കരിയിലൊട്ടിച്ച സെല്ലോടേപ്പിൽ കിട്ടിയ അദ്ഭുത വസ്തു: 2 ശാസ്ത്രജ്ഞർക്ക് നൊബേൽ നേടിക്കൊടുത്ത കണ്ടെത്തൽ
Mail This Article
ഗ്രാഫീനെന്നു കൂട്ടുകാരിൽ പലരും കേട്ടിട്ടുണ്ടാകും. അടുത്തിടെ ബജറ്റിലൊക്കെ ഗ്രാഫീൻ അധിഷ്ഠിത പദ്ധതികൾ പ്രഖ്യാപിച്ചതു വാർത്തകളിൽ കേട്ടിരുന്നു. കാറുകളുടെ പെയിന്റ് സംരക്ഷിക്കാനായി ഗ്രാഫീൻ കോട്ടിങ് എന്ന വിദ്യയും ഇക്കാലത്ത് നല്ല പ്രചാരത്തിലുണ്ട്. ലോകത്തിലെ ആദ്യ ഗ്രാഫീൻ അധിഷ്ഠിത സെമിക്കണ്ടക്ടർ വികസിപ്പിച്ചതിനെക്കുറിച്ചുള്ള വാർത്തകളും അടുത്തിടെ ഇറങ്ങിയിരുന്നു. ഭാവിയിൽ ക്വാണ്ടം കംപ്യൂട്ടറുകൾ ഉൾപ്പെടെയുള്ളവയെ പ്രവർത്തനയോഗ്യമാക്കാൻ ഇതുപകരിക്കുമെന്നാണു കണക്കുകൂട്ടൽ.
സ്റ്റീലിനെക്കാൾ ഇരുനൂറു മടങ്ങ് കരുത്ത്. വണ്ടർ മെറ്റീരിയൽ എന്നു വിളിപ്പേര്. ഇലക്ട്രോണിക്സ് വ്യവസായരംഗത്തും മറ്റും ഭാവിയിൽ നിർണായക സ്ഥാനമുണ്ടാകുമെന്നു പ്രതീക്ഷിക്കപ്പെടുന്ന വസ്തുവാണു ഗ്രാഫീൻ. കാർബണിന്റെ രൂപങ്ങളിലൊന്നും സ്ഥിരം കാണപ്പെടുന്നതുമായ ഗ്രാഫൈറ്റ് ഒട്ടേറെ കാർബൺ പാളികൾ ചേർത്തടുക്കിയതുപോലുള്ള ഒരു ഘടനയാണ്. ഇതിന്റെ ഒറ്റപ്പാളിയാണ് സിംഗിൾ ലെയേർഡ് ഗ്രാഫീൻ. രണ്ടു മുതൽ പത്തു വരെ പാളികൾ ചേർന്ന നിലയിലും ഗ്രാഫീനുണ്ട്.
വൈദ്യുതി, താപം എന്നിവയുടെ ഒന്നാംതരം ചാലകമായ ഗ്രാഫീന് ഇലക്ട്രോണിക്‌സ് മേഖലയിൽ ഒട്ടേറെ സാധ്യതകളുണ്ട്. മറ്റു മൂലകങ്ങളും വസ്തുക്കളുമായി സംയോജിപ്പിച്ച് വളരെ മികച്ച സവിശേഷതകളുള്ള പുതിയ വസ്തുക്കളെ ഗ്രാഫീനുപയോഗിച്ചു നിർമിക്കാനുമാകും. ബാറ്ററി, കംപ്യൂട്ടർ ചിപ്, സൂപ്പർ കപ്പാസിറ്റർ, വാട്ടർ ഫിൽറ്റർ, ആന്റിന, സോളർ സെൽ, ടച്ച് സ്‌ക്രീൻ തുടങ്ങി ഇക്കാലത്ത് ആവശ്യമായ വിഭിന്നമായ ഒട്ടേറെ വസ്തുക്കളുടെ നിർമാണത്തിനു ഗ്രാഫീൻ ഉപയോഗിക്കാം. ഏറ്റവും കരുത്തുറ്റ വസ്തുക്കളിലൊന്നായതിനാൽ നിർമാണമേഖലയിലും സാധ്യതകളുണ്ട്.വരുംകാലത്ത് ഏറെ നിർണായകമാകുമെന്നു കരുതപ്പെടുന്ന നാനോടെക്‌നോളജി സാങ്കേതികവിദ്യയിലും ഗ്രാഫീൻ നിർണായകമായ ഒരു സ്ഥാനം വഹിക്കുന്നുണ്ട്. കേരളത്തിലും ഗ്രാഫീൻ സംബന്ധിച്ച പദ്ധതികൾ പണിപ്പുരയിലാണ്.
2010ൽ കെമിസ്ട്രിയിലെ നൊബേൽ പുരസ്‌കാരം ഗ്രാഫീൻ ആദ്യമായി വേർതിരിച്ചെടുത്ത ആന്ദ്രേ ഗെയിം, കോൺസ്റ്റാന്റിൻ നോവോസെലോവ് എന്നിവർക്കാണു ലഭിച്ചത്. ഗ്രാഫീന്റെ കണ്ടെത്തൽ കൗതുകകരമായ ഒന്നാണ്. വളരെ അവിചാരിതമായാണ് ഈ അദ്ഭുത വസ്തു മനുഷ്യലോകത്തിനു സ്വന്തമായത്. എല്ലാ വെള്ളിയാഴ്ചകളിലും ആന്ദ്രേ ഗെയിം, കോൺസ്റ്റാന്റിൻ നോവോസെലോവ് എന്നിവർ പരീക്ഷണങ്ങളിൽ ഏർപ്പെടുന്നത് പതിവായിരുന്നു. ഒരിക്കൽ തമാശരീതിയിൽ ഒരു കഷണം ഗ്രാഫൈറ്റ് കരിയിൽ സെല്ലോടേപ് ഉപയോഗിച്ചു ഒട്ടിക്കുകയും ടേപ് മാറ്റുകയും ചെയ്തു. അപ്പോൾ ഒരു ആറ്റം കട്ടിയുള്ള ഗ്രാഫീൻ ഉടലെടുത്തു. പിന്നീടത് വേർതിരിച്ചു.നിസ്സാരമെന്നു തോന്നിയ ഈ പരീക്ഷണത്തിലൂടെ വെളിപ്പെട്ടത് ലോകത്തെ മാറ്റിമറിക്കാൻ ശേഷിയുള്ള അദ്ഭുത വസ്തുവായിരുന്നു. ശാസ്ത്രജ്ഞർക്ക് ഇതു നൊബേൽ നേടിക്കൊടുക്കുകയും ചെയ്തു.