ADVERTISEMENT

ക്രിസ്മസ് അപ്പൂപ്പൻ, ക്രിസ്മസ് പാപ്പാ തുടങ്ങിയ പേരുകളിൽ സാന്റാക്ലോസ് വ്യാപകമായി അറിയപ്പെടുന്നു. ഉത്തരധ്രുവത്തിൽ താമസിക്കുന്നു എന്ന് ഐതിഹ്യപ്രകാരം വിശ്വസിക്കപ്പെടുന്ന സാന്റാക്ലോസിന്റെ സ്ലെഡ്ജ് എന്ന വാഹനം വലിക്കുന്നത് റെയിൻഡീറുകൾ എന്നയിനം മാനുകളാണ്. ഉത്തരധ്രുവത്തിൽ വ്യാപകമായി കാണപ്പെടുന്നവയാണ് റെയിൻഡീർ മാനുകളും സ്ലെഡ്ജും. ലോകമെമ്പാടുമുള്ള കുട്ടികൾക്ക് സമ്മാനങ്ങളുമായി സാന്റാക്ലോസ് ഈ വാഹനത്തിൽ യാത്ര തിരിക്കുമത്രേ. ഡാഷർ, ഡാൻസർ, പ്രാൻസർ, വിക്‌സൻ, കോമറ്റ്, ക്യൂപിഡ്, ഡോണർ, ബിറ്റിസൻ എന്നിവരാണ് സാന്‌റായുടെ വാഹനം വലിക്കുന്ന പ്രധാന റെയിൻഡീറുകൾ. കുറേ സവിശേഷതകളുള്ള ഓട്‌സും ചോളവുമൊക്കെയാണ് ഈ മാനുകൾ കഴിക്കുന്നതെന്നാണു വിശ്വാസം. ആകാശത്ത് ഉയരത്തിലും നല്ല വേഗത്തിലും പറക്കാൻ ഇതുമൂലം റെയിൻഡീറുകൾക്ക് കഴിയുമെന്നാണ് വിശ്വാസം. സാന്റായുടെ റെയിൻഡീർ സംഘത്തിലെ ഡോണറിന്റെയും ബിറ്റിസണിന്റെയും മകനാണ് റുഡോൾഫ് (Rudolph the Red Nosed Reindeer). തിളക്കമുള്ള ചുവന്ന മൂക്കാണ് റുഡോൾഫിന്റെ പ്രത്യേകത. ഈ മൂക്ക് പ്രകാശം പരത്തും. മറ്റു റെയിൻഡീറുകൾ റുഡോൾഫിനെ കളിയാക്കുകയും മറ്റും ചെയ്തിരുന്നു. ഇതുമൂലം റുഡോൾഫ് ഒറ്റപ്പെടൽ അനുഭവിച്ചിരുന്നു.ഒരിക്കൽ ക്രിസ്മസ് തലേന്ന് റുഡോൾഫ് സാന്റയ്ക്കരികിലെത്തുകയും വണ്ടിവലിക്കുന്ന സംഘത്തിൽ തന്നെയും ചേർക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ലോകം മുഴുവൻ സഞ്ചരിക്കുന്നത് വളരെ ക്ഷീണിപ്പിക്കുന്ന യാത്രയാണെന്നു പറഞ്ഞ് സാന്റെ അവനെ സ്‌നേഹപൂർവം തിരിച്ചയയ്ക്കുകയാണ് ചെയ്തത്. ഇക്കാര്യം പറഞ്ഞും മറ്റു റെയിൻഡീറുകൾ റുഡോൾഫിനെ കളിയാക്കി. അങ്ങനെ ക്രിസ്മസ് രാവെത്തി. അന്നു പക്ഷേ കാർമേഘങ്ങളും മൂടൽമഞ്ഞുമൊക്കെയുണ്ടായി. പ്രകാശമില്ലാത്തതിനാൽ സാന്റയുടെ തെന്നുവണ്ടി വലിക്കാൻ റെയിൻഡീറുകൾക്കായില്ല.

സാന്റാ ആകെ വിഷമത്തിലായി.ക്രിസ്മസ് രാവാണ്. സമ്മാനങ്ങൾക്കായി ലോകമെമ്പാടുമുള്ള കുട്ടികളാണ് കാത്തിരിക്കുന്നത്. താൻ പോകാതിരുന്നാൽ അവർ വിഷമിക്കും. അതു പാടില്ല. ഇനിയെന്തു ചെയ്യുമെന്നു വിഷമിച്ചിരുന്നപ്പോഴാണ് സാന്റയുടെ മനസ്സി‍ൽ റുഡോൾഫിന്റെ മുഖം തെളിഞ്ഞത്. അവന്റെ മൂക്കിൽ നിന്നുള്ള പ്രകാശം തനിക്കു വഴികാട്ടുമെന്നു സാന്റ ചിന്തിച്ചു. സാന്റ റുഡോൾഫിനോടു കാര്യം പറഞ്ഞു. ഇത്തവണത്തെ തന്റെ യാത്രയിൽ പങ്കെടുക്കണമെന്നും വെറുതെ പങ്കെടുത്താൽ പോരാ മറിച്ച് മുന്നിൽനിന്ന് നേതൃത്വം വഹിക്കണമെന്നും സാന്റ പറഞ്ഞത് റുഡോൾഫിനെ ഏറെ സന്തോഷിപ്പിച്ചു. അങ്ങനെ അവൻ സാന്റയുടെ റെയിൻഡീർ സംഘത്തിൽ ചേരുകയും യാത്രയെ മുന്നോട്ടുനയിക്കാനും പൂർത്തിയാക്കാനും സഹായിക്കുകയും ചെയ്തു.
‘ഹോപ്’ – അനിമേറ്റഡ് ഷോർട് ഫിലിം 

English Summary:

What's the story behind Rudolph the Red-Nosed Reindeer?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com