ADVERTISEMENT

ഇന്നത്തെ കാലത്ത് നാം സൗരവാതങ്ങളെക്കുറിച്ച് സ്ഥിരം കേൾക്കാറുണ്ട്. സൂര്യന്റെ പ്രവർത്തനം ഏറെ കൂടിയിരിക്കുന്ന സോളർ മാക്സിമം എന്ന ഘട്ടം വന്നതായിരിക്കാം ഇതിനുള്ള കാരണമെന്ന് ശാസ്ത്രജ്ഞർ പറയുന്നു ലോകചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള സൗരവാതങ്ങളിൽ ഏറ്റവും തീക്ഷ്ണമായത് നടന്നത് 1582ൽ ആണ്. അന്നു പോർച്ചുഗലിലെ ലിസ്ബണിൽ താമസിച്ചിരുന്ന പെറോ റൂയിസ് സുവാരസ് എന്ന വ്യക്തി ഇതിനെപ്പറ്റി എഴുതിയിട്ടുണ്ട്. ആകാശം കത്തിയെരിഞ്ഞ് തീനാളങ്ങൾ കൊണ്ടു നിറഞ്ഞതായി സുവാരസ് പറയുന്നു. ആ സൗരവാതം 3 ദിനരാത്രങ്ങൾ നീണ്ടു നിന്നത്രേ. രാത്രിയിൽ ലിസ്ബണിലെ കോട്ടയ്ക്കുമുകളിലും ആകാശം തീനിറമായി. ഭയപ്പെടുത്തുന്ന കാഴ്ചയായിരുന്നു അതെന്നും സുവാരസിന്റെ രേഖകളിലുണ്ട്.പോർച്ചുഗലിൽ മാത്രമായിരുന്നില്ല, ജർമനിയുൾപ്പെടെ യൂറോപ്യൻ രാജ്യങ്ങൾ, കൊറിയ, ജപ്പാൻ എന്നിവയുൾപ്പെടെ കിഴക്കൻ ഏഷ്യൻ മേഖലകൾ എന്നിവിടങ്ങളിലും ഈ കാഴ്ചകൾ ദൃശ്യമായിരുന്നത്രേ.

അന്നത്തെ കാലത്തെ ജനങ്ങൾക്ക് ഇതു സൗരവാതമാണെന്നോ, അതിന്റെ പിന്നിലുള്ള ശാസ്ത്രീയ കാരണങ്ങൾ എന്താണെന്നോ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. ആളുകളിൽ വലിയ പേടി ഉടലെടുക്കാൻ ഈ സംഭവം കാരണമായി. എന്നാൽ ലക്ഷണങ്ങൾ നോക്കി അതു സൗരവാതം തന്നെയാണെന്ന നിരീക്ഷണത്തിൽ ശാസ്ത്രജ്ഞർ പിൽക്കാലത്ത് എത്തിച്ചേർന്നു. ഇരുപതാം നൂറ്റാണ്ടിലും സൗരവാതങ്ങൾ ഉണ്ടായിട്ടുണ്ട്.1909 ൽ സംഭവിച്ചതായിരുന്നു ഇക്കൂട്ടത്തിൽ ഏറ്റവും തീവ്രം. ജപ്പാനിലായിരുന്നു ഇത് ഏറെ ദൃശ്യം. ആകാശം ആദ്യം നീലനിറത്തിലായി. അതിനു ശേഷം കടുംചുവപ്പും. മേഖലയിലെ ടെലിഗ്രാഫ് സംവിധാനങ്ങളെല്ലാം താറുമാറാക്കപ്പെട്ടു. രാത്രിയിൽ ആകാശത്തു വിവിധനിറങ്ങൾ നൃത്തം ചെയ്തു.

സമീപകാലത്ത് സംഭവിച്ചിട്ടുള്ള ഏറ്റവും കടുത്ത സൗരവാതം 1859ൽ യുഎസിലാണു ദൃശ്യമായത്.കാരിങ്ടൻ ഇവന്റ് എന്നു വിശേഷിപ്പിക്കുന്ന ഇതു മൂലം യുഎസിലെ ടെലിഗ്രാഫ് സംവിധാനങ്ങളും തകരാറിലായി.1921ൽ സംഭവിച്ച മറ്റൊരു സൗരവാതത്തിൽ യുഎസിൽ ദിവസങ്ങളോളം നീണ്ട വൈദ്യുതിയില്ലായ്മ ഉടലെടുത്തു.സൂര്യന്റെ ഏറ്റവും പുറത്തെ ഭാഗമായ കൊറോണയിൽ താപനില 11 ലക്ഷം വരെ ഉയരാറുണ്ട്. ആ സമയത്ത്, സൂര്യന്റെ ഗുരുത്വബലത്തിന് അതിവേഗത്തിൽ (സെക്കൻഡിൽ 800 കിലോമീറ്റർ വരെ) ചലിക്കുന്ന പ്ലാസ്മ കണികകളെ നിയന്ത്രിച്ചു നിർത്താനാകില്ല. ഇവ സൂര്യന്റെ ആകർഷണവലയം ഭേദിച്ചു സൗരയൂഥത്തിലേക്ക് തെറിക്കും. പ്ലാസ്മയെക്കാൾ വാതകങ്ങളുടെ സ്വഭാവമാകും ഇവയ്ക്കപ്പോളുണ്ടാകുക.ഇതാണ് സൗരവാതം.

ഭൂമിയുടെ അന്തരീക്ഷത്തിനു സമീപമെത്തുമ്പോൾ ഗ്രഹത്തിന്റെ കാന്തികമേഖല ഇവയെ തടയും. അതിനാൽ സാധാരണഗതിയിൽ ഇവ അപകടകാരികളാകാറില്ല. എന്നാൽ ചില സമയത്ത് സൂര്യനിൽ നിന്ന് വലിയ അളവിൽ പ്ലാസ്മ പുറന്തള്ളപ്പെടും. ഇതിനെ കൊറോണൽ മാസ് ഇജക്‌ഷൻ എന്നു വിളിക്കുന്നു. ഇവയുടെ കൃത്യമായ ഉത്ഭവ കാരണങ്ങൾ ഇന്നും അറിവായിട്ടില്ല.ധ്രുവദീപ്തികളും മറ്റുമുണ്ടാകുന്നത് ഇവമൂലമാണ്. ഇതിൽ തന്നെ, വളരെ ശക്തിയേറിയ രീതിയിലുള്ള പ്ലാസ്മാപ്രവാഹം, കാന്തികമേഖലയെ ഭേദിച്ചു മുന്നേറുകയും ഉപഗ്രഹങ്ങൾ, വൈദ്യുത ഇലക്ട്രോണിക് സംവിധാനങ്ങൾ തുടങ്ങിയവയെ ബാധിക്കുകയും ചെയ്യാം. 

English Summary:

Solar Wind Mystery That Ignited Portugal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com