ചാർജിങ്ങില്ലാതെ 50 വർഷം പ്രവർത്തിക്കുന്ന ബാറ്ററി, നാണയവലുപ്പം, ആണവോർജത്തിൽ പ്രവർത്തനം
Mail This Article
ബാറ്ററികൾ ഇന്നത്തെ ലോകത്ത് മുൻപില്ലാത്തവിധം പ്രശസ്തമായിരുന്നു. പണ്ട് കാലത്ത് റിമോട്ടിലും ടോർച്ചിലുമൊക്കെയിടുന്ന പല വലുപ്പങ്ങളിലുള്ള ബാറ്ററികളായിരുന്നു നമുക്ക് അറിയാവുന്നത്. വാഹനങ്ങളിലുമൊക്കെ ബാറ്ററികൾ നമ്മൾ കണ്ടിരുന്നു. എന്നാൽ ശാസ്ത്ര സാങ്കേതികവിദ്യ വളരെയധികം പുരോഗമിച്ചെന്ന് കൂട്ടുകാർക്കറിയാമല്ലോ. പലതരം ബാറ്ററികൾ ഇന്നു നിത്യജീവിതത്തിന്‌റെ ഭാഗമാണ്. മൊബൈൽ ഫോൺ ബാറ്ററി, ലാപ്‌ടോപ് ബാറ്ററി, ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററി തുടങ്ങി പലതും നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്നു. ലോകം ഉറ്റുനോക്കുന്ന ഒരു സാങ്കേതികവിദ്യയാണ് ബാറ്ററികളെന്നു സാരം.
ഇപ്പോഴിതാ ചൈനയിൽ നിന്നു ബാറ്ററികൾ സംബന്ധിച്ച് ഒരു പുതിയ വാർത്ത വന്നിരിക്കുകയാണ്. ആണവോർജത്തിൽ പ്രവർത്തിക്കുന്ന ഒരു ബാറ്ററിയാണ് താരം. ആണവോർജം എന്നൊക്കെ കേൾക്കുമ്പോൾ വലിയ ഏതോ ബാറ്ററിയാണെന്നു തോന്നാമെങ്കിലും ഒരു നാണയത്തിന്‌റെ വലുപ്പം മാത്രമാണ് ഈ ബാറ്ററിക്കുള്ളത്. ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിൽ പ്രവർത്തിക്കുന്ന ബീറ്റവോൾട്ട് എന്ന സ്റ്റാർട്ടപ്പാണ് സവിശേഷമായ ഈ ബാറ്ററിക്കുപിന്നിൽ. 63 ഐസോടോപ്പുകൾ അടങ്ങിയിട്ടുള്ളതാണ് ഈ ബാറ്ററി. മൂന്നുവോൾട്ടിൽ 10 മൈക്രോവാട്ട് വൈദ്യുതോർജം പുറപ്പെടുവിക്കാൻ നിലവിൽ ഈ ബാറ്ററിക്കു പറ്റും. എന്നാൽ 2025 ആകുമ്പോഴേക്കും ഒരു വാട്ട് പവർ എന്ന നേട്ടത്തിലെത്താനാണ് ഗവേഷകർ ശ്രമിക്കുന്നത്.
ഈ ബാറ്ററിക്കു ചാർജിങ് ഇല്ലാതെ 50 വർഷം പ്രവർത്തിക്കാൻ കഴിയുമത്രേ. തകരാറുളുണ്ടാകില്ല, അതിനാൽ അറ്റകുറ്റപ്പണികളും വേണ്ട. മൊബൈൽ ഫോൺ, ലാപ്‌ടോപ്, എഐ സംവിധാനറങ്ങൾ, മൈക്രോപ്രോസസറുകൾ, സെൻസറുകൾ, ചെറിയ ഡ്രോണുകൾ, ചെറുറോബട്ടുകൾ തുടങ്ങി ഒരുപാട് മേഖലകളിൽ ഇതുപയോഗിക്കാം. ഹാനികരമായ വികിരണങ്ങളില്ലാത്തതിനാൽ പേസ്‌മേക്കറുകളിലും മറ്റു മെഡിക്കൽ ഉപകരണങ്ങളിൽ പോലും ഇതുപയോഗിക്കാമെന്നും ശാസ്ത്രജ്ഞർ പറയുന്നു. പരീക്ഷണഘട്ടം കടന്ന ഈ ബാറ്ററി വൻതോതിലുള്ള ഉത്പാദനത്തിനൊരുങ്ങുകയാണ്. ആർക്കറിയാം, ചിലപ്പോൾ ഭാവിയിൽ മൊബൈൽ ഫോണുകളൊന്നും ചാർജ് ചെയ്യേണ്ടി വരില്ല.
‘ഹേ ഡിഡിൽ ഡിഡിൽ’ അനിമേറ്റഡ് വിഡിയോ