരാളം സഞ്ചാരികൾ ഈ പർവതം കാണാനും എത്തിയിരുന്നു. തുടർന്ന് ഉയർന്ന അഭ്യൂഹങ്ങൾ കാരണം 2012ൽ ഒരു പഠനസംഘത്തെ സർക്കാർ നിയോഗിച്ചു. കുറച്ചുകാലം അവർ പഠനം നടത്തി. എന്നാൽ പ്രദേശവാസികൾ തങ്ങളുടെ കൃഷി നശിക്കുന്നെന്ന് എതിർപ്പ് ഉന്നയിച്ചതിനാൽ പിന്നീട് പഠനം നടന്നില്ല.