ആകാശത്തേക്കുയർന്ന തൂണുകൾ! പിറവിയെടുക്കുന്ന നക്ഷത്രങ്ങൾ, ഹബ്ബിൾ പുറത്തുവിട്ട അദ്ഭുതചിത്രം
Mail This Article
ലോകത്തെ വിസ്മയിപ്പിച്ച പല ചിത്രങ്ങളുണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തിൽ ചിലത് പിറന്നത് ബഹിരാകാശത്താണ്. ചന്ദ്രനിൽ കാൽകുത്തിയ യാത്രികരുടെ ചിത്രവും അപ്പോളോ ദൗത്യം എടുത്ത ഭൂമിയുടെ ചിത്രവുമൊക്കെ ഇക്കൂട്ടത്തിൽ വളരെ പ്രശസ്തമാണ്. ഇങ്ങനെ പ്രശസ്തമായ ബഹിരാകാശ ചിത്രങ്ങളിൽ സവിശേഷ സ്ഥാനം വഹിക്കുന്ന ഒന്നാണ് ‘പില്ലേഴ്സ് ഓഫ് ക്രിയേഷൻ’.
ഹബ്ബിൾ സ്പേസ് ടെലിസ്കോപ്പാണ് ഈ ചിത്രം എടുത്തത്. ഭൂമിയിൽ നിന്ന് ഏകദേശം 7000 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന സെർപൻസ് നക്ഷത്രസമൂഹത്തിലെ ഈഗിൾ നെബുലയിൽ നിന്ന് എടുത്ത ചിത്രമാണ് ഇത്. പൊടിപടലങ്ങളും വാതകങ്ങളും നിറഞ്ഞ തൂണുകൾ പോലുള്ള ഘടനകളായിരുന്നു ഇവ.നക്ഷത്രങ്ങൾ പിറവിയെടുക്കുന്നത് ഈ മേഖലയിലാണ്.
1995 ഏപ്രിൽ ഒന്നിന് എടുക്കപ്പെട്ട ഈ ചിത്രം ലോകമെങ്ങും പ്രശസ്തി നേടി. മഗ്ഗുകളിലും ടീഷർട്ടുകളിലുമൊക്കെ പ്രിന്റ് ചെയ്തു പോലും ഈ ചിത്രം ആളുകൾ ഉപയോഗിച്ചു.
2011ൽ യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഹെർഷൽ സ്പേസ് ഒബ്സർവേറ്ററിയും 2011ൽ ഹബ്ബിളും 2022ൽ ജയിംസ് വെബ്ബുമൊക്കെ വീണ്ടും ഈ മേഖലയുടെ ചിത്രങ്ങളെടുത്തു.1990 ഏപ്രിൽ 24ന് എൻഡീവർ ബഹിരാകാശവാഹനമാണ് ഹബ്ബിൾ ടെലിസ്കോപ്പിനെ ഭ്രമണപഥത്തിലെത്തിച്ചത്. ജയിംസ് വെബ് പ്രവർത്തനം തുടങ്ങുന്നതിനു മുൻപ് ഏറ്റവും ശക്തമായ ബഹിരാകാശ ദൂരദർശിനിയായിരുന്നു ഹബ്ബിൾ. ബഹിരാകാശ പര്യവേക്ഷണ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉപകരണങ്ങളിലൊന്നായും ഇത് കണക്കാക്കപ്പെടുന്നു. ഭൂമിയുടെ അന്തരീക്ഷത്തിന് മുകളിൽ 570 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലാണ് ഹബ്ബിൾ സ്ഥിതി ചെയ്യുന്നത്. ഇതിന് 2.4 മീറ്റർ വ്യാസമുള്ള പ്രാഥമിക ദർപ്പണമുണ്ട്, കൂടാതെ ഇത് വിവിധ തരത്തിലുള്ള ശാസ്ത്രീയ ഉപകരണങ്ങൾ ഉപയോഗിച്ച് വ്യത്യസ്ത തരം വികിരണങ്ങളും നിരീക്ഷിക്കും. ഹബ്ബിൾ ദൂരദർശിനി ഇപ്പോഴും പ്രവർത്തനക്ഷമമാണ്.ബഹിരാകാശത്തെ കുറിച്ച് നിരവധി പുതിയ കണ്ടെത്തലുകൾ നടത്തുകയും ആദിമകാല ഗാലക്സികളുടെ ചിത്രങ്ങളും വിവരങ്ങളും ഇതു ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.