ശനിയുടെ ഈ ചന്ദ്രനിൽ ജീവന്റെ തിരിവെട്ടം? കൂടുതൽ ദുരൂഹമായി എൻസെലാദസ്
Mail This Article
സൗരയൂഥത്തിൽ ഭൂമിയൊഴിച്ചുള്ളിടങ്ങളിൽ ജീവനുണ്ടോയെന്ന് പരിശോധിക്കുന്നവരുടെ പ്രിയപ്പെട്ട ഇടമാണ് ശനിയുടെ ചന്ദ്രനായ എൻസെലാദസ്. ഹിമം നിറഞ്ഞ പുറന്തോടും ഉള്ളിൽ ജലസാന്നിധ്യമുള്ളതുമായ ഇടം. ഇപ്പോഴിതാ ശ്രദ്ധേയമായ ഒരു പഠനം പുറത്തു വന്നിരിക്കുകയാണ്. ജീവോൽപത്തിക്കു വളരെ നിർണായകമായ ഹൈഡ്രജൻ സയനൈഡ് എന്ന രാസവസ്തു എൻസെലാദസിൽ കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ.
ഇതു മാത്രമല്ല എൻസെലാദസിന്റെ ഉള്ളിലുള്ള സമുദ്രത്തിൽ ഒരു രാസോർജമുണ്ടെന്നും തെളിയിക്കപ്പെട്ടിരിക്കുകയാണ്. എന്താണിതെന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. അന്യഗ്രഹജീവനെ തിരയാനായി ശാസ്ത്രജ്ഞർ ലക്ഷ്യമിടുന്ന ഒരു പ്രധാന മേഖല എൻസെലാദസാണ്.
റോവറുകളും ലാൻഡറുകളും ഇങ്ങോട്ടേക്ക് അയയ്ക്കുന്നത് അത്ര പ്രായോഗികമായ കാര്യമല്ല. ഇതു തിരിച്ചറിഞ്ഞ് പാമ്പിന്റെ ആകൃതിയിലുള്ള ഒരു റോബോട്ടിക് പര്യവേക്ഷണ വാഹനത്തെ എൻസെലാദസിലേക്ക് അയയ്ക്കാൻ ഒരുങ്ങുകയാണ് നാസ.എക്സോബയോളജി എക്സ്റ്റന്റ് ലൈഫ് സർവെയർ അഥവാ ഈൽസ് എന്നാണ് ഇതിന്റെ പേര്. എൻസെലാദസിൽ മാത്രമല്ല ചൊവ്വയിലും ചന്ദ്രനിലും മറ്റുഗ്രഹങ്ങളിലുമൊക്കെ പര്യവേക്ഷണത്തിന് ഉപയോഗപ്രദമാണ് ഈ റോബട്ട്.
ഇതിന്റെ രൂപീകരണത്തിനു പിന്നിൽ ഒരു ഇന്ത്യക്കാരന്റെ നിർണായക സംഭാവനകളുണ്ട്. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിൽ എൻജിനീയറായ രോഹൻ തക്കറാണ് ശ്രദ്ധ നേടുന്നത്.നാഗ്പുരിലെ വിശ്വേശ്വരയ്യ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നാണ് തക്കർ എൻജിനീയറിങ് പഠിച്ചത്. ഈൽസ് റോബോട്ടിന് ദീർഘദൂരത്തേക്ക് സഞ്ചരിക്കാനുള്ള ശേഷിയുണ്ട്. ചെറിയ സ്ഥലങ്ങളിൽ സമ്മർദ്ദം ചെലുത്തി മുന്നോട്ടു നീങ്ങാനും മുകളിലേക്ക് കയറാനും താഴേക്കിറങ്ങാനുമൊക്കെ ഇതിനു സാധിക്കും. സാധാരണ ഗതിയിലുള്ള ഉപകരണങ്ങൾ പരാജയപ്പെടുന്നിടത്താണ് ഇത്.
ഈൽസ് റോബട്ടിനെ ദുഷ്കരമായ വിവിധയിടങ്ങളിൽ തങ്ങൾ പരിശോധിച്ചെന്ന് നാസ അധികൃതർ നേരത്തെ പറഞ്ഞിരുന്നു. ഐസ് റിങ്കുകളിലും ചൊവ്വയുടെ പ്രതലത്തെ അനുസ്മരിപ്പിക്കുന്ന ഇടങ്ങളിലും കലിഫോർണിയയിലെ റോബോട്ട് പ്ലേഗ്രൗണ്ടിലുമൊക്കെ പരീക്ഷണങ്ങൾ നടന്നു. ഈ റോബോട്ടിന്റെ തലഭാഗത്ത് ക്യാമറകളും ലിഡാറുമുണ്ട്. പലതരത്തിലുള്ള പരിതസ്ഥിതികളെ വിലയിരുത്താനും ഇവയുടെ 3ഡി മാപ്പുകൾ തയാറാക്കാനുമായിട്ടാണ് ഇത്. ശനിയുടെ ചന്ദ്രനിൽ സ്ഥിതി ഉപയോഗിക്കപ്പെടാൻ പോകുന്ന ഒരു റോബട്ടിക് പ്രോബായതിനാൽ ഇതിനു സിഗ്നൽ വളരെ സമയമെടുത്തായിരിക്കും കിട്ടുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇതിനാൽ തന്നെ സ്വയം ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള ശേഷിയും ഈൽസിനുണ്ട്.
