ADVERTISEMENT

അണ്ണാറക്കണ്ണനും തന്നാലയത് എന്നൊരു ചൊല്ലുകേട്ടിട്ടുണ്ടോ കൂട്ടുകാർ. കംബോഡിയയിൽ ഒരു എലിയുണ്ടായിരുന്നു. മഗാവ എന്നായിരുന്നു അതിന്റെ പേര്. അവിശ്വസനീയമായ ഒരു പ്രവൃത്തിയാണ് ഈ എലി ചെയ്തത്. കംബോഡിയയിൽ മണ്ണിൽ മറഞ്ഞുകിടന്ന 100 കണക്കിനു കുഴിബോംബുകൾ കണ്ടെത്തി ഒട്ടേറെ ജനങ്ങളുടെ ജീവൻ രക്ഷിച്ചു. മഗാവ തന്റെ എട്ടാം വയസ്സിൽ പ്രായാധിക്യം മൂലം മരിച്ചു. നമുക്ക് ചുറ്റുമുള്ള നിസ്സാരരെന്നു കരുതുന്ന ജീവികൾ പോലും എത്രത്തോളം ഉപകാരികളായേക്കാമെന്നതിന്റെ ഉദാഹരണമാണ് മഗാവ.

Magawa, the landmine-sniffing hero rat, dies aged eight

ആഫ്രിക്കൻ ജയന്റ് പൗച്ച്ഡ് റാറ്റ്സ് എന്ന വിഭാഗത്തിൽ ഉൾപ്പെട്ട മഗാവ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലാണു ജനിച്ചത്. 2016ൽ കംബോഡിയയിലെ സീം റീപ്പിലെത്തി. ഇത്തരത്തിൽ ആഫ്രിക്കയിൽ നിന്നു പല രാജ്യങ്ങളിലേക്കും സേവനത്തിനായി ഇത്തരം എലികളെ കൊണ്ടുപോയിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും മികച്ച സേവനം കാഴ്ചവച്ച എലിയാണു മഗാവ. അഞ്ച് വർഷത്തോളം ബോംബ് നിർവീര്യ സ്ക്വാഡിന്റെ ഭാഗമായിരുന്ന മഗാവയ്ക്ക് 2021ൽ ബ്രിട്ടൻ ധീരതയ്ക്കുള്ള സുവർണമെഡൽ നൽകി ആദരിച്ചിരുന്നു. 

മഗാവ (Photo: X/ @jimrosecircus1)
മഗാവ (Photo: X/ @jimrosecircus1)

1967 മുതൽ 1975 വരെയുള്ള കാലയളവിലാണ് കംബോഡിയയിൽ ആഭ്യന്തര യുദ്ധം നടന്നത്. കമ്യൂണിസ്റ്റ് സംഘടനയായ ഖമർ റൂഗും കംബോഡിയൻ സർക്കാരും തമ്മിലായിരുന്നു രക്തരൂക്ഷിതമായ ഈ പോരാട്ടം. അക്കാലത്താണു പല കുഴിബോംബുകളും സ്ഥാപിക്കപ്പെട്ടത്. കാലങ്ങൾക്കു മുൻപേ സ്ഥാപിച്ച ഈ ബോംബുകൾ പിന്നീട് പലകാലങ്ങളിലായി പൊട്ടിത്തെറിച്ചു. നാൽപതിനായിരത്തിലധികം ആളുകൾക്കാണ് ഇതു മൂലം ജീവൻ നഷ്ടപ്പെട്ടത്. ഇന്നും കംബോഡിയയിൽ ആയിരത്തിലധികം ചതുരശ്ര കിലോമീറ്ററിലധികം വിസ്തീർണത്തിൽ സ്ഥലം കുഴിബോംബ് ഭീഷണി നിലനിൽക്കുന്ന മേഖലയാണ്.

മഗാവ (Photo: X/ @Africa_Archives)
മഗാവ (Photo: X/ @Africa_Archives)

ഇത്രയും അപകടസാധ്യത നിറഞ്ഞ കുഴിബോംബുകൾ കണ്ടെത്തുക വഴി വലിയ സേവനമാണ് മഗാവ നടത്തിയത്. ആഫ്രിക്കയുടെ സബ് സഹാറൻ മേഖലയിൽ താമസിക്കുന്ന ജയന്റ് പൗച്ച്ഡ് റാറ്റുകൾക്ക് 45 സെന്റിമീറ്റർ വരെ നീളവും ഇവയുടെ വാലുകൾക്ക് 46 സെന്റിമീറ്റർ വരെ നീളവും വയ്ക്കാറുണ്ട്. ഒന്നരക്കിലോ വരെയൊക്കെ പരമാവധി ഭാരവും ഇവയ്ക്കുണ്ടാകും. പനങ്കായ, ചെറിയ പ്രാണികൾ എന്നിവയൊക്കെയാണ് ഇവയുടെ പ്രധാന ആഹാരം. ആഫ്രിക്കയിൽ ഭക്ഷണത്തിനായും യുഎസിൽ വിനോദത്തിനായും ഇവയെ വളർത്താറുണ്ട്. മണംപിടിക്കാനുള്ള അപാരമായ കഴിവാണ് ഇവയെ കുഴിബോംബുകൾ കണ്ടെത്താൻ പ്രാപ്തമാക്കുന്നത്. ശരീരവലുപ്പവും ഭാരവും കുറവായതിനാൽ ഇവ കയറി കുഴിബോംബുകൾ പൊട്ടുകയുമില്ല. ബാർട്ട് വീജൻസ് എന്ന ബെൽജിയംകാരനാണ് കുഴിബോംബുകൾ കണ്ടെത്താനുള്ള ഇവയുടെ പരിശീലന പരിപാടിക്കു തുടക്കം കുറിച്ചത്.

English Summary:

Magawa: The Heroic Rat that Saved Cambodians from Hidden Landmines

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com