ADVERTISEMENT

അമേരിക്കൻ വൻകരകളിൽ കാണപ്പെടുന്ന ആർമഡില്ലോ അഥവാ ഇത്തിൾപന്നിയെന്ന ജീവികൾ വളരെ പ്രശസ്തമാണ്. ഇക്കൂട്ടത്തിൽ ഇന്ന് 20 സ്പീഷീസിലധികം ജീവികളുണ്ട്. എന്നാൽ ഇവയിൽ ഒരെണ്ണം മറ്റുള്ളവയിൽ നിന്നു വേറിട്ടു നിൽക്കുന്ന ജീവികളാണ്. ഇവയുടെ പേരാണ് പിങ്ക് ഫെയറി ആർമഡില്ലോ. ആർമഡില്ലോകളുടെ വംശത്തിൽ ഏറ്റവും ചെറിയ ശരീരമുള്ള ജീവി. പേരു സൂചിപ്പിക്കുന്നതു പോലെ ഇവയുടെ ശരീരത്തിനു പിങ്ക് നിറമാണ്. എന്നാൽ അതിലുമേറെ വ്യത്യസ്തത ഇവയ്ക്കുള്ളത് മറ്റൊരു കാര്യത്തിലാണ്. രണ്ട് പാളികളായുള്ള ത്വക്കുള്ള ലോകത്തിലെ ഒരേയൊരു സസ്തനി പിങ്ക് ആർമഡില്ലോ ആണത്രേ.

പിങ്ക് ഫെയറി ആർമഡില്ലോകൾക്ക് കുഴികൾ തുരക്കാനും ഭൂമിക്കടിയിൽ ജീവിക്കാനുമൊക്കെ ഈ ഇരട്ടപ്പാളിയുള്ള ത്വക്ക് സഹായകമാണെന്നു ശാസ്ത്രജ്ഞർ പറയുന്നു. ഇവ കൂടുതൽ സമയവും ജീവിക്കുന്നത് ഭൂമിക്കടിയിലാണ്.

∙ പൂർവികനൊരു വമ്പൻ
ആർമഡില്ലോകളുടെ ചരിത്രാതീത കാല പതിപ്പും പൂർവികനുമായിരുന്നു ഗ്ലിപ്‌റ്റോഡോൺ. 1823ൽ ആണ് ഗ്ലിപ്‌റ്റോഡോണിന്റെ അവശേഷിപ്പുകൾ കണ്ടെത്തിയത്. ഇന്നത്തെ കാലത്തെ ഒരു ഹാച്ച്ബാക്ക് കാറിന്റെ വലുപ്പമുള്ളതായിരുന്നു ഈ ജീവി. ഇംഗ്ലിഷ് പ്രകൃതിശാസ്ത്രജ്ഞനായ റിച്ചഡ് ഓവനാണ് ഗ്ലിപ്‌റ്റോഡോൺ എന്ന പേര് ഈ ജീവിക്കു നൽകിയത്. 10 മീറ്റർ വരെ നീളമുള്ള ഈ ജീവി 1000 കിലോ വരെ ഭാരം നേടിയിരുന്നു. ആമയുടെ പുറന്തോടു പോലൊരു വമ്പൻ പുറന്തോട് ഇവയ്ക്കുണ്ടായിരുന്നു. ആയിരക്കണക്കിന് കട്ടിയേറിയ ഭാഗങ്ങൾ കൂടിച്ചേർന്നായിരുന്നു ഇവയുണ്ടായത്.

11,700 വർഷം മുൻപാണ് അവസാനകാല ഗ്ലിപ്‌റ്റോഡോണുകൾ ഭൂമിയിൽ ജീവിച്ചത്. മനുഷ്യരോടൊപ്പം ഇവ ജീവിച്ചിരുന്നെന്നു സാരം. ഈ ജീവികൾ സസ്യാഹാരികളായിരുന്നു. ഇവർ മനുഷ്യരെ ഉപദ്രവിച്ചിരുന്നില്ല. എന്നാൽ മനുഷ്യർ ഇവയെ ആക്രമിച്ചിരുന്നു. ഗ്ലിപ്‌റ്റോഡോണുകളെ വേട്ടയാടുന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഇവയുടെ പുറന്തോട് കടന്ന് ആയുധങ്ങൾ പ്രയോഗിക്കാൻ പാടായിരുന്നു, ഏറ്റവും അപകടകരമായ കാര്യം ഗ്ലിപ്റ്റാേഡോണുകളുടെ വാലുകളായിരുന്നു. അതീവ കഠിനമായ ഈ വാലുകൾ ചുഴറ്റി ഇവ അടിച്ചാൽ വലിയ ആഘാതം ഏൽക്കും.

എങ്കിലും ഇവയുടെ മാംസം വലിയ അളവിലുണ്ടായിരുന്നു, മാത്രമല്ല കട്ടിയേറിയ ഇവയുടെ പുറന്തോട് ഒരു താൽക്കാലിക താമസസ്ഥലമായും ആളുകൾ ഉപയോഗിച്ചിരുന്നു. ഇക്കാര്യങ്ങളാൽ ആദിമ മനുഷ്യർ ഗ്ലിപ്‌റ്റോഡോണുകളെ വേട്ടയാടാൻ തുടങ്ങി. കട്ടിയുള്ള പുറന്തോടും മാരകമായ വാലും ഉണ്ടെങ്കിലും ഇവയുടെ വയർഭാഗം മൃദുവായതായിരുന്നു. അതിനാൽ തന്നെ ഗ്ലിപ്‌റ്റോഡോണുകളെ മറിച്ചിട്ടാൽ വേട്ടക്കാർക്ക് കാര്യങ്ങൾ എളുപ്പമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com