ശനിയെ ചുറ്റുന്ന അനേകം ചന്ദ്രൻമാരിലൊന്നാണ് എൻസെലാദസ്. ഹിമത്തിന്റെ പുറന്തോടുള്ള ഈ ഭാഗത്തിന് ആദ്യം ശാസ്ത്രലോകത്ത് അത്ര ശ്രദ്ധയൊന്നും ലഭിച്ചില്ല. എന്നാൽ ഈ ഹിമപാളിയുടെ അടിവശം സമുദ്രമുണ്ടെന്ന കണ്ടെത്തലാണ് ഇവിടെയുണ്ടാകാൻ സാധ്യതയുള്ള ജീവിവർഗങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് സൂക്ഷ്മകോശജീവികളെക്കുറിച്ചുള്ള ആകാംഷ ശാസ്ത്രജ്ഞരിൽ നിറച്ചത്. 1789ൽ പ്രശസ്ത ബ്രിട്ടിഷ് ജ്യോതിശാസ്ത്രജ്ഞനായ വില്യം ഹെർഷലാണ് എൻസെലാദസ് കണ്ടെത്തിയത്,–198 ഡിഗ്രി സെൽഷ്യസാണ് ഇതിന്റെ ഉപരിതല താപനില. നമ്മുടെ ചന്ദ്രന്റെ ഏഴിലൊന്ന് വലുപ്പം മാത്രമാണ് ഇതിനുള്ളത്. കസീനി, വൊയേജർ എന്നീ ഉപഗ്രഹ പേടകങ്ങൾ നേരത്തെ എൻസെലാദസിൽ നിരീക്ഷണം നടത്തിയിട്ടുണ്ട്. നൂറിലധികം ചന്ദ്രൻമാരുള്ള ഗ്രഹമാണ് ശനി.
എൻസെലാദസിൽ മാത്രമല്ല ശനിഗ്രഹത്തിന്റെ മറ്റൊരു ചന്ദ്രനായ ടൈറ്റനിലും നിരീക്ഷണം നടത്താൻ ശാസ്ത്രജ്ഞർക്കു പദ്ധതിയുണ്ട്. ഡ്രാഗൺഫ്ലൈ എന്ന നാസ ദൗത്യം 2026ൽ ഭൂമിയിൽ നിന്നു വിക്ഷേപിക്കപ്പെട്ട് 2034 ൽ ഇവിടെയെത്തും.ടൈറ്റനിൽ ജീവനുണ്ടോ, അല്ലെങ്കിൽ ജീവനുമായി ബന്ധപ്പെട്ടുള്ള രാസസംയുക്തങ്ങളുണ്ടോ എന്ന് അന്വേഷിക്കുകയാണ് ഡ്രാഗൺ ഫ്ലൈ ദൗത്യത്തിന്റെ പ്രധാന നിയോഗം. ശനിയെയും ഗ്രഹത്തിന്റെ ഉപഗ്രഹസംവിധാനങ്ങളെയും ദീർഘകാലം നിരീക്ഷിച്ച ഐതിഹാസിക ദൗത്യമായ കസീനിയും, ടൈറ്റനിൽ ഇറങ്ങിയ റോവർ ദൗത്യമായ ഹൈജൻസും നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ഡ്രാഗൺഫ്ലൈ നാസ രൂപകൽപന ചെയ്തത്.24 ചന്ദ്രൻമാരെയാണ് ശനിയുടെ സ്വാഭാവിക ഉപഗ്രഹങ്ങളായി കണ്ടെത്തിയിട്ടുള്ളത്. ഇക്കൂട്ടത്തിൽ മിമാസ്, എൻസെലാദസ്, തെത്തീസ്, ഡിയോൺ, റിയ, ലാപ്പറ്റസ്, ഹൈപ്പേരിയോൺ, ടൈറ്റൻ എന്നിവയാണ് ഏറ്റവും വലിയ ചന്ദ്രൻമാർ. ഇക്കൂട്ടത്തിൽ തന്നെ ഏറ്റവും വലുപ്പമുള്ള ചന്ദ്രനാണ് ടൈറ്റൻ. ഷാംഗ്രില എന്നു പേരിട്ടിരിക്കുന്ന ടൈറ്റനിലെ മേഖലയിലാണു ഡ്രാഗൺഫ്ലൈ ആദ്യം പറന്നിറങ്ങുക. തുടർന്ന് പലയിടങ്ങളിലായി പറന്ന് സാംപിളുകൾ ശേഖരിച്ച് വിവരങ്ങൾ വിലയിരുത്തും. ഓരോ പറക്കലും എട്ടുമീറ്ററോളം നീണ്ടു നിൽക്കുന്നതാണ്.