ADVERTISEMENT

ലോകമെമ്പാടും സിനിമകളിലൂടെ പ്രശസ്തനാണ് കിങ് കോങ് എന്ന വമ്പൻ ഗൊറില്ല. കിങ് കോങ് ആദ്യമായി അഭ്രപാളികളിലെത്തിയിട്ട് എൺപതു വർഷം പിന്നിടാൻ പോകുകയാണ്. കിങ് കോങ് എന്ന ആശയം സൃഷ്ടിച്ചത് മെറിയൻ സി.കൂപ്പർ എന്ന അമേരിക്കക്കാരനാണ്. ഒരു സൈനികനായിരുന്ന മെറിയന്റെ ജീവിതം എന്നും ഉദ്വേഗനിമിഷങ്ങൾ നിറഞ്ഞതായിരുന്നു. മിലിട്ടറി കരിയർ തീർന്നശേഷം കൂപ്പർ മറ്റൊരു ജോലിയിലേക്കു പ്രവേശിച്ചു. ഒരു റിപ്പോർട്ടർ എന്ന നിലയിലായിരുന്നു ഇത്.

ശരിക്കുമുള്ള മൃഗങ്ങളെ ചിത്രീകരിച്ച, ആ വിഡിയോയിൽ കുറേ കഥാസന്ദർഭങ്ങളൊക്കെ കയറ്റി ‘നാച്ചുറൽ ഡ്രാമ’ എന്ന പേരിൽ ഇതിനിടെ കുറേ ചിത്രങ്ങൾ കൂപ്പർ പുറത്തിറക്കി. ഇതിനു വലിയ സ്വീകാര്യത ലഭിച്ചു. ആയിടയ്ക്ക് കുറച്ചു ബബൂൺ കുരങ്ങൻമാരെ കൂപ്പർ കാണാനിടയായി. അതോടെ അദ്ദേഹത്തിനു കുരങ്ങൻമാരിൽ വലിയ താൽപര്യമുണ്ടാകുകയും അവയെവച്ച് ഒരു വിഡിയോ ഷൂട്ട് ചെയ്യണമെന്ന് തീരുമാനിക്കുകയും ചെയ്തു.

അങ്ങനെയിരിക്കുമ്പോൾ 1930ൽ കൂപ്പർ മറ്റൊരു വിചിത്രജീവിയെക്കുറിച്ച് സുഹൃത്തായ ഡഗ്ലസ് ബർഡനി‍ൽ നിന്ന് അറിഞ്‍ഞു. ഇന്തൊനീഷ്യയിലുള്ള കൊമോഡോ ഡ്രാഗൺ എന്ന ഭീകരൻ പല്ലിയായിരുന്നു ആ ജീവി.ഇതോടെ കൂപ്പറിന്റെ ചിന്ത വേറൊരു വഴിക്ക് പോയി. എന്തുകൊണ്ട് ഒരു പുതിയ കഥ ആലോചിച്ചുകൂടാ? ഭയങ്കരനായ കൊമോഡോ ഡ്രാഗണിനെ എതിർത്തു തോൽപിക്കുന്ന ഒരു അതിഭീകരൻ ഗോറില്ല.

അക്കാലത്ത് പാശ്ചാത്യ ലോകത്ത് ഗൊറില്ലയെപ്പറ്റി ഒട്ടേറെ മിത്തുകളും അന്ധവിശ്വാസങ്ങളും ഉണ്ടായിരുന്നു. അങ്ങനെ കൂപ്പർ ഒരു കഥ മെനഞ്ഞു. ഒരു വിദൂര ദ്വീപിൽ താമസിക്കുന്ന ഒരു വമ്പൻ കൊമോഡോ ഡ്രാഗണും ഗൊറില്ലയും. ഇവ തമ്മിൽ ഒരിക്കൽ പൊരിഞ്ഞ അടി നടക്കുകയും ആ അടിക്കിടെ ഗൊറില്ല പിടിയിലാകുകയും അതിനെ ന്യൂയോർക്കിൽ എത്തിക്കുകയും ചെയ്യും. പിന്നീട് ഈ ഗൊറില്ല അമേരിക്കയിലുണ്ടാക്കുന്ന പ്രശ്നങ്ങളാണ് പ്രധാന ഇതിവൃത്തം.

