വാൾ മാത്രമല്ല, മൊണാലിസയും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്! ഫ്രാൻസിനെ ഞെട്ടിച്ച മറ്റൊരു വൻമോഷണം
Mail This Article
ഫ്രാൻസിലെ ഒരു ഗ്രാമത്തിൽ പാറയിലുറച്ച നിലയിൽ 1300 വർഷത്തോളം നിലനിന്ന ഡുറൻഡാൽ എന്ന വാൾ മോഷണം പോയത് വാർത്തകളിൽ ഇടം തേടിയിരുന്നു. എന്നാൽ ഫ്രാൻസിൽ നേരത്തെയും ചരിത്രപ്രാധാന്യമുള്ള ഒരു വലിയ മോഷണം നടന്നിരുന്നു. അന്നു മോഷ്ടിക്കപ്പെട്ടത് സാക്ഷാൽ മൊണാലിസ എന്ന പെയ്ന്റിങ്ങാണ്. മൊണാലിസയെ ലോകപ്രശസ്തമാക്കിയതിലും ഈ മോഷണത്തിനു പങ്കുണ്ട്. 110 വർഷങ്ങൾക്കു മുൻപ് 1911. അന്ന് പാരിസിലെ സെയിൻ നദിക്കരയിലുള്ള ലൂവ്ര് മ്യൂസിയത്തിലാണു മൊണാലിസ സൂക്ഷിച്ചിരുന്നത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മ്യൂസിയമായ ലൂവ്രിൽ ചരിത്രാതീത കാലം മുതലുള്ള നാൽപതിനായിരത്തോളം കലാവസ്തുക്കളും നിരവധി പെയിന്‌റിങ്ങുകളുമുണ്ടായിരുന്നു. അതിലൊന്നു മാത്രമായിരുന്നു മൊണാലിസ. ഡാവിഞ്ചി വരച്ചതെന്നതിനപ്പുറം വലിയ ശ്രദ്ധയൊന്നും അവകാശപ്പെടാനില്ലാത്ത പെയിന്റിങ്.
അക്കാലത്താണ് ഇറ്റലിക്കാരനായ വിൻസെൻസോ പെറൂഗിയയെ ലൂവ്രിൽ ജീവനക്കാരനായി നിയമിക്കുന്നത്. മ്യൂസിയത്തിലെ പെയിന്റിങ്ങുകൾക്ക് ഗ്ലാസിൽ നിർമിച്ച സംരക്ഷണപാളിയൊരുക്കലായിരുന്നു പെറൂഗിയയുടെ ജോലി. വന്ന നാൾ മുതൽ തന്നെ പെറൂഗിയ മൊണാലിസയെ നോട്ടമിട്ടു.ഒരു ദിവസം ജോലി കഴിഞ്ഞു പോകാതെ പെറൂഗിയ ലൂവ്ര് മ്യൂസിയത്തിനുള്ളിൽ ഒളിച്ചിരുന്നു. രാത്രിയായപ്പോൾ പുറത്തിറങ്ങി പെയിന്റിങ് കവർന്നെടുത്തു. വിദഗ്ധമായി അതു വസ്ത്രത്തിൽ ഒളിപ്പിച്ച ശേഷം പെറൂഗിയ മ്യൂസിയത്തിൽ നിന്നു കടന്നുകളഞ്ഞു. അക്കാലത്ത് ഇന്നത്തെപ്പോലെ അലാറമുകളോ സിസിടിവികളോ ഉണ്ടായിരുന്നില്ല. കാവൽക്കാരുടെ എണ്ണവും നന്നേ കുറവായിരുന്നു.അതിനാൽ കള്ളൻ പിടിക്കപ്പെട്ടില്ല.പിന്നെയും ഒരു ദിവസം പിന്നിട്ട ശേഷമാണ് ലൂവ്ര് അധികൃതർ മൊണാലിസ നഷ്ടപ്പെട്ട കാര്യം അറിഞ്ഞത്.താമസിയാതെ വാർത്ത പുറംലോകമറിഞ്ഞു.രാജ്യഭേദമില്ലാതെ രാജ്യാന്തര പത്രങ്ങളും യൂറോപ്യൻ മാധ്യമങ്ങളും വാർത്ത ഒന്നാം പേജിൽ വലിയ ഗൗരവത്തോടെ അവതരിപ്പിച്ചു. നൂറോളം പത്രങ്ങളുടെ ഒന്നാംപേജിൽ മൊണാലിസ പെയിന്റിങ് അച്ചടിച്ചുവന്നു. പെയിന്റിങ് ഒരു കാലത്ത് നിന്നിരുന്ന, ഇപ്പോൾ ഒഴിഞ്ഞുകിടക്കുന്ന സ്ഥലം കാണാനായി ജനസമുദ്രം ലൂവ്രിലേക്ക് ഒഴുകി.
ഫ്രഞ്ച് സർക്കാർ വെറുതെയിരുന്നില്ല. പൊലീസും ഡിറ്റക്ടീവുകളുമടങ്ങിയ വൻ അന്വേഷണസംഘത്തെ മൊണാലിസ കണ്ടെത്താനായി അവർ രൂപീകരിച്ചു. രണ്ടു വർഷമായിട്ടും ഒന്നും നടന്നില്ല, പാരിസിലെ പൊലീസ് അധികാരി നാണക്കേടിനാൽ സ്വന്തം സ്ഥാനം രാജിവച്ചു.രണ്ടുവർഷത്തോളം പെറൂഗിയ പെയിന്‌റിങ് പുറത്തെടുത്തില്ല. പാരിസിലെ തന്‌റെ അപ്പാർട്‌മെന്‌റിനു താഴെ ഒളിപ്പിച്ച ട്രങ്ക് പെട്ടിയിൽ അയാൾ മൊണാലിസയുടെ പെയിന്‌റിങ് ഒളിപ്പിച്ചുവച്ചു. രണ്ടു വർഷങ്ങൾ പിന്നിട്ടതോടെ പെയിന്‌റിങ് വിൽക്കാൻ പെറൂഗിയ ധൈര്യം സംഭരിച്ചു. ഇറ്റലിയിലെ ഫ്‌ളോറൻസ് നഗരത്തിലുള്ള ഉഫീസി ഗാലറിയുടെ ഡയറക്ടറെ വിൽപനയ്ക്കായി അയാൾ സമീപിച്ചു. സംശയം തോന്നിയ ഡയറക്ടർ പെയിന്‌റിങ് പരിശോധിക്കുകയും പുറകിലുള്ള സീലുകളിൽ നിന്ന് ഇതു ലൂവ്ര് മ്യൂസിയത്തിൽ നിന്നു മോഷണം പോയ പെയിന്‌റിങ്ങാണെന്ന് ഉറപ്പിക്കുകയും ചെയ്തു. തീർച്ചയായും പെയിന്‌റിങ് താൻ വാങ്ങുമെന്ന് ഉറപ്പുകൊടുത്ത് തന്ത്രത്തിൽ പെറൂഗിയയെ മടക്കിവിട്ട ഡയറക്ടർ വിവരം അധികാരികളെ അറിയിച്ചു. താമസിയാതെ പെറൂഗിയയും മൊണാലിസ പെയിന്‌റിങങും പൊലീസ് കസ്റ്റഡിയിലായി. 1913ലായിരുന്നു അത്. ലോകചരിത്രത്തിലെ ഏറ്റവും വലിയ പുരാവസ്തുക്കൊള്ളയ്ക്ക് അതോടെ തിരശ്ശീല വീണു.