ADVERTISEMENT

ആദിമകാലം മുതൽ തന്നെ കടൽഗതാഗതത്തിൽ വ്യക്തമായ സ്ഥാനം ഉള്ള മേഖലയാണു ലക്ഷദ്വീപ്. തെക്കനേഷ്യയിലോട്ടും ഏഷ്യ, വടക്കൻ ആഫ്രിക്കയിലേക്കുമുള്ള കടൽറൂട്ടുകൾ കടന്നു പോകുന്നതിനാൽ നാവികർക്ക് പഴയകാലം മുതൽ തന്നെ ലക്ഷദ്വീപ് മേഖലയും ഇവിടത്തെ ദ്വീപുകളും നന്നായി അറിയാമായിരുന്നു. നീണ്ട കടൽയാത്രയിലെ നിർണായക ദിശാസൂചികളായും പ്രതിസന്ധിഘട്ടത്തിൽ അണയാനുള്ള അഭയസ്ഥാനമായും പഴയകാല നാവികർ ലക്ഷദ്വീപിനെ കരുതിപ്പോന്നു.

എന്നാൽ ലക്ഷദ്വീപിൽ ആദ്യമായെത്തിയ യൂറോപ്യൻമാർ ആരാണ്? 1498ൽ പോർച്ചുഗീസ് ഈ ദ്വീപുകളിലെത്തിയിരുന്നു. എന്നാൽ അതിനും മുൻപ് പതിമൂന്നാം നൂറ്റാണ്ടിൽ വിഖ്യാത ഇറ്റാലിയൻ സഞ്ചാരി മാർക്കോ പോളോ ഇവിടെയെത്തിയിരുന്നോ? അങ്ങനെയൊരു അഭ്യൂഹവുമുണ്ട്. മാർക്കോ പോളോയുടെ സ‍ഞ്ചാരചരിതങ്ങളിൽ പറയുന്ന ‘വനിതാ ദ്വീപ്’ എന്ന ദ്വീപ് ഇന്നത്തെ ലക്ഷദ്വീപിൽപെടുന്ന മിനിക്കോയി ആണെന്ന് വാദമുണ്ട്. എന്നാൽ ഇതിനു സ്ഥിരീകരണമില്ല. എന്നാൽ അതിനും മുൻപ് യൂറോപ്പുമായി ബന്ധമുണ്ടെന്ന് കരുതുന്നവരുണ്ട്.

പെരിപ്ലസ് ഓഫ് എറിത്രിയൻ സീ എന്ന പ്രാചീന യാത്രാപുസ്തകത്തിലും ടോളമിയുടെ വിവരണങ്ങളിലും ദ്വീപുകൾ കടന്നുവരുന്നുണ്ട്. കട്മാട് മേഖലയിൽ നിന്നു കണ്ടെത്തിയ റോമൻ നാണയങ്ങൾ ദ്വീപും റോമാസാമ്രാജ്യവും തമ്മിൽ പഴയകാലത്തുണ്ടായിരുന്ന വ്യാപാര ബന്ധങ്ങളുടെ തെളിവാണ്. തദ്ദേശീയമായ സാങ്കേതികവിദ്യയിലുള്ള ബോട്ടുകളും ഇവിടെ പഴയകാലത്തു നിർമിച്ചിരുന്നു. ഒമാനിലേക്കും മറ്റ് അറബ് രാജ്യങ്ങളിലേക്കും തേങ്ങയും മറ്റും എത്തിക്കാനായായിരുന്നു ഈ ബോട്ടുകൾ ഉപയോഗിച്ചിരുന്നത്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിനു സമീപം ഒട്ടേറെ കപ്പലുകൾ മുങ്ങിയിട്ടുണ്ടെന്നാണു കരുതപ്പെടുന്നത്. ഇതിൽ പതിനാറാം നൂറ്റാണ്ടിനു മുൻപ് മുങ്ങിയവയെക്കുറിച്ചുള്ള കണക്കുകൾ കുറവാണ്. മുങ്ങിയ കപ്പലുകളിൽ ഒരുപാടെണ്ണം ലക്ഷദ്വീപിനു സമീപത്താണു ദുരന്തത്തെ നേരിട്ടത്. ആഴം കുറഞ്ഞ കടൽഭാഗവും പവിഴപ്പുറ്റുകളുമൊക്കെയാണ് ഇതിനു വഴി വച്ചത്. 2001ൽ  ഗോവയിലെ നാഷനൽ ഓഷ്യാനോഗ്രഫിക് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധർ ലക്ഷദ്വീപിലെ കടലപകടങ്ങളെക്കുറിച്ച് ആഴത്തിൽ പഠനം നടത്തിയിരുന്നു. 1827ൽ ചൈനയിൽ നിന്നു ബോംബെയിലേക്കു വെള്ളിയും പട്ടും കയറ്റിപ്പോയ ബൈറംഗോർ കപ്പൽ ലക്ഷദ്വീപിലെ ചെറിയപാനിക്കു സമീപം മുങ്ങിയത് ഇത്തരത്തിൽ ഏറ്റവും പ്രശസ്തമായ സംഭവമാണ്. പിൽക്കാലത്ത് ഇവിടത്തെ ഒരു ദ്വീപിനു ബൈറംഗോർ എന്നു തന്നെ പേരു കിട്ടി.

1844ൽ ഈസ്റ്റിന്ത്യാ കമ്പനിയുടെ സിലോൺ എന്ന കപ്പലും ഇവിടെ തകർന്നു. 1848ൽ മലേഷ്യയിൽ നിന്നു ഹജ് നിർവഹിക്കാൻ മക്കയിലേക്കു പുറപ്പെട്ട റസൂൽ എന്ന കപ്പലും ലക്ഷദ്വീപിനു സമീപമാണു തകർന്നത്. ലിവർപൂളിൽ നിന്നു പരുത്തിത്തുണിയും കട്‌ലറിയുമായി വന്ന വിസിയർ 1853ൽ ചെറിയപാനിയിൽ തന്നെ തകർന്നു.ബൈറംഗോർ സംഭവത്തിനു ശേഷം 13 കപ്പൽ തകർച്ചകൾ ലക്ഷദ്വീപിനടുത്തുണ്ടായെന്നാണ് ആർക്കയോളജിക്കൽ സർവേയുടെ കണക്ക്. ലക്ഷദ്വീപിലെ പ്രശസ്തമായ ബംഗാരം ദ്വീപിനടുത്തും ഒരു കപ്പൽ തകർച്ച എഎസ്‌ഐയുടെ സർവേയിൽ കണ്ടെത്തിയിരുന്നു. ഇതേതു കപ്പലാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഷിപ് വ്രെക് സ്‌നോർകലിങ് എന്ന ടൂറിസ്റ്റുകൾക്കായുള്ള പരിപാടി ദ്വീപിലുണ്ടായിരുന്നു. കടലിലേക്കു ഡൈവ് ചെയ്തു തകർന്നു കിടക്കുന്ന കപ്പലുകൾ സന്ദർശിക്കുന്ന രീതിയാണ് ഇത്.

English Summary:

Unraveling the Enigma of Lakshadweep's First European Visitor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com