ചൈനീസ് വന്മതിൽ കെട്ടാൻ തുടങ്ങിയ ലോട്ടറി! പ്രാചീന റോമാ സാമ്രാജ്യത്തിലെ അത്താഴ വിനോദം
Mail This Article
കേരളത്തിലെ ഏറ്റവും ഉയർന്ന തുകയുള്ള ലോട്ടറിയായ തിരുവോണം ബമ്പറിന്‌റെ നറുക്കെടുപ്പ് കഴിഞ്ഞു. ലോട്ടറികൾ ഇപ്പോൾ തുടങ്ങിയ സംഭവങ്ങളൊന്നുമല്ല. 187 ബിസി കാലഘട്ടത്തിൽ ഹാൻ ഭരണകൂടത്തിന്റെ അധീനതയിലായിരുന്ന ചൈനയിൽ ലോട്ടറിയുണ്ടായിരുന്നു. ചൈനയിലെ വന്മതിൽ കെട്ടാനുള്ള ധനസമാഹരണാർഥമാണ് ഈ ലോട്ടറി തുടങ്ങിയതെന്ന് കരുതപ്പെടുന്നു.
റോമാ സാമ്രാജ്യത്തിൽ അത്താഴവിരുന്നുകളിൽ ലോട്ടറിയെടുപ്പ് ഉണ്ടായിരുന്നു. വിനോദത്തിന്റെ ഭാഗമായായിരുന്നു അത്. ലോകത്തെ ആദ്യകാല ലോട്ടറി ടിക്കറ്റുകൾ റോമൻ ചക്രവർത്തിയായിരുന്ന അഗസ്റ്റസിന്റെ കാലത്തുണ്ടായിരുന്നു. ഇന്ത്യയിൽ ലോട്ടറി തുടങ്ങിയ ആദ്യ സംസ്ഥാനം കേരളമായിരുന്നു.1967ൽ കേരള സംസ്ഥാന ഭാഗ്യക്കുറി നിലവിൽ വന്നു.
കേരളത്തിൽ മാത്രമല്ല, ലോകത്തു പലയിടത്തും ലോട്ടറികളുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും വലിയ ലോട്ടറി അടിച്ചത് 2022 നവംബറിലാണ്. 2 ബില്യൻ യുഎസ് ഡോളർ, അഥവാ 16,931 കോടി രൂപയായിരുന്നു വിജയിക്കു ലഭിച്ച തുക. ഈ ലോട്ടറിക്കു മുൻപ് 1.59 കോടി യുഎസ് ഡോളറായിരുന്നു ഏറ്റവും വലിയ ലോട്ടറി തുകയുടെ റെക്കോർഡ്.
കലിഫോർണിയ, ഫ്‌ളോറിഡ, ടെന്നസി എന്നീ സംസ്ഥാനങ്ങളിലായി 3 വിജയികൾക്കാണ് ഈ ലോട്ടറി തുക ലഭിച്ചത്. പവർബോൾ, മെഗാമില്യൻസ് തുടങ്ങിയവ യുഎസിലെ പ്രശസ്തമായ ലോട്ടറികളാണ്. ഇവയുടെ ജാക്‌പോട്ട് സമ്മാനങ്ങൾ വളരെ വലുതാണ്.യുഎസിലെ 45 സംസ്ഥാനങ്ങൾ, ഡിസ്ട്രിക്ട് ഓഫ് കൊളംബിയ, പോർട്ടറീക്കോ, വെർജിൻ ദ്വീപുകൾ എന്നിവയുൾപ്പെടുന്ന മൾട്ടി സ്റ്റേറ്റ് ലോട്ടറി അസോസിയേഷനാണ് ലോട്ടറിയുടെ നടത്തിപ്പ്.യൂറോപ്യൻ ലോട്ടറികളിൽ യൂറോമില്യൻ എന്ന ലോട്ടറിക്കാണ് ഏറ്റവും വലിയ സമ്മാനമുള്ളത്. യൂറോജാക്‌പോട്ട് എന്ന ലോട്ടറിയും പ്രശസ്തമാണ്.