ചിറകുണ്ട്, പക്ഷേ പറക്കില്ല; വേഗത്തിൽ ഓടുന്ന ഒട്ടകപ്പക്ഷിയും ഒട്ടകവുമായി എന്താണു ബന്ധം?
Mail This Article
രണ്ടു മീറ്ററോളം ഉയരം, 120 കിലോയോളം ഭാരം ! ഏതാണീ ഭീമൻ ജീവി എന്നാണോ? ആളൊരു പക്ഷിയാണ്. ഒട്ടകപ്പക്ഷി ! ഒട്ടകത്തെപ്പോലുള്ള നീളൻ കഴുത്താണ് കക്ഷിയും ഒട്ടകവുമായുള്ള ഏക ‘ബന്ധം’. നിലവിൽ ലോകത്തെ ഏറ്റവും വലിയ പക്ഷിയാണ് ഒട്ടകപ്പക്ഷി (Ostrich). എന്നാൽ പേരിൽ പക്ഷിയുണ്ടെങ്കിലും മറ്റ് പക്ഷികളെപ്പോലെ ഇവയ്ക്ക് പറക്കാൻ കഴിയില്ല. നൂറു കിലോയ്ക്ക് മുകളിൽ വരുന്ന ശരീരഭാരമാണ് തടസ്സം. റാറ്റൈറ്റ് വിഭാഗത്തിൽലാണ് ഒട്ടകപ്പക്ഷി പെടുന്നത്. ഈ വിഭാഗത്തിലുള്ള എമു, റിയ, കിവി തുടങ്ങിയ പക്ഷികൾക്കൊന്നും പറക്കാൻ കഴിയില്ല. എന്നു കരുതി ഇവരത്ര നിസ്സാരക്കാരാണെന്നു കരുതരുത്. സ്‌ട്രുതിയോ കാമലസ് എന്ന് ശാസ്ത്രീയനാമമുള്ള ഈ പക്ഷിക്ക് വേഗത്തിൽ ഓടാൻ കഴിയും. മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ ആണ് ഓട്ടം. ബലമുള്ള കാലുകളാണ് ഇവയുടെ പ്രത്യേകത. 2 വിരലുകൾ മാത്രമുള്ള കാലിൽ രോമങ്ങളുണ്ടാകാറില്ല. ഒറ്റച്ചവിട്ടിന് സിംഹത്തെവരെ കൊല്ലാൻ കെൽപ്പുണ്ട് ഇക്കൂട്ടർക്ക്. രണ്ടു മുതൽ നാലു വർഷം വരെ പ്രായമാകുമ്പോഴേക്കും ഇവർ മുട്ടയിടാൻ തുടങ്ങും. 35 മുതൽ 45 വരെ ദിവസമാണ് ഈ മുട്ട വിരിയാനെടുക്കുന്ന സമയം. മുട്ട വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് പൂർണ വളർച്ചയെത്തിയ കോഴിയുടെയത്ര വലിപ്പമുണ്ടാകും. ആൺ-പെൺ പക്ഷികൾ ചേർന്നാണ് കുട്ടികളെ വളർത്തുന്നത്. ആറുമാസം പ്രായമാകുമ്പോഴേക്കും കുട്ടികൾ പൂർണ വളർച്ചയെത്തും.
എത്ര ദൂരെയുള്ള കാഴ്ചയും ശത്രുക്കളുടെ സാമീപ്യവും അതിവേഗം തിരിച്ചറിയാൻ ഒട്ടകപ്പക്ഷിക്കു കഴിയും. കേൾവിശക്തിയും അപാരമാണ്. കരയിൽ ജീവിക്കുന്ന ജീവികളിൽ ഏറ്റവും വലിയ കണ്ണുള്ളത് ഒട്ടകപ്പക്ഷിക്കാണ്. ഉയരമുള്ള കഴുത്ത് കൂടി ആകുമ്പോൾ കാഴ്ച കൂടുതൽ സ്പഷ്ടമാകുന്നു. ആയുസ്സിന്റെ കാര്യത്തിലും ഇവർ മുന്നിൽത്തന്നെ. ഒട്ടകപ്പക്ഷികളുടെ ശരാശരി ആയുസ്സ് 30 വർഷമാണ്. ഇലവർഗങ്ങൾ, പുഴുക്കൾ എന്നിവയാണു പ്രധാന ഭക്ഷണം. ലോകത്തെ ഏറ്റവും വലുപ്പമുള്ള മുട്ടകൾ ഇടുന്നതും ഒട്ടകപ്പക്ഷിയാണ്. ഒറ്റ കോശം മാത്രമുള്ള മുട്ടയ്ക്ക് ഏകദേശം ഒന്നര കിലോഗ്രാം ഭാരം ഉണ്ടാകും. മരുഭൂമിയിൽ താമസിക്കുന്ന ഇവ ആഫ്രിക്കയിൽ ആണ് കൂടുതലായി കാണപ്പെടുന്നത്. പണ്ട് അറബ് രാജ്യങ്ങളിൽ ഒട്ടകപ്പക്ഷികളെ വേട്ടയാടുമായിരുന്നു. അങ്ങനെയാണ് അവിടെ ഒട്ടകപ്പക്ഷികൾ ഇല്ലാതായത്. ജോർദാൻ, സിറിയ, ഇറാക്ക്, പലസ്തീൻ മുതലായ പ്രദേശങ്ങളിൽ ഇവ ധാരാളമുണ്ടായിരുന്നു. പല രാജ്യങ്ങളിലും ഇറച്ചിക്കും മുട്ടയ്ക്കുമായി ഒട്ടകപ്പക്ഷികളെ വളർത്താറുണ്ട്. ഇവയുടെ തൂവലും ചർമവും കൊണ്ട് അലങ്കാര വസ്തുക്കൾ നിർമിക്കാറുണ്ട്. കൊളസ്‌ട്രോൾ അളവ് ഏറെ കുറഞ്ഞ ഒട്ടകപ്പക്ഷിമാംസത്തിനും ആവശ്യക്കാർ ഏറെയാണ്.