ഒരു പാറയുടെ മുകളിൽ തൊട്ടിരിക്കുന്ന മറ്റൊരു പാറ! കുമ്മാക്കിവി എന്ന അദ്ഭുതം
Mail This Article
ഒരു പാറയുടെ മേൽ മറ്റൊരു വമ്പൻ പാറ വെറുതെ തൊട്ടതുപോലെ ഇരിക്കുന്നതു കണ്ടാൽ നമ്മൾ അമ്പരന്നുപോകും. ഇതുടനെ മറിഞ്ഞുവീഴുമെന്നു തോന്നാമെങ്കിലും ഈ പാറകൾ ഇങ്ങനെ ഇരിക്കാൻ തുടങ്ങിയിട്ട് സഹസ്രാബ്ദങ്ങളായി എന്നതാണു വസ്തുത. ഫിൻലൻഡിലെ റൂകോലാഹ്തി എന്ന സ്ഥലത്താണ് കുമ്മാക്കിവി എന്നറിയപ്പെടുന്ന ഈ പാറ. വിചിത്രമായ പാറ എന്നാണ് കുമ്മാക്കിവിയുടെ അർഥം. ഏകദേശം 12000 വർഷങ്ങളായി ഈ പാറ ഇവിടെയുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
23 അടി നീളമുള്ള പാറയാണ് കുമ്മാക്കിവി. എങ്ങനെയാണ് ഇത് ഇവിടെയെത്തിയതെന്നത് സംബന്ധിച്ച് കാലങ്ങളായി പഠനങ്ങളും തർക്കങ്ങളുമൊക്കെ നടക്കുന്നുണ്ട്. ഫിൻലൻഡിലെ തദ്ദേശീയ വിശ്വാസമനുസരിച്ച് കുമ്മാക്കിവി ഇവിടെ കൊണ്ടുവന്നു വച്ചത് ഏതോ ഭീകരജീവികളാണ്. ചരിത്രാതീത കാലത്തുണ്ടായിരുന്ന ഒരു ഹിമാനിയുടെ ഒഴുക്കുമായി ബന്ധപ്പെട്ടാണ് ഇത് അവിടെ വന്നതെന്നാണ് ഗവേഷകരുടെ അഭിപ്രായം. കുമ്മാക്കിവി കാണാനായി ധാരാളം വിനോദസഞ്ചാരികൾ റുകോലാഹ്തിയിൽ എത്താറുണ്ട്. ഇങ്ങോട്ടേക്ക് വാഹനങ്ങൾ വരാത്തതിനാൽ ഒരു കിലോമീറ്ററോളം നടന്നാണ് ആളുകൾ എത്തുക.
വലിയ ഭാരമുള്ളതാണ് കുമ്മാക്കിവി, ഏകദേശം അഞ്ച് ലക്ഷം കിലോ വരും ഇതിന്റെ ഭാരം. കുമ്മാക്കിവി നിൽക്കുന്നത് കണ്ടാൽ ഇപ്പോൾ ഉരുണ്ടുവീഴുമെന്ന പ്രതീതി ആളുകളിൽ വരും. എന്നാൽ ഇങ്ങനെയൊന്നുമില്ല. തള്ളി മറിക്കാൻ ശ്രമിച്ചാൽ പോലും ഇത് വീഴില്ല. താഴെയുള്ള പരുക്കൻ പാറയുമായി നന്നായി ഒട്ടിച്ചേർന്നിട്ടുണ്ട് മുകളിലെ വലിയ പാറ.