ലോകത്തെ ഏറ്റവും പഴയ ലിപ്സ്റ്റിക്; 4000 വർഷം പഴക്കം: കണ്ടെത്തിയത് ഇറാനിൽനിന്ന്
Mail This Article
ലിപ്സ്റ്റിക് ഇന്നു ലോകത്ത് സർവസാധാരണമായി ഉപയോഗിക്കപ്പെടുന്ന കോസ്‌മെറ്റിക് ഉൽപന്നമാണ്. നടികളും മോഡലുകളും തൊട്ടു സാധാരണക്കാർ വരെ ലിപ്സ്റ്റിക്കുകളുടെ ഉപയോക്താക്കളുമാണ്. എന്നാൽ ലിപ്സ്റ്റിക് സംബന്ധിച്ച് ശ്രദ്ധേയമായ ഒരു കണ്ടെത്തൽ ഏഷ്യൻ രാജ്യമായ ഇറാനിൽ 2001 ൽ നടന്നിരുന്നു. വെങ്കലയുഗം മുതൽ മനുഷ്യർ ലിപ്സ്റ്റിക് ഉപയോഗിച്ചിരുന്നു എന്നതിനു തെളിവു നൽകുന്നതായിരുന്നു ഈ കണ്ടെത്തൽ. തെക്കുകിഴക്കൻ ഇറാനിലെ ജിറോഫ്റ്റ് മേഖലയിൽ നിന്നാണ് അന്ന് ഈ ലിപ്സ്റ്റിക് കണ്ടെത്തിയത്. കമനീയമായി അലങ്കരിച്ച ഒരു ചെറിയ പെട്ടിക്കുള്ളിലായിരുന്നു ഇതു സൂക്ഷിച്ചിരുന്നത്.
ബിസി 1936 മുതൽ 1687 വരെയുള്ള കാലയളവിലെപ്പോഴോ ആണ് ഈ ലിപ്സ്റ്റിക് തയാർ ചെയ്തതെന്നു കരുതുന്നു. ലോകത്തു കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും പഴക്കമുള്ള ലിപ്സ്റ്റിക്കാണിതെന്ന് ശാസ്ത്രജ്ഞർ അടുത്തിടെ നടത്തിയ ഗവേഷണങ്ങളിലൂടെ തെളിയിച്ചിരുന്നു. റേഡിയോ കാർബൺ ഡേറ്റിങ്ങിലൂടെയാണ് ഇതിന്റെ കാലപ്പഴക്കം നിർണയിച്ചത്. ഈ ആദിമ ലിപ്സ്റ്റിക് രാസ പരിശോധനയ്ക്കും വിദഗ്ധർ വിധേയമാക്കിയിരുന്നു. ഹേമറ്റൈറ്റ് എന്ന രാസവസ്തുവാണ് ഇതിൽ പ്രധാനമായും ഉള്ളത്. ലിപ്സ്റ്റിക്കിനു കടുംചുവപ്പു നിറം നൽകുന്നത് ഈ രാസവസ്തുവാണ്. മാംഗനൈറ്റ്, ബ്രോണൈറ്റ്, ഗലീന, ആംഗ്ലിസൈറ്റ് തുടങ്ങിയ രാസവസ്തുക്കളും ഇതിലുണ്ട്.
പൗരാണിക ഇറാനിൽ സൗന്ദര്യവർധക വസ്തുക്കൾ വ്യാപകമായി ഉപയോഗിച്ചിരുന്നെന്നു ഗവേഷകർ പറയുന്നു. പൗരാണിക നാഗരികതകൾ നിലനിന്ന ലോകത്തെ പല കേന്ദ്രങ്ങളിൽനിന്നും ഫൗണ്ടേഷനുകൾ, ഐ ഷാഡോ, ഐലൈനറുകൾ തുടങ്ങിയവയുടെ ആദ്യ രൂപങ്ങൾ ഗവേഷകർ കണ്ടെടുത്തിരുന്നു.