ADVERTISEMENT

ഇംഗ്ലണ്ടിൽ റോമൻ അധിവാസകാലത്തുള്ള ഒരു മുട്ടയിൽ ഒരുസംഘം ശാസ്ത്രജ്ഞർ ത്രീഡി സ്‌കാനിങ് രീതി ഉപയോഗിച്ച് പരിശോധന നടത്തി. അവരെ ഞെട്ടിച്ചുകൊണ്ട് ഒരുകാര്യം വെളിപ്പെട്ടു. ഒന്നരസഹസ്രാബ്ദങ്ങൾക്കുമേൽ പ്രായമുള്ള ആ മുട്ടയിൽ വെള്ളക്കരുവിന്‌റെയും മഞ്ഞക്കരുവിന്റേയും അവശേഷിപ്പുകൾ ഇന്നുമുണ്ടത്രേ.

ഇംഗ്ലണ്ടിലെ ഓക്‌സ്ഫഡ് പട്ടണം വളരെ പ്രശസ്തമാണ്. വിശ്വവിഖ്യാതമായ ഓക്‌സ്ഫഡ് സർവകലാശാല സ്ഥിതി ചെയ്യുന്ന പട്ടണമാണ് ഇത്. ഓക്‌സ്ഫഡിൽ നിന്ന് 30 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന അയ്ൽസ്ബറി എന്ന സ്ഥലത്ത് പര്യവേഷണം നടത്തിയപ്പോഴാണ് മുട്ട കിട്ടിയത്. വർഷങ്ങൾക്കു മുൻപായിരുന്നു ഈ ഖനനം. മൊത്തം നാലു മുട്ടകൾ ഇവിടെ നിന്നു കണ്ടെത്തിയെങ്കിലും മൂന്നെണ്ണം പൊട്ടിപ്പോയി. ഒരെണ്ണം നിലനിന്നു. ബ്രിട്ടനിലെ പ്രശസ്തമായ ഒരു റോമൻ കേന്ദ്രമാണ് അയ്ൽസ്ബറി.

നിലനിന്ന മുട്ട ബ്രിട്ടനിലെ കെന്‌റ് സർവകലാശാലയിലാണ് മൈക്രോസ്‌കോപിക് കംപ്യൂട്ടഡ് ടോമോഗ്രഫി എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് സ്‌കാൻ ചെയ്തത്. വിവിധ എക്‌സ്‌റേ ചിത്രങ്ങളെടുത്ത് അവ ഡിജിറ്റലായി സംയോജിപ്പിച്ച് ത്രിമാന ചിത്രം തയാറാക്കുന്ന രീതിയാണ് ഇത്.

അയ്ൽസ്ബറി എന്ന സ്ഥലത്ത് വെള്ളം കെട്ടി നിന്ന ഒരു കുഴിയിൽ നിന്നാണ് മുട്ടകൾ കണ്ടെത്തിയത്. എഡി മൂന്നാം നൂറ്റാണ്ടിലേതാണു മുട്ടകളെന്നു പിന്നീട് കണ്ടെത്തി. ഇംഗ്ലണ്ട് റോമൻ സാമ്രാജ്യത്തിന്റെ ഭാഗമായി നിലനിന്നിരുന്ന സമയമാണ് ഇത്. ജൈവികമായ വസ്തുക്കൾ ഓക്‌സിജനുമായി പ്രവർത്തിക്കുമ്പോൾ പൊതുവേ നശിച്ചുപോകാറാണ് പതിവ്. എന്നാൽ വെള്ളം തളം കെട്ടി നിൽക്കുന്ന മണ്ണ് ഇവയിൽ ചിലതിനെ സംരക്ഷിക്കും. മുട്ടകൾക്ക് പുറമേ തടിപ്പെട്ടികളും തുകൽ ഷൂകളും മരത്തടിയിൽ നിർമിച്ച ചില പാത്രങ്ങളും ഉപകരണങ്ങളുമൊക്കെ ഈ കുഴിയിൽ നിന്നു കണ്ടെടുത്തിരുന്നു. റോമൻ കാലത്തുള്ള മുട്ടത്തോടുകളും മറ്റും മുൻപേ ഇംഗ്ലണ്ടിൽ കണ്ടെത്തിയിട്ടുണ്ട്.

English Summary:

Ancient Roman egg unearthed near Oxford, preserves for over 1700 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com