കയ്യിലൊരു മുയലുമായി ചന്ദ്രനിലേക്ക് പോയ ചൈനീസ് ദേവത! ചാങ്ഇയെന്ന പേരിന് പിന്നിൽ
Mail This Article
ചന്ദ്രന്റെ വിദൂരവശത്തെ സാംപിളുകളുമായി ചൈനയുടെ ചാങ്ഇ 6 ബഹിരാകാശ ദൗത്യം ഇന്നലെ ഭൂമിയിൽ ഇറങ്ങി. ചൈനയിലെ ഇന്നർ മംഗോളിയ മേഖലയിലാണ് പേടകം ഇറങ്ങിയത്. ഇന്നലെ ഇന്ത്യൻ സമയം 11.30 കഴിഞ്ഞപ്പോഴായിരുന്നു ഇതിറങ്ങിയത്. ഭൂമിയോട് തിരിഞ്ഞുനിൽക്കുന്നതു മൂലം ദൃശ്യമാകാത്ത വിദൂരവശത്തുനിന്നുള്ള സാംപിളുകൾ ഇതാദ്യമായാണ് ഭൂമിയിലെത്തിക്കുന്നത്. ഈ ദൗത്യത്തിന്റെയും ഇതിനു മുൻപുള്ള ചൈനയുടെ ചാന്ദ്രദൗത്യങ്ങളും ചാങ്ഇ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ചൈനയിലെ പ്രശസ്തയായ ഒരു ദേവതയാണ് ചാങ്ഇ. ചന്ദ്രനിലേക്ക് തന്റെ ഓമനമുയലായ യുടുവുമായി പോയ ദേവത.
ഒരിക്കൽ ഭൂമിക്കു ചുറ്റും 10 സൂര്യനുകൾ ഉദിച്ചെന്നാണ് ചൈനീസ് കഥ. ചാങ്ഇയുടെ ഭർത്താവായ ഹു യി ഒൻപത് സൂര്യൻമാരെ അമ്പെയ്ത് നശിപ്പിച്ചു. ഒരെണ്ണത്തെ നിലനിർത്തി. ഇതിന് വരമായി അദ്ദേഹത്തിന് മരണമില്ലാതെയിരിക്കാനുള്ള മരുന്നിന്റെ രണ്ട് ഭാഗങ്ങൾ കിട്ടി. ഒരു ഭാഗം തനിക്കും മറ്റൊന്ന് ചാങ്ഇക്കും കുടിക്കാമെന്ന് വിചാരിച്ച് ഹു യി വേട്ടയ്ക്ക് പോയി. അപ്പോൾ വില്ലനും ഹു യിയുടെ സഹായിയുമായ ഫെങ്മെങ് മരുന്ന് തനിക്ക് വേണമെന്ന് പറഞ്ഞ് ചാങ്ഇയെ ശല്യപ്പെടുത്തി. ഇതോടെ ചാങ്ഇ രണ്ടു ഭാഗങ്ങളും കുടിച്ചത്രേ. ഇതിനു ശേഷം ചാങ്ഇ മുയലുമായി ചന്ദ്രനിലേക്ക് പോയെന്നാണ് ഐതിഹ്യം.
ചൈനീസ് ബഹിരാകാശ ഏജൻസിയുടെ ബൃഹത്ത് പദ്ധതിയാണു മൂൺ എക്‌സ്‌പ്ലൊറേഷൻ പ്രോഗ്രാം. 2007ൽ ആണ് ആദ്യ ചാന്ദ്ര ഓർബിറ്റർ ദൗത്യം ചൈന പൂർത്തീകരിച്ചത്. ചാങ്ഇ 1 എന്ന ഓർബിറ്റർ വിജയകരമായി. ഇതോടെ ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹമുള്ള അഞ്ചാമത്തെ രാജ്യമായി ചൈന മാറി. 2013ലെ ചാങ്ഇ 3 ദൗത്യത്തിലൂടെ ആദ്യ ലാൻഡറും റോവറും ചൈന ചന്ദ്രനിലെത്തിച്ചു. ചാങ്ഇ ലാൻഡറിനൊപ്പമുള്ള റോവറിനു യുടു എന്നാണു പേരു നൽകിയത്.
തുടർന്നായിരുന്നു ചാങ് ഇ 4 ദൗത്യം. ഇതുവരെ ആർക്കും ലാൻഡറോ പ്രേബോ ഇറക്കാൻ സാധ്യമല്ലാതിരുന്ന ചന്ദ്രന്റെ വിദൂരവശമാണ് ഇതുവഴി ചൈന ലക്ഷ്യമിട്ടത്. വിദൂരവശത്ത് ആദ്യമായി സോഫ്റ്റ്‌ലാൻഡിങ് വഴി ലാൻഡർ ഇറക്കാൻ ഈ ദൗത്യത്തിലൂടെ ചൈനയ്ക്കു സാധിച്ചു. പിന്നീട് ആദ്യമായി റോവറും അവിടെ ഉരുണ്ടു. മുൻദൗത്യങ്ങളുടെ തുടർച്ചയെന്നണം യുടു-2 എന്നായിരുന്നു റോവറിന്റെ പേര്.
പിൽക്കാലത്ത് ചന്ദ്രനിൽ നിന്നു സാംപിളുകൾ ശേഖരിക്കാനായി ചാങ് ഇ 5 ദൗത്യവും വിട്ടു. 2020ൽ ഏകദേശം 1.7 കിലോഗ്രാം ചാന്ദ്ര സാംപിളുകൾ ശേഖരിച്ച് ദൗത്യം തിരിച്ചെത്തി. ചന്ദ്രന്റെ കാണാവുന്ന വശമായ നിയർസൈഡിൽ നിന്നായിരുന്നു ഇത്. 2030ൽ ചൈന ചന്ദ്രനിൽ മനുഷ്യരെ ലാൻഡ് ചെയ്യാൻ ലക്ഷ്യമിടുന്നുണ്ട്.