ഇന്ത്യ ബഹിരാകാശത്തേക്ക് ആദ്യം വിടുന്ന വനിത മനുഷ്യനല്ല! അറിയാം വ്യോമമിത്രയെ
Mail This Article
ഇന്ത്യ കാത്തിരിക്കുകയാണ്..സ്വന്തം നിലയിൽ ബഹിരാകാശത്തിലേക്ക് ഇന്ത്യക്കാരെ അയയ്ക്കാനുള്ള ദൗത്യത്തിനായി, ഗഗൻയാനായി. അടുത്ത വർഷം ഗഗൻയാൻ സംഭവിക്കുമെന്നാണു പ്രതീക്ഷ. എന്നാൽ മറ്റൊരു കൗതുകവും ഐഎസ്ആർഒയുടെ ഈ ദൗത്യത്തിലുണ്ട്. ഗഗൻയാനു മുന്നോടിയായി ഒരു വനിതാ റോബട്ടിനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നുണ്ട്. ഈ യന്ത്രവനിതയുടെ പേര് ‘വ്യോമമിത്ര’ എന്നാണ്. ഈ വർഷംഅവസാന പാദത്തിലായിരിക്കും വ്യോമമിത്രയുമായുള്ള പരീക്ഷണപേടകങ്ങൾ ബഹിരാകാശത്തേക്കു പോകുകയെന്നാണു പ്രതീക്ഷ.
അർധ മനുഷ്യരൂപമുള്ള ‘ഹ്യൂമനോയിഡ്’ ഗണത്തിൽ വരുന്ന റോബട്ടാണ് വ്യോമമിത്ര. കാലുകൾ ഉപയോഗിച്ച് സഞ്ചരിക്കാനുള്ള കഴിവ് ഈ റോബട്ടിനില്ല. ഗഗൻയാൻ യാത്ര നടക്കുന്ന പേടകത്തിലെ വിവിധ സൗകര്യങ്ങളുടെ കാര്യക്ഷമത പരിശോധിക്കുക, ഉപകരണങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുക തുടങ്ങിയ പല ജോലികൾ വ്യോമമിത്രയ്ക്ക് ചെയ്യാനുണ്ട്. പരീക്ഷണ ദൗത്യത്തിനു ശേഷമുള്ള യഥാർഥ ദൗത്യത്തിലും വ്യോമമിത്ര പങ്കെടുക്കും. ബഹിരാകാശ സഞ്ചാരികളുമായി കൂട്ടുകൂടി ഒരു സൗഹൃദ അന്തരീക്ഷമൊരുക്കുക എന്ന ദൗത്യവും വ്യോമമിത്രയ്ക്കുണ്ട്.
യാത്രികരുമായി വ്യോമമിത്ര ആശയവിനിമയം നടത്തും യാത്രികൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്കു മറുപടിയും കൊടുക്കും. യാത്രികരെ ഓരോരുത്തരെയും തിരിച്ചറിയാനുള്ള ശേഷിയും വ്യോമമിത്രയ്ക്കുണ്ട്. ഐഎസ്ആർഒയുടെ വട്ടിയൂർക്കാവിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്ററിലാണ് വ്യോമമിത്രയെ തയാർ ചെയ്തത്. ബഹിരാകാശ പരീക്ഷണങ്ങൾക്കായി റോബട്ടുകളെ ഉപയോഗിക്കുന്നത് ഇതാദ്യമായല്ല. ഇതിനു മുൻപ് നാസയും മറ്റു ചില ഏജൻസികളും തങ്ങളുടെ ചില ബഹിരാകാശദൗത്യങ്ങളിൽ റോബട്ടുകളെ വിട്ടിട്ടുണ്ട്. റഷ്യയുടെ ഫെഡോർ, ജപ്പാന്റെ കിരോബോ തുടങ്ങിയവ ഉദാഹരണം. എന്നാൽ ഹ്യുമനോയ്ഡ് വിഭാഗത്തിൽപ്പെട്ട ആദ്യ ബഹിരാകാശ സഹായി ആയി വ്യോമമിത്ര ഗഗൻയാനോടെ മാറും.
ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരികളാകുന്ന 3 പേർക്കൊപ്പം നാലാമത്തെയാൾ എന്ന പദവിയോടെയായിരിക്കും വ്യോമമിത്രയുടെ യാത്ര. പേടകത്തിലെ ജീവൻ രക്ഷാ ഉപകരണങ്ങളുടെ പ്രവർത്തനം ഉൾപ്പെടെ സാങ്കേതിക കാര്യങ്ങളിൽ സഹായിക്കുന്നതിനൊപ്പം സഹയാത്രികർക്കു മാനസികപിന്തുണ നൽകാനുള്ള കഴിവും വ്യോമമിത്ര കൈവരിക്കും. യാത്രികർക്ക് മാനസിക പിരിമുറുക്കവും മറ്റുമുണ്ടാകുന്ന ഘട്ടത്തിൽ അതു ലഘൂകരിക്കാനുള്ള നടപടികളും വ്യോമമിത്ര കൈക്കൊള്ളും. ഇംഗ്ലിഷിലും ഹിന്ദിയിലും ഇതിനു സംസാരിക്കാൻ കഴിവുണ്ട്. ഒരു വർഷത്തോളമെടുത്താണു വ്യോമമിത്രയുടെ പ്രാഥമിക രൂപകൽപന പൂർത്തിയാക്കിയത്.