തീരത്തടിഞ്ഞത് ലോകത്തെ ഏറ്റവും പഴയ കുപ്പിസന്ദേശം! കണ്ടെത്തിയത് ന്യൂജഴ്‌സിയിലെ മണൽത്തിട്ടയിൽ നിന്ന്
Mail This Article
കുറച്ചുദിവസം മുൻപ് ന്യൂജഴ്‌സിയിലെ കോർസൻസ് ഇൻലറ്റ് സ്‌റ്റേറ്റ് പാർക്കിലെ തീരത്തുകൂടി നടക്കുകയായിരുന്നു യുഎസ് വനിതയായ ആമി സ്മിത്ത് മർഫി. അപ്പോഴാണ് വ്യത്യസ്തമായ ഒരു കാഴ്ച ആമിയുടെ ശ്രദ്ധയിൽപെട്ടത്. മണൽത്തിരകളിൽ ഒരു കുപ്പി കിടക്കുന്നു. വളരെ വ്യത്യസ്തമായ ഘടനയുള്ള കുപ്പി ആമിയെ ആകർഷിച്ചു. അവരത് എടുത്തു നോക്കി. അതിന്റെ ലേബലിൽ ബാർ ആൻഡ് ബ്രദർ ഫിലഡെൽഫിയ എന്ന് എഴുതിയിട്ടുണ്ടായിരുന്നു. യുഎസിൽ പണ്ടുണ്ടായിരുന്ന ഒരു കുപ്പിക്കമ്പനിയായിരുന്നു ഇത്.
കുപ്പിയുടെ കോർക്ക് മാറ്റി നോക്കിയ ആമി കണ്ടത് ചുരുട്ടിയ നിലയിൽ ഒരു പേപ്പറാണ്.ഡബ്ല്യു.ജി.ആൻഡ് ജെ ക്ലെം എന്ന കമ്പനിയുടെ ഒരു ബിസിനസ് കാർഡും കുപ്പിയിലുണ്ടായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ യുഎസിലുണ്ടായിരുന്ന കമ്പനിയാണ് ഇത്.
ഇതു മാത്രമല്ല 1874ൽ നിർമിക്കപ്പെട്ട നെപ്റ്റിയൂൺ എന്ന യാട്ടിൽ നിന്നാണ് ഈ കുപ്പി കടലിലേക്ക് ഇട്ടതെന്നും കരുതപ്പെടുന്നു.സന്ദേശം എഴുതിയ ഡേറ്റും കുറിപ്പിനൊപ്പമുണ്ട്. 1876 ഓഗസ്റ്റ് ആറിനായിരുന്നു ഇതെന്നും വിദഗ്ധർ പരിശോധനയിലൂടെ കണ്ടെത്തി.
ഈ ഡേറ്റ് ശരിയെങ്കിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ ഏറ്റവും പഴയ കുപ്പിസന്ദേശമാണ് ഇത്. ഓസ്‌ട്രേലിയയിൽ നിന്നു കണ്ടെത്തിയ ഒരു സന്ദേശമായിരുന്നു ഇതുവരെയുള്ളതിൽ ഏറ്റവും പഴയത്. എന്നാൽ ന്യൂജഴ്‌സിയിലേത് ഇതിനെക്കാൾ 10 വർഷമെങ്കിലും പഴക്കമുള്ളതാണ്.
എന്നാൽ ഇതെല്ലാം സ്ഥിരീകരിക്കണമെങ്കിൽ ഗിന്നസ് റെക്കോർഡ്‌സ് പോലുള്ള സംഘടനകൾ ഇതു വിലയിരുത്തി സർട്ടിഫിക്കേഷൻ നൽകണം. ഇതിനായി മാസങ്ങളെടുക്കും. ഏതായാലും ഈ വെരിഫിക്കേഷനായി അപേക്ഷ നൽകിയിരിക്കുകയാണ് ആമി.
എന്നാൽ ആരാണ് ഇതെഴുതിയത്, ആർക്കാണ് എഴുതിയത് എന്നുള്ളത് അജ്ഞാതം. നെപ്റ്റിയൂൺ യാട്ട് അന്നത്തെ കാലത്തെ പ്രശസ്തമായ വിനോദസഞ്ചാര ബോട്ടായിരുന്നു. ക്യാപ്റ്റൻ ഗെയിൽ എന്നയാളായിരുന്നു ഇതിന്റെ നാവികൻ. അന്ന് സഞ്ചരിച്ചിരുന്ന യാത്രക്കാരിലൊരാളോ അല്ലെങ്കിൽ ഒരു പക്ഷേ ക്യാപ്റ്റൻ ഗെയിലോ ആയിരിക്കാം ഈ സന്ദേശത്തിനു പിന്നിൽ.