ഭയങ്കരമായ നാവികയുദ്ധം, പ്രളയം, വരണ്ട ഭൂമി: നോസ്ത്രഡാമസ് 2024നെപ്പറ്റി പ്രവചിച്ചത്
Mail This Article
ഭാവിയെപ്പറ്റി പറയുന്നവരുടെയിടയിൽ അനിഷേധ്യനാണ് നോസ്ത്രഡാമസ്.ഇന്നത്തെ ഈ ഐടി യുഗത്തിലും അദ്ദേഹത്തിനു ലോകമെങ്ങും ആരാധകരുണ്ട്.ഇവരിൽ പലരും അദ്ദേഹത്തെ സ്നേഹത്തോടെ ‘നോസ്റ്റി’ എന്നാണു വിളിക്കുന്നത്.ലോകത്തെന്തു നടന്നാലും അതു നോസ്റ്റി നേരത്തെ പറഞ്ഞിട്ടുണ്ടെന്ന വാദവുമായി വരാൻ ഇവർ മുൻപന്തിയിലാണ്. ഈ വർഷം നോസ്ത്രഡാമസ് പ്രവചിച്ച കാര്യങ്ങളെപ്പറ്റിയും അഭ്യൂഹങ്ങൾ ഇറങ്ങിയിട്ടുണ്ട്.
അതു പ്രകാരം ഈ വർഷം അതിശക്തമായ ഒരു നാവികയുദ്ധം ലോകത്തുനടക്കും. ചുവന്ന പ്രതിയോഗി സമുദ്രത്തെ കടുത്ത പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് നോസ്ത്രദാമസ് എഴുതിയിരിക്കുന്നത്.അദ്ദേഹം ഉദ്ദേശിക്കുന്നത് ചൈനയെയാണെന്ന് ചിലർ പറയുന്നു. തയ്വാനുമായി ചൈന നാവികയുദ്ധം നടത്തുമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതത്രേ. ദ്വീപുകളുടെ രാജാവ് സ്ഥാനമൊഴിയുമെന്നും പകരം മറ്റൊരു രാജാവ് വരുമെന്നും അദ്ദേഹം ഈ വർഷത്തെക്കുറിച്ച് പ്രവചിച്ചിട്ടുണ്ട്. ബ്രിട്ടനെയാണ് ദ്വീപുകൾ എന്നുദ്ദേശിക്കുന്നതെന്നും ചാൾസ് മൂന്നാമൻ രാജാവ് സ്ഥാനമൊഴിഞ്ഞ് പകരം ഹാരി രാജകുമാരൻ ആ സ്ഥാനത്ത് വരുമെന്നാണ് പൊരുളെന്നും ഇതെക്കുറിച്ച് വ്യാഖ്യാനമുണ്ട്.
കാലാവസ്ഥാ പ്രശ്‌നങ്ങളുണ്ടാകുമെന്ന സൂചനയും പുസ്തകത്തിലുണ്ടത്രേ. ഭൂമി കൂടുതൽ വരണ്ടതാകുമെന്നും പ്രളയമുണ്ടാകുമെന്നും അദ്ദേഹം എഴുതിയിട്ടുണ്ടെന്നാണ് പറയുന്നത്. മധ്യകാലഘട്ടത്തിലെ ഫ്രാൻസിൽ ജീവിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു നോസ്ത്രഡാമസ്. 1505ൽ ജനിച്ചെന്നു കരുതപ്പെടുന്ന അദ്ദേഹം ജീവിതത്തിന്റെ ആദ്യ കുറേക്കാലം അപ്പോത്തിക്കരിയായി ജോലി ചെയ്തു.പ്ലേഗ് ബാധിച്ച യൂറോപ്പിലുടനീളം ആൾക്കാരെ സഹായിക്കുകയും ചികിൽസിക്കുകയും നോസ്ത്രഡാമസ് ചെയ്തിട്ടുണ്ട്.പിന്നീട് 1529 ൽ ഡോക്ടർ ആകാനുള്ള പഠനത്തിനായി ഫ്രാൻസിലെ പ്രശസ്തമായ മോണ്ട്പെല്ലിയർ സർവകലാശാലയിൽ അദ്ദേഹം പ്രവേശനം തേടിയെങ്കിലും ഇതു പൂർത്തികരിച്ചോ എന്ന കാര്യത്തിൽ സംശയമുണ്ട്.
1555ലാണ് ഭാവിയിലേക്കുള്ള തന്റെ പ്രവചനങ്ങൾ ഉൾപ്പെടുത്തി ‘ലെ പ്രൊഫെസീസ്’ അഥവാ പ്രവചനങ്ങൾ എന്ന പുസ്തകം രചിച്ചത്.ഈ പുസ്തകം വാങ്ങി വായിച്ച ആളുകളിലൂടെ നോസ്ത്രഡാമസ് പ്രശസ്തനായി തുടങ്ങി.ഇതിനിടെ ഫ്രാൻസിലെ ഹെന്റി രണ്ടാമൻ രാജാവിന്റെ പത്നിയായ കാതറീൻ റാണിയുടെ ശ്രദ്ധ നോസ്ത്രഡാമസിൽ പതിഞ്ഞു.ഭാവി പ്രവചനങ്ങളിലും ആഭിചാരത്തിലുമൊക്കെ താൽപര്യമുണ്ടായിരുന്ന റാണി നോസ്ത്രഡാമസിനെ ഇക്കാര്യങ്ങളിൽ തന്റെ ഉപദേശകനെന്ന നിലയിൽ നിയമിച്ചതോടെ അദ്ദേഹത്തിന്റെ രാശി തെളിഞ്ഞു.
നോസ്ത്രഡാമസിന്റെ ചില പ്രവചനങ്ങൾ ശരിക്കും സത്യമായെന്ന് അദ്ദേഹത്തിന്റെ ആരാധകർ പറയാറുണ്ട്.ഫ്രാൻസിലെ രാജാവായ ഹെൻറി രണ്ടാമന്റെ മരണം,ലണ്ടനിൽ 1666ൽ സംഭവിച്ച തീപിടിത്തം,ഫ്രഞ്ച് വിപ്ലവം,നെപ്പോളിയന്റെ അധികാരത്തിലേക്കുള്ള പ്രവേശനം,ലൂയി പാസ്ചറുടെ ജീവിതം,ഹിറ്റ്ലറുടെ തേർവാഴ്ചകൾ, ആറ്റം ബോംബ്,യുഎസ് പ്രസിഡന്റ് ജോൺ എഫ്.കെന്നഡിയുടെ മരണം തുടങ്ങിയവയൊക്കെ ഇക്കൂട്ടത്തിൽ പെടും.
എന്നാൽ നോസ്ത്രഡാമസിന്റെ പ്രവചനങ്ങൾ യാതൊരു വസ്തുതയുമില്ലാത്തതാണെന്നു പല വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്.എന്നിട്ടും എന്തുകൊണ്ട് അവ നിലനിൽക്കുന്നു? യുഎസിലെ പ്രശസ്ത ശാസ്ത്രലേഖകനായ എവറെറ്റ് ബ്ലേല്ലിയർ ഇതിന് ഉത്തരം പറയുന്നുണ്ട്.നാലു വരി വീതം നീളമുള്ള കവിതാരൂപത്തിലാണ് അദ്ദേഹം പ്രവചനങ്ങൾ പ്രോഫസി എന്ന പുസ്തകത്തിൽ എഴുതിയത്.വളരെ സിംബോളിക് ആയ രീതിയിലാണ് നോസ്ത്രാമസിന്റെ പ്രവചനങ്ങൾ.വ്യക്തതയില്ലായ്മ അതിന്റെ മുഖമുദ്രയാണ്.
ഉദാഹരണത്തിന് ഒരു സ്ഥലപ്പേരൊന്നും കൃത്യമായി പറയില്ല. വലിയൊരു സിറ്റിയിൽ അപകടം സംഭവിക്കുമെന്നാകും പറയുക.ആ സിറ്റി ഏതു നഗരവുമാകാം.പാരിസ്, ന്യൂയോർക്, ലണ്ടൻ അങ്ങനെ ഏതും.എവിടെയെങ്കിലും ഒരപകടം സംഭവിച്ചു കഴിഞ്ഞാൽ അതു നോസ്ത്രഡാമസ് പ്രവചിച്ചതാണെന്ന് എളുപ്പം പറയാം.കാരണം ഏതോ ഒരു സിറ്റിയിൽ അപകടം സംഭവിക്കുമെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്.
അതു പോലെ തന്നെ ചരിത്രത്തിൽ നടന്ന സംഭവങ്ങൾ വീണ്ടും ആവർത്തിക്കുമെന്ന വിശ്വാസക്കാരനായിരുന്നു നോസ്ത്രഡാമസ്. ഉദാഹരണത്തിന് ഒരു നഗരത്തിൽ തീപിടിത്തമോ യുദ്ധമോ വെള്ളപ്പൊക്കമോ നടന്നു.ഇത് അദ്ദേഹം ഭാവി പ്രവചനങ്ങളിൽ ഉപയോഗിക്കും.തിപീടിത്തവും വെള്ളപ്പൊക്കവുമൊക്കെ വീണ്ടും വീണ്ടും സംഭവിക്കാവുന്ന കാര്യങ്ങളാണല്ലോ. അന്നത്തെ കാലത്തെ യൂറോപ്പിലെ പ്രശസ്തമായ ജ്യോതിഷികളും നോസ്ത്രഡാമസിനെ തള്ളിപ്പറഞ്ഞിരുന്നു.