ഈ ദ്വീപിൽ ആരും മുഖം കാട്ടാറില്ല. ഇവിടെ മാസ്‌ക് നിർബന്ധം
Mail This Article
കൃത്യമായി പറഞ്ഞാൽ ജപ്പാനെന്ന രാജ്യം പല ദ്വീപുകളുടെ ഒരു കൂട്ടമാണ്. ജപ്പാനിലെ പ്രത്യേകതയുള്ളൊരു ദ്വീപാണ് മിയാകെജിമ. ഇവിടെ ആരും മുഖം കാട്ടാറില്ല. കാട്ടിയാൽ ഗുരുതര പ്രത്യാഘാതങ്ങളുറപ്പ്. എല്ലാവരും ഗ്യാസ് മാസ്‌ക് ധരിച്ചാണ് ഇവിടെ നടക്കുന്നത്. ജപ്പാനിലെ ഹോൻഷു ദ്വീപിനു തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ദ്വീപാണു മിയാകെ ജിമ. പസിഫിക് സമുദ്രത്തിലെ ഡെവിൾസ് സീ എന്നറിയപ്പെടുന്ന കടൽപ്രദേശത്ത്. വെറും 55 ചതുരശ്ര കിലോമീറ്ററാണു ആകെ വിസ്തീർണം. ജീവിക്കാൻ ഏറ്റവും ദുർഘടമായ സ്ഥലങ്ങളിലൊന്നായ ഇവിടെ മൂവായിരത്തോളം പേർ ജീവിക്കുന്നുണ്ട്.
അഗ്‌നിപർവത മേഖലയായ ഇസു ദ്വീപുകളുടെ ഭാഗമാണ് മിയാകെ ജിമ. ഇവിടത്തെ അഗ്‌നിപർവതങ്ങളിൽ പ്രധാനം ദ്വീപിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന മൗണ്ട് ഒയാമ എന്ന സജീവ അഗ്‌നിപർവതമാണ്. 2000 ൽ, മൗണ്ട് ഒയാമ പൊട്ടിത്തെറിച്ചു. ഇതിന്റെ ഫലമായി സൾഫർ ഉൾപ്പെടെ വിഷവാതകങ്ങൾ ദ്വീപിലെ അന്തരീക്ഷമാകെ നിറഞ്ഞു. അപകടം നടന്നതിനെ തുടർന്നു ദ്വീപിലെ അന്തേവാസികളെയെല്ലാം ജപ്പാൻ ഒഴിപ്പിച്ചു. എന്നാൽ ഇവരിൽ നല്ലൊരു വിഭാഗത്തിനു ദ്വീപിലേക്കു തിരിച്ചുപോകണമെന്നായിരുന്നു ആഗ്രഹം. വിഷവാതകഭീഷണിയും കടുത്ത സാഹചര്യങ്ങളുമുണ്ടായിട്ടും ജന്മനാടിനോടുള്ള സ്‌നേഹത്താൽ 2006ൽ ഇവർ തിരികെയെത്തി.
ഇന്നും ഒയാമ പർവതത്തിൽ നിന്നും രാസവാതകങ്ങൾ വമിക്കുന്നുണ്ട്. അന്തരീക്ഷം വിഷമയമാണ്. എന്നാൽ മിയാക ജിമയിലെ ആളുകൾ ഇതിനെ നേരിടാനും ഇതിനൊപ്പം ജീവിക്കാനും പഠിച്ചിരിക്കുന്നു.