ADVERTISEMENT

ലോകത്ത് അന്യഗ്രഹജീവികൾ ഇതുവരെ എത്തിയതായി യാതൊരു തെളിവുമില്ല, യാതൊരു സ്ഥിരീകരണവുമില്ല. എങ്കിലും അന്യഗ്രഹജീവികളെക്കുറിച്ചുള്ള ചിന്തകൾക്കും കോലാഹലങ്ങൾക്കും യാതൊരു പഞ്ഞവുമില്ല. ശാസ്ത്ര, സാങ്കേതികവിദ്യയുടെ കരുത്തിൽ കുതിക്കുന്ന യുഎസ് പോലുള്ള രാജ്യങ്ങളിലെ ആളുകളാണ് ഏലിയൻ സംബന്ധിച്ചുള്ള ഗൂഢവാദങ്ങൾ ഏറെയും വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും. അന്യഗ്രഹജീവികൾ പലകാലങ്ങളിൽ പലരൂപങ്ങളിൽ ഭൂമിയിൽ വന്നിട്ടുണ്ടെന്നൊക്കെ ധാരാളം നിഗൂഢവാദങ്ങളുണ്ട്. ഭൂമിക്കു പുറത്ത് ഏതെങ്കിലും സ്ഥലങ്ങളിൽ മനുഷ്യരെപ്പോലെ ബുദ്ധിയും ശേഷിയുമുള്ളവരോ അല്ലെങ്കിൽ മറ്റേതെങ്കിലുമോ തരത്തിലുള്ള അന്യഗ്രഹജീവികളെ കണ്ടെത്തിയിട്ടില്ല. എന്നാൽ പ്രപഞ്ചം അനന്തവിശാലമാണ്. എണ്ണിയാലൊടുങ്ങാത്ത താരാപഥങ്ങളും അതിൽ തന്നെ കോടിക്കണക്കിന് ഗ്രഹങ്ങളും ഉപഗ്രഹങ്ങളും മറ്റു മേഖലകളിലുമൊക്കെയുള്ള പ്രപഞ്ചത്തിൽ വേറെയും ജീവമേഖലകളുണ്ടാകാമെന്ന സാധ്യതയെ ശാസ്ത്രവും വിലയ്‌ക്കെടുക്കുന്നു.

3D rendering of Enceladus, a moon of Saturn. Photo Credits: Stephane Masclaux/ Shutterstock.com
3D rendering of Enceladus, a moon of Saturn. Photo Credits: Stephane Masclaux/ Shutterstock.com

എന്നാൽ ഇപ്പോൾ പുതിയൊരു കൗതുകകരമായ പഠനം പുറത്തുവന്നിരിക്കുകയാണ്. അന്യഗ്രഹജീവികളുണ്ടെങ്കിൽ പോലും അവർക്ക് ഭൂമിയിലേക്ക് വന്നു സന്ദർശനം നടത്താനൊക്കില്ലെന്ന് ഇതിനു പിന്നിലുള്ള ഗവേഷകർ പറയുന്നു. ജേണൽ ഓഫ് ബ്രിട്ടിഷ് ഇന്‌റർ പ്ലാനറ്ററി സൊസൈറ്റി എന്ന ശാസ്ത്ര പ്രസിദ്ധീകരണത്തിലാണ് പഠനം വന്നിരിക്കുന്നത്. ഭൂമിയേക്കാളും വലുപ്പവും ഭാരവുമുള്ള സൂപ്പർ എർത്ത് ഗ്രഹങ്ങളെയാണ് ഗവേഷകർ ഉദാഹരണമാക്കിയെടുത്തത്. ഈ ഗ്രഹങ്ങളിൽ വലുപ്പവും ഭാരവും കൂടുതലാണെന്നതുപോലെ തന്നെ ഇവയുടെ ഗുരുത്വബലവും കൂടുതലാണെന്ന് ഗവേഷകർ പറയു‌ന്നു. അതിനാൽ തന്നെ ആ ഗുരുത്വബലം കടന്നു മുന്നോട്ടുപോകാൻ തക്കവണ്ണം കരുത്തുള്ള വാഹനങ്ങൾ സാങ്കേതികപരമായി നിർമിക്കാൻ പ്രയാസമാണ്.

Representative image.. Photo .credits: 3000ad/ Shutterstock.com
Representative image.. Photo .credits: 3000ad/ Shutterstock.com

അന്യഗ്രഹജീവികളെ ബന്ധപ്പെടാനായി സന്ദേശങ്ങൾ അയയ്ക്കുന്ന പദ്ധതികൾ സജീവമാണ്. നാസയുടെ ജെറ്റ് പ്രപ്പൽഷൻ ലബോറട്ടറിയിലെ ഗവേഷകനായ ഡോ. ജൊനാഥൻ ജയാങ്ങിനു കീഴിലുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞർ അന്യഗ്രഹജീവികൾക്കായി ഒരു സന്ദേശം പ്രപഞ്ചത്തിലേക്കു വിടാൻ ആലോചിക്കുന്നുണ്ട്. ഈ സന്ദേശം വിടാനുള്ള സാങ്കേതിക വിദ്യ ഇതുവരെ തയാറായിട്ടില്ലെന്നു ജൊനാഥൻ പറയുന്നു. എന്നാൽ ഉടനെ അതു പ്രാവർത്തികമാകാം. മനുഷ്യർ നേരത്തെ തന്നെ ഭൂമിക്കു പുറത്തേക്ക് അന്യഗ്രഹജീവികൾക്കായുള്ള ഇത്തരം ക്ഷണപത്രങ്ങൾ വിട്ടിട്ടുണ്ട്.

Representative image.credits: Petair/ Shutterstock.com
Representative image.credits: Petair/ Shutterstock.com

1974ൽ അരിസിബോ സന്ദേശം എന്നറിയപ്പെടുന്ന അറിയിപ്പായിരുന്നു ഇക്കൂട്ടത്തിൽ ആദ്യത്തേത്. ബൈനറി കോഡുകളിലെഴുതിയ ഈ സന്ദേശത്തിൽ സൗരയൂഥത്തിന്റെ ഒരു മാപ്പും അടങ്ങിയിരുന്നു. അതിനു ശേഷം സെർച് ഫോർ എക്സ്ട്രാ ടെറസ്ട്രിയൻ ഇന്റലിജൻസ് (സേറ്റി) തുടങ്ങിയ സ്ഥാപനങ്ങൾ ഒട്ടേറെ തവണ സന്ദേശങ്ങൾ വിട്ടു. എന്നാൽ ഇത്തരത്തിലുള്ള ശ്രമങ്ങൾക്ക് അനുകൂലമായും പ്രതികൂലമായും അഭിപ്രായങ്ങളുണ്ടായിട്ടുണ്ട്. ഇത്തരം സന്ദേശങ്ങൾ ചിലപ്പോൾ അന്യഗ്രഹജീവികളെ ഭൂമിയിലേക്കു ക്ഷണിച്ചു വരുത്തിയേക്കും. ചിലപ്പോൾ അതു ഭൂമിക്കും മനുഷ്യർക്കും ഗുണപരമായ കാര്യമാകും. വിവിധ ലോകങ്ങൾ തമ്മിലുള്ള സൗഹൃദവും രൂപപ്പെട്ടേക്കാം. എന്നാൽ ചിലപ്പോൾ ശക്തരായ ഒരു അന്യഗ്രഹവംശത്തിന്റെ അധിനിവേശത്തെയാകും ഭൂമിക്കു നേരിടേണ്ടി വരിക. അങ്ങനെ വന്നാൽ അതു മനുഷ്യസമൂഹത്തിനു ഗുണകരമാകില്ല. അന്തരിച്ച വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് ഉൾപ്പെടെയുള്ളവർ അന്യഗ്രഹജീവികളെ ബന്ധപ്പെടാനുള്ള ശാസ്ത്രജ്ഞരുടെ ശ്രമത്തെ എതിർത്തിരുന്നു.

English Summary:

The Science Behind Why Aliens Haven't Visited Earth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com