ടൈറ്റാനിക് മുങ്ങിയതോ മുക്കിയതോ? കപ്പലിനെക്കുറിച്ചുയർന്ന കഥകളും വാദങ്ങളും
Mail This Article
122 വർഷങ്ങളാണ് കടന്നുപോയത്. 1912 ഏപ്രിൽ 15ന് ആണ് ടൈറ്റാനിക് കടലിൽ മുങ്ങിയത് .ബ്രിട്ടനിലെ സതാംപ്ടണിൽ നിന്ന് യുഎസ് നഗരം ന്യൂയോർക്കിലേക്കു തന്റെ കന്നിയാത്രയ്ക്കു പുറപ്പെട്ടതായിരുന്നു ആ കപ്പൽ. വെറുമൊരു കപ്പലായിരുന്നില്ല അത്. ബ്രിട്ടനിലെ വമ്പൻ സമുദ്രഗതാഗത കമ്പനിയായ വൈറ്റ്സ്റ്റാർ ലൈനിന്റെ അഭിമാന ചിഹ്നമായിരുന്നു അത്. അന്നുവരെ ലോകത്തിൽ നിർമിക്കപ്പെട്ടവയിൽ ഏറ്റവും വലിയ ആഢംബരക്കപ്പൽ.
2224 യാത്രക്കാരുമായി യാത്ര തിരിച്ച ആ കപ്പലിനെ, പക്ഷേ കന്നിയാത്രയിൽ തന്നെ സർവനാശമായിരുന്നു കാത്തിരുന്നത്. അറ്റ്‌ലാന്‌റിക് സമുദ്രത്തിൽ സ്ഥിതി ചെയ്ത ഒരു കൂറ്റൻ മഞ്ഞുപാളിയിൽ ഇടിച്ച് ഏപ്രിൽ 15നു കപ്പൽ പൂർണമായി തകർന്നു. യാത്രക്കാരിൽ 1500 പേർ മരിച്ചു. 1997 ഹോളിവുഡിലെ ഒന്നാം നിര സംവിധായകനായ ജെയിംസ് കാമറൺ, ഈ കപ്പലിന്റെ കഥയെ ആസ്പദമാക്കിയെടുത്ത ടൈറ്റാനിക് എന്ന ബ്ലോക്ക്ബസ്റ്റർ ചലച്ചിത്രം 11 ഓസ്‌കാർ പുരസ്‌കാരങ്ങൾ നേടി ലോകം മുഴുവൻ ഹിറ്റായി. ടൈറ്റാനിക്കിന്റെ മുങ്ങലിനും പിന്നിൽ ധാരാളം ദുരൂഹതാ സിദ്ധാന്തങ്ങൾ ആരോപിക്കപ്പെട്ടിട്ടുണ്ട്.
ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തം ഒരു ഈജിപ്ഷ്യൻ മമ്മിയുമായി ബന്ധപ്പെട്ടുള്ളതാണ്. ബ്രിട്ടനിലേക്ക് ഈജിപ്തിൽ നിന്നെത്തിച്ചതാണ് ഈ മമ്മിയെ. പണ്ട് ഈജിപ്തിൽ ജീവിച്ചിരുന്ന ഒരു പുരോഹിതയുടേതായിരുന്നു ഈ മമ്മി. ചില സംഭവങ്ങൾ കാരണം ഈ മമ്മി ബ്രിട്ടനിലെമ്പാടും പ്രശസ്തി നേടി. ദുർശാപങ്ങളുടെ പുരോഹിത, അൺലക്കി മമ്മി എന്നിങ്ങനെ പലപേരുകളിൽ ഇത് അറിയപ്പെട്ടു. ഇത്തരം കാര്യങ്ങളിലൊന്നും യാതൊരു വിശ്വാസവുമില്ലാതിരുന്ന ഒരു അമേരിക്കക്കാരൻ മമ്മിയെ വിലയ്ക്കു വാങ്ങുകയും ടൈറ്റാനിക്കിലേറ്റി അതു യുഎസിലേക്കു കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ മമ്മിയുടെ ശാപം ടൈറ്റാനിക്കിനെയും വെറുതെ വിട്ടില്ല. അതു ദുരന്തത്തിലേക്കാണ് തന്റെ ആദ്യയാത്ര ചെയ്തത്. ടൈറ്റാനിക്കുമായി ബന്ധപ്പെട്ടുള്ള മമ്മിക്കഥ മേൽപ്പറഞ്ഞതാണ്. യൂറോപ്പിലും യുഎസിലും ഈ കഥ വളരെ പ്രചാരം നേടിയിരുന്നു.
എന്നാൽ ഒട്ടേറെ ആളുകൾ വിശ്വസിച്ച ഈ കഥ പടച്ചുവിട്ട കഥയാണെന്നതാണു വസ്തുത. ബ്രിട്ടിഷ് മ്യൂസിയത്തിൽ ഒരു അജ്ഞാത ചരിത്ര വ്യക്തിത്വത്തിന്റെ മമ്മിയുണ്ടെന്നതു ശരിയാണ്. ആർട്ടിഫാക്ട് 22542 എന്ന നമ്പരിൽ ഇന്നും ആ മമ്മി മ്യൂസിയത്തിൽ കാണാം. എന്നാൽ മമ്മി ഒരിക്കലും ബ്രിട്ടിഷ് മ്യൂസിയം വിട്ടുപോയിട്ടില്ല. വേറെയും നിഗൂഢവാദ കഥകൾ ടൈറ്റാനിക്കിനെക്കുറിച്ചുണ്ടായിരുന്നു. ടൈറ്റാനിക്കല്ല യഥാർഥത്തിൽ മുങ്ങിയതെന്നും മറിച്ച് ഒളിംപിക് എന്ന മറ്റൊരു കപ്പലായിരുന്നു അതെന്നും ഇൻഷുറൻസ് തട്ടാനായായിരുന്നു ഇതെന്നുമായിരുന്നു ഇത്തരത്തിൽ ഒരു കഥ. എന്നാൽ ചരിത്രകാരൻമാർ ഈ വാദത്തെ നിശിതമായി വിമർശിച്ചു.
അമേരിക്കയിൽ ഒരു കേന്ദ്രബാങ്ക് ഉണ്ടാക്കുന്നതിനെതിരെയുള്ള പ്രതിഷേധങ്ങൾ ഒഴിവാക്കാനായി സർക്കാർ തന്നെ മനപൂർവം ടൈറ്റാനിക് മുക്കിയതാണെന്ന കഥയുമിറങ്ങി. ത്തരമൊരു കേന്ദ്രബാങ്ക് ഉണ്ടാക്കുന്നതിനെ എതിർത്ത ഒട്ടേറെ പ്രബലരായ ധനികർ കപ്പലിൽ യാത്ര ചെയ്തു എന്നതാണ് ഈ നിഗൂഢവാദം ഇറങ്ങാൻ കാരണം. എന്നാൽ ഇതും വെറും പൊള്ളയായ വാദമായിരുന്നു.