കട്ടൻചായ പോലെ കറുത്ത ജലമൊഴുകുന്ന നദി! വിയറ്റ്നാമിലെ നദിക്ക് പെർഫ്യൂമിന്റെ മാസ്മരഗന്ധം
Mail This Article
നദികൾ പല സംസ്കാരങ്ങളുടെയും ജീവനാഡികളാണ്.പല നദികളിലും പല നിറത്തിലുള്ള ജലമാണ് ഒഴുകുന്നത്. ആഫ്രിക്കൻ രാജ്യം കോംഗോയിലെ (ഡമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ) കോംഗോ നദിയുടെ കൈവഴിയായ റുക്കി നദി ലോകത്തിലെ ഏറ്റവും ഇരുണ്ട ജലാശയങ്ങളിൽ ഒന്നാണ്. ചുറ്റുമുള്ള മഴക്കാടുകളിൽ നിന്ന് ഉയർന്ന അളവിൽ അലിഞ്ഞുചേരുന്ന ജൈവവസ്തുക്കളിൽ നിന്നാണ് റുക്കിക്ക് നിറം ലഭിക്കുന്നത്. കട്ടൻചായ പോലെയുള്ള വെള്ളമെന്നാണ് റുക്കിയുടെ ജലത്തെപ്പറ്റി പഠനത്തിന്റെ മുഖ്യ രചയിതാവായ ഡോ ട്രാവിസ് ഡ്രേക്കിന്റെ വിശേഷണം.
ഗവേഷകരുടെ അഭിപ്രായത്തിൽ, റുക്കി നദിയിലെ വെള്ളത്തിൽ കോംഗോ നദിയേക്കാൾ നാലിരട്ടി ഓർഗാനിക് കാർബൺ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ആമസോണിലെ റിയോ നീഗ്രോ എന്ന നദിയും ഇരുണ്ട ജലപ്രവാഹത്തിനു പേരുകേട്ടതാണ്. റുക്കിയിലെ ഓർഗാനിക് കാർബൺ സംയുക്തങ്ങൾ റിയോ നീഗ്രോയിലുള്ളതിനേക്കാൾ ഒന്നര മടങ്ങ് കൂടുതലാണെന്ന് ഗവേഷകർ പറയുന്നു. ഇനി പെർഫ്യൂം പോലെ സുഗന്ധമുള്ള ജലമുള്ള ഒരു നദി പരിചയപ്പെട്ടാലോ?
ഏഷ്യൻ രാജ്യമായ വിയറ്റ്നാമിലെ ഒരു നദിയാണ് ഹുറോങ്. പെർഫ്യൂം നദി എന്നാണ് ഹുറോങ് എന്ന പേരിനർഥം. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ശരത്കാല സമയത്ത് ഈ നദിയിലെ ജലത്തിന് പെർഫ്യൂം പോലെ സുഗന്ധമുണ്ടാകും. ഇതിനൊരു കാരണമുണ്ട്. ആ നദി കടന്നുവരുന്ന പൊക്കമുള്ള പ്രദേശങ്ങളിലെ കാടുകളിൽ പൂത്തുനിൽക്കുന്ന ചില മരങ്ങൾ. വിയറ്റ്നാമിലെ മധ്യ പ്രവിശ്യയായ തുര തിൻഹ്യൂവിലൂടെയാണ് ഈ നദി ഒഴുകുന്നത്. രണ്ട് ശ്രോതസ്സുകളാണ് ഈ നദിക്ക്, രണ്ട് മലനിരകളിലായി.
ഏകദേശം 80 കിലോമീറ്ററോളം നീളമുണ്ട് ഈ നദിക്ക്. പലകാടുകളിൽ നിന്നുള്ള പൂക്കൾ ഈ നദിക്ക് സുഗന്ധം നൽകുന്നു. വിയറ്റ്നാമിലെ ഹ്യു പട്ടണത്തിലൂടെ ഇതൊഴുകുമ്പോൾ മാസ്മരികമായ ഒരനുഭവം ഇതു നൽകി. അങ്ങനെ ഹ്യു പട്ടണത്തിലുള്ളവരാണ് ഈ നദിക്ക് ഹുറോങ് അഥവാ പെർഫ്യൂം നദിയെന്നു പേരുനൽകിയത്.