യുഎസിൽ കുട്ടികൾ കണ്ടെത്തിയത് വിചിത്ര ഫോസിലുകൾ! ദിനോസറുകളുടെ രാജാവിന്റേത്
Mail This Article
2022ൽ യുഎസിലെ നോർത്ത് ഡക്കോട്ടയിൽ മലകയറാൻ പോയ 3 കുരുന്നുകൾ ഒരു കാഴ്ച കണ്ട് അമ്പരന്നു. തറയിൽ നിന്നു ചെറുതായി വെളിയിൽ വന്ന നിലയിൽ കുറച്ച് ഫോസിൽ അസ്ഥികൾ. ദിനോസറുകളുടെ രാജാവ് എന്നറിയപ്പെട്ട ടി.റെക്സ് ദിനോസറുകളുടേതായിരുന്നു ഈ ഫോസിലുകൾ. ഈ ഫോസിലുകൾ ഇപ്പോൾ യുഎസിലെ ഡെൻവറിലുള്ള മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ഈ കുട്ടികൾ ടി.റെക്സിന്റെ ഫോസിലുകൾ കണ്ടെത്തിയതും ടി.റെക്സിന്റെ സവിശേഷതകളുമൊക്കെ ഉൾക്കൊള്ളിച്ച് ടി.റെക്സ് എന്നൊരു ഡോക്യുമെന്ററി ജൂൺ 21ന് ഇറങ്ങാനിരിക്കുകയാണ്. ജുറാസിക് പാർക്ക് എന്ന സിനിമയാണു ദിനോസറുകളെ ലോകമെമ്പാടും പ്രശസ്തമാക്കിയത്. ടൈറാനോസറസ് റെക്സ് അഥവാ ടി.റെക്സ് എന്ന വിഭാഗത്തിൽ പെടുന്ന മാംസഭോജിയായ ദിനോസറായിരുന്നു അതിലെ കേന്ദ്ര കഥാപാത്രം. അനേകം വർഗങ്ങളുള്ള ജീവികുടുംബം ആണെങ്കിലും അതോടെ ദിനോസർ എന്നാൽ ടി.റെക്സ് എന്നായി ആളുകളുടെ മനസ്സിലെ വിചാരം.
സസ്തനികൾക്കു മുൻപ് ഉരഗങ്ങൾ ഭൂമിയിൽ ആധിപത്യം പുലർത്തിയ കാലത്തെ ഏറ്റവും വലിയ ഭീകരൻ ജീവികൾ, ജന്തുലോകത്തെ സർവാധിപതികളായ വേട്ടക്കാർ. ഒരു കോഴിയുടെ വലുപ്പം മാത്രമുള്ള പെൻഡ്രെയിഗ് മിൽനറേ എന്ന ചെറുഡിനോസറിൽ നിന്നു പരിണാമം സംഭവിച്ചാണു ടി–റെക്സുകൾ ഉണ്ടായത്. ഒരു ടി–റെക്സിന്റെ വഴിയിൽ അബദ്ധവശാൽ ആരെങ്കിലു ചെന്നുപെട്ടെന്നിരിക്കട്ടെ, ടി–റെക്സ് അയാളെ ആക്രമിക്കാൻ തുടങ്ങിയാൽ പിന്നെ രക്ഷയില്ല. അവയുടെ കാലത്ത് മനുഷ്യരുണ്ടായിരുന്നെങ്കിൽ, മനുഷ്യർക്ക് നേർക്ക് നേരെ ആയുധങ്ങളില്ലാതെ ടി–റെക്സിനോട് പിടിച്ചുനിൽക്കാനാകില്ല.
ഇത്തരത്തിലെ ടി.റെക്സ് വിഭാഗത്തിൽ നിന്നു കണ്ടെത്തിയിട്ടുള്ള പ്രശസ്തമായ ഫോസിലാണു സ്റ്റാൻ. ചരിത്രാതീത കാലത്തു ജീവിച്ചിരുന്ന ഒരു ടി.റെക്സ് ദിനോസറിന്റെ ഏറെക്കുറെ പരിപൂർണമായ ശേഷിപ്പായിരുന്നു ഇത്. 2020 ഒക്ടോബർ ആറിനു നടന്ന ഒരു ലേലത്തിൽ ഈ യുഎസിലുണ്ടായിരുന്ന ഫോസിൽ, 3.18 കോടി യുഎസ് ഡോളറിന് (ഏകദേശം 230 കോടി രൂപയോളം) ആരോ സ്വന്തമാക്കി. ഫോസിൽ നേടിയ ആളുടെ പേരോ വ്യക്തി വിവരങ്ങളോ ആർക്കും അറിവുണ്ടായിരുന്നില്ല. ഒന്നരവർഷത്തോളം സ്റ്റാനിന്റെ ഉടമയും ഇപ്പോൾ സ്റ്റാൻ എവിടെയാണുള്ളതെന്ന വിവരവും രഹസ്യമായി തുടരുകയായിരുന്നു.
എന്നാൽ നാഷനൽ ജ്യോഗ്രഫിക് മാസിക ഇതെക്കുറിച്ച് വലിയ ഒരു അന്വേഷണം നടത്തി. 5600 കിലോ വരുന്ന ഷിപ്മെന്റിലൂടെ സ്റ്റാൻ യുഎസിൽ നിന്ന് അബുദാബിയിലേക്കാണു പോയതെന്ന് മാസിക താമസിയാതെ കണ്ടെത്തി. അവിടെ 2025ൽ പൂർത്തീകരിക്കുന്ന നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ അണിനിരത്താനായാണു സ്റ്റാനിന്റെ ഫോസിൽ കൊണ്ടുപോയതെന്നാണ് തെളിഞ്ഞ വിവരം.
1992ൽ യുഎസിലെ സൗത്ത് ഡക്കോട്ടയിലുള്ള സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിന്നാണു സ്റ്റാൻ ദിനോസറിന്റെ ഫോസിൽ കുഴിച്ചെടുത്തത്. ഇരുപതു വർഷത്തോളം ഇത് സൗത്ത് ഡക്കോട്ടയിലെ ബ്ലാക്ക് ഹിൽസ് ജിയോളജിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ സൂക്ഷിച്ചു. ദിനോസറുകളെപ്പറ്റി ഗവേഷണം നടത്തുന്ന ഒട്ടേറെ ശാസ്ത്രജ്ഞർ അതിപ്രശസ്തമായ ഈ ഫോസിലിൽ ഒട്ടേറെ നിരീക്ഷണ പഠനങ്ങൾ നടത്തിയിരുന്നു.