ഈ കഥ നാച്ചുറൽ ഡ്രാമയാക്കാൻ ഒരു സ്പോൺസറെ തപ്പിയെങ്കിലും നടന്നില്ല. കാരണം കൂപ്പറിന്റെ പ്ലാൻ അനുസരിച്ച് ശരിക്കുമൊരു ഗൊറില്ലയെ ആഫ്രിക്കയിൽ നിന്നു പിടികൂടി അമേരിക്കയിലെത്തിച്ച് വിഡിയോ ഷൂട്ട് ചെയ്യണം. ഇതൊക്കെ വലിയ ചെലവുള്ള കാര്യമാണ്.. എന്നാൽ ഇതിനിടെ ഒരു സിനിമാക്കമ്പനിയിൽ അസിസ്റ്റന്റായി കൂപ്പറിനു ജോലി കിട്ടി. അവിടെ വച്ചാണ് വിൽസ് ഓ ബ്രയൻ എന്ന അനിമേറ്ററെ പരിചയപ്പെടുന്നത്. ഇന്നത്തെ കാലത്തെ അനിമേഷനുമായൊന്നും താരതമ്യപ്പെടുത്താൻ സാധിക്കാത്ത അനിമേഷന്റെ പ്രാചീനരൂപമായിരുന്നു അക്കാലത്ത്. മിടുമിടുക്കനായിരുന്നു വിൽസ്.

കൊമോഡോ ഡ്രാഗണിനു പകരം ദിനോസറുകളെ നേരിടുന്ന ഗൊറില്ല. എന്നിങ്ങനെ കൂപ്പർ കഥ മാറ്റി. ദിനോസറിനെ ഒക്കെ ഇടിച്ചു തറപറ്റിക്കണമെങ്കിൽ സാധാരണ ഗൊറില്ലയ്ക്കൊന്നും പറ്റില്ല. പിന്നെന്ത് ചെയ്യും? എന്തിനും കൂപ്പറിനു പരിഹാരമുണ്ടായിരുന്നു. അങ്ങനെ കഥയിലെ ഗൊറില്ലയ്ക്ക് 12 അടി പൊക്കം ഉടനടി നിശ്ചയിച്ചു. താമസിയാതെ തന്നെ കഥ സിനിമയായി. തന്റെ കഥാപാത്രത്തിനു പേരും കൂപ്പർ നിശ്ചയിച്ചു. കോങ്. ആഫ്രിക്കയിലെ കോംഗോ എന്ന രാജ്യത്തിന്റെ  പേര് ലോപിപ്പിച്ചാണ് ഈ പേര് നൽകിയത്. എന്നാൽ മറ്റൊരു പ്രമുഖ സംവിധായകന്റെ നിർദേശപ്രകാരം കിങ് എന്നു കൂടി കൂട്ടിച്ചേർത്തു.അങ്ങനെ കൂപ്പറിന്റെ കഥാപാത്രം ജനിച്ചു...കിങ് കോങ്...പിൽക്കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും ജനപ്രിയമായ മൃഗകഥാപാത്രമായി കിങ് കോങ് മാറുമെന്ന് കൂപ്പർ ഒരിക്കലും ചിന്തിച്ചുകാണില്ല. 1933 മാർച്ച് 12നു പുറത്തിറങ്ങിയ കിങ് കോങ് ലോകമെങ്ങും തരംഗം സൃഷ്ടിച്ചു. അക്കാലത്തെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളിലൊന്നായിരുന്നു ചിത്രം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com