മഹാരഹസ്യം വെളിപ്പെട്ട ഗ്രീക്ക് ദ്വീപ്: താമസത്തിന് ചെല്ലുന്നവർക്ക് സൗജന്യമായി വീടും പണവും
Mail This Article
ഗ്രീസിനു കീഴിലുള്ള വിദൂരദ്വീപായ ആന്റികൈതെരയിലേക്ക് താമസത്തിനു ചെല്ലാൻ താൽപര്യമുണ്ടോ? അങ്ങോട്ടേക്കു ചെല്ലുന്ന കുടുംബങ്ങൾക്കു സൗജന്യമായി താമസവും മാസം 530 ഡോളർ പണവും ഭക്ഷണവും അധികൃതർ നൽകും. ആന്റികൈതെരയിൽ ഇന്ന് 45 ആളുകൾ മാത്രമാണുള്ളത്. അവിടത്തെ ജനസംഖ്യ വൻതോതിൽ കുറയുന്നതാണ് ഇത്തരമൊരു നീക്കത്തിന് സർക്കാരിനെ പ്രേരിപ്പിച്ചത്. ഗ്രീസിലെ ക്രീറ്റ്, പെലപൊന്നെസ് മേഖലകൾക്കിടയിലാണ് ആന്റികൈതെര. ക്രീറ്റിലെ കിസാമോസ് തുറമുഖത്തുനിന്ന് ആന്റികൈതെരയിലേക്ക് ജലമാർഗം എത്താം.
എന്നാൽ ആന്റികൈതെര ദ്വീപ് വളരെ പ്രശസ്തമായതിനു പിന്നിൽ മറ്റൊരു കാര്യമുണ്ട്. ഈ ദ്വീപിനു സമീപത്തു നിന്നു കണ്ടെത്തിയ ഒരു പുരാവസ്തുവാണ് അത്. 1901ൽ ഗ്രീക്ക് ദ്വീപായ ആന്റികൈതെരയ്ക്കു സമീപം ഡൈവിങ് നടത്തുകയായിരുന്നു ക്യാപ്റ്റൻ ഡിമിത്രിയോസ് കൊന്റോസിന്റെ കീഴിലുള്ള ഗ്രീക്ക് നാവികസേനാ ഉദ്യോഗസ്ഥർ. ദ്വീപിനു സമീപം പോയിന്റ് ഗ്ലിഫാഡിയ എന്ന ഭാഗത്ത് 45 മീറ്റർ താഴ്ചയിