ലോകത്തിലെ ഏറ്റവും വലിയ ട്രാഫിക് ബ്ലോക്ക്! വാഹനങ്ങൾ കുടുങ്ങിക്കിടന്നത് 12 ദിവസം
Mail This Article
ട്രാഫിക് ജാമുകൾ അഥവാ ബ്ലോക്കുകൾ നമ്മൾ പലപ്പോഴും അനുഭവിച്ചിട്ടുള്ള കാര്യമാണ്. ഏതെങ്കിലും സ്ഥലത്തേക്കൊക്കെ പെട്ടെന്നു പോകുമ്പോഴായിരിക്കും പെട്ടെന്നു ബ്ലോക്കിൽ പെടുന്നത്. പിന്നെ അതു മാറുന്നതുവരെ അവിടെ കിടക്കും. ചിലപ്പോൾ കുറച്ചു മിനിറ്റുകൾ, കടുത്ത ബ്ലോക്കാണെങ്കിൽ ഒന്നോ രണ്ടോ മണിക്കൂർ വരെയൊക്കെ നമ്മൾ ബ്ലോക്കിൽ പെടാറുണ്ട്. എന്നാൽ ലോകത്തിലുണ്ടായിട്ടുള്ള ഏറ്റവും വലിയ ട്രാഫിക് ബ്ലോക്ക് ഏതാണെന്ന് അറിയുമോ? ആ ബ്ലോക്ക് സംഭവിച്ചത് ചൈനയിലാണ്. മിനിറ്റുകളോ മണിക്കൂറുകളോ അല്ല, 12 ദിവസമാണ് ഈ ബ്ലോക്കിൽപെട്ട വാഹനങ്ങൾ കുടുങ്ങിക്കിടന്നത്. 2010ൽ ചൈനീസ് ദേശീയ പാത 110ൽ ആണ് ഈ ബ്ലോക്ക് ഉടലെടുത്തത്. ഹെബെയ്, ഇന്നർ മംഗോളിയ (മംഗോളിയ എന്ന രാജ്യമല്ല, മറിച്ച് ചൈനയ്ക്കുള്ളിലെ ഒരു മേഖല) എന്നീ മേഖലകൾക്കിടയിലായിരുന്നു ഈ വമ്പൻ ബ്ലോക്ക്. ആയിരക്കണക്കിനു വാഹനങ്ങൾ ഇതിനുള്ളിൽ കുടുങ്ങി.100 കിലോമീറ്ററോളം നീളത്തിലാണ് ബ്ലോക്കിലായി സ്തംഭിച്ച വാഹനങ്ങൾ കിടന്നിരുന്നത്.
സാധാരണഗതിയിൽ ട്രാഫിക് ബ്ലോക്കുകൾക്ക് പല കാരണങ്ങളുണ്ട്. അപകടങ്ങളും പ്രകൃതിദുരന്തങ്ങളുമൊക്കെ ഇതിനു വഴിവയ്ക്കാം. എന്നാൽ ചൈനയിലെ ഈ വമ്പൻ ബ്ലോക്കിന് ഇതൊന്നുമായിരുന്നില്ല കാരണം. കുറച്ചു സമയത്തിനുള്ളിൽ ഒരുപാട് വാഹനങ്ങൾ റോഡിലേക്കു കയറിയതാണ് ഇതിനു കാരണമായത്. ബെയ്ജിങ്ങിലേക്ക് കൺസ്ട്രക്ഷൻ സാമഗ്രികൾ കയറ്റി വന്ന ട്രക്കുകൾ സ്ഥിതി രൂക്ഷമാക്കി.
കടുത്ത ബ്ലോക്കിൽപെട്ട വാഹനങ്ങൾ മുന്നോട്ടുനീങ്ങാനാകാതെ കുഴങ്ങി. ഒരു ദിവസത്തിൽ ഒരു കിലോമീറ്റർ എന്ന വളരെച്ചെറിയ തോതിലാണ് വാഹനങ്ങൾ നീങ്ങിയതെന്ന് പിന്നീട് ഈ സംഭവത്തെപ്പറ്റി ഗവേഷണം നടത്തിയ വിദഗ്ധർ കണ്ടെത്തി. വാഹനത്തിൽ കുടുങ്ങിയവരുടെ ക്ഷമ ശരിക്കും പരീക്ഷിക്കപ്പെട്ടു ഈ സംഭവത്തിൽ. ആളുകൾ തങ്ങളുടെ വാഹനങ്ങളെ താൽക്കാലിക താമസയിടങ്ങളാക്കി. ആ മേഖലയിലെ ചില തദ്ദേശീയ കച്ചവടക്കാർ അവസരം ശരിക്കും ഉപയോഗിച്ചു. വിപണിയിലുള്ളതിന്റെ പല മടങ്ങ് വിലയിൽ ഇവർ യാത്രക്കാർക്ക് ഇൻസ്റ്റന്‌റ് നൂഡിൽസും കുപ്പിവെള്ളവും മറ്റു ഭക്ഷണപ്പൊതികളുമൊക്കെ വിൽക്കാൻ തുടങ്ങി. വിപണിയിൽ 1 യുവാൻ വിലയുള്ള കുപ്പിവെള്ളം ബ്ലോക്കിൽപെട്ടവർക്ക് വിറ്റത് 15 യുവാനാണ് എന്നത് മികച്ച ഉദാഹരണം.12 ദിവസങ്ങളായതോടെ അധികാരികളുടെ ഇടപെടലുകളും ഗതാഗത നിയന്ത്രണവും ശക്തമായി. ഒടുവിൽ ബ്ലോക്ക് മാറുകയും ചെയ്തു.