പോളിനയ്ക്ക് ബനാന പേടി! സ്വീഡനിലെ മന്ത്രിയുടെ വിചിത്ര പേടി ശ്രദ്ധേയമാകുന്നു
Mail This Article
സ്വീഡനിലെ പ്രധാനപ്പെട്ട വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് പോളിന ബ്രാൻഡ്ബെർഗ്. എന്നാൽ പോളിനയ്ക്ക് ഒരു പേടിയുണ്ട്. എന്താണെന്നോ? വാഴപ്പഴങ്ങൾ കണ്ടാൽ പോളിന പേടിച്ചു വിറയ്ക്കും. 2020ൽ തന്റെ എക്സ് അക്കൗണ്ടിലൂടെ പോളിന ഈ പേടിയുടെ കാര്യം പങ്കുവച്ചിരുന്നു. താൻ ഔദ്യോഗിക കാര്യങ്ങൾക്കു പോകുമ്പോൾ മുറികളിൽ നിന്ന് വാഴപ്പഴങ്ങൾ മാറ്റിവയ്ക്കാനും പോളിന ആവശ്യപ്പെടാറുണ്ട്. വാഴപ്പഴങ്ങളോടൊക്കെ എന്താണ് ഇത്രയും പേടി എന്ന് അദ്ഭുതം കൊള്ളേണ്ട. ഫോബിയകൾ അങ്ങനെയാണ്.
ലോകത്തിൽ പല തരം പേടികളുള്ള മനുഷ്യരുണ്ട്. പ്രേത, ഭൂതങ്ങൾ തുടങ്ങി സാങ്കൽപിക കാര്യങ്ങൾ മുതൽ മിന്നൽ, മഴ എന്നുവേണ്ട പ്രകൃതിപരമായ കാര്യങ്ങളെപ്പോലും പേടിക്കുന്നവരുണ്ട്. ഫോബിയകൾ ഏറിയും കുറഞ്ഞുമുള്ള രൂപത്തിൽ മിക്ക ആളുകളിലും ഉണ്ടാകാനുമിടയുണ്ട്. എന്തുകൊണ്ടാണ് ഫോബിയകളുണ്ടാകുന്നത്. പലകാരണങ്ങളും പറയപ്പെടുന്നുണ്ട്. ഭൂതകാലത്തെ അനുഭവങ്ങൾ, ജനിതക പ്രത്യേകതകൾ, ബ്രെയിൻ കെമിസ്ട്രി തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തിൽ വരും. ചെറിയ രീതിയിലുള്ള പേടികൾ ഉണ്ടെന്നു കരുതി ‘പേടിക്കേണ്ട’. ഇത് പലരിലും സാധാരണയായി കാണപ്പെടുന്നതാണ്.
ബോളിവുഡിലെ ചില താരങ്ങളുടെ ഫോബിയകകൾ പ്രസിദ്ധമാണ്. അർജുൻ കപൂറിനു പേടി സീലിങ് ഫാനുകളോടാണ്, ഈ പേടി അൽപം സീരിയസായതിനാൽ അർജുന്റെ വീട്ടിലെങ്ങും ഒരു ഫാൻ ഇല്ലത്രേ. എങ്ങോട്ടെങ്കിലും പോയാലും ഫാനുകളില്ലാത്ത സ്ഥലം നോക്കിയേ അർജുൻ ഇരിക്കൂ.’ ബോളിവുഡ് നടി കത്രീന കൈഫിനു പേടി തക്കാളിയോടാണ്. ഈ പേടി കാരണം ‘സിന്ദഗീ നാ മിലേഗി ദുബാര’ എന്ന ചിത്രത്തിലെ തക്കാളികൾ കുത്തിനിറച്ച ഒരു ഗാനരംഗത്തിൽ അറച്ചറച്ചാണു കത്രീന അഭിനയിച്ചത്. ഒരു പ്രമുഖ ടുമാറ്റോ കെച്ചപ്പ് ബ്രാൻഡിന്റെ കരാർ ഇക്കാരണത്താൽ കത്രീന ഉപേക്ഷിക്കുകയും ചെയ്തു.
ഭക്ഷണവുമായി ബന്ധപ്പെട്ടുള്ള പേടികളിൽ മുന്നിൽ നിൽക്കുക അജയ് ദേവ്ഗനാണ്. ചപ്പാത്തിയും പൂരിയും പോലും ഫോർക്ക് ഉപയോഗിച്ചാണ് അജയ് ദേവ്ഗൻ കഴിക്കുന്നത്; കാരണം മറ്റൊന്നുമല്ല, കൈകൊണ്ടു ഭക്ഷണം കഴിക്കാൻ പേടിയാണ്. അഭിഷേക് ബച്ചന്റെ പേടി എന്താണന്നല്ലേ? പഴങ്ങൾ. ഓറഞ്ച്, ആപ്പിൾ, മുന്തിരി എന്തുമാകട്ടെ... പഴങ്ങളോടു മൊത്തത്തിൽ പേടിയാണ് അഭിഷേകിന്–. ഇതുമൂലം കുട്ടിക്കാലം മുതൽ ഒരുതരത്തിലുള്ള പഴങ്ങളും അഭിഷേക് കഴിച്ചിട്ടില്ലത്രേ! ബോളിവുഡിലെ ശ്രദ്ധേയയായ നടി സോനം കപൂറിനു ലിഫ്റ്റിൽ കയറാൻ പേടിയാണ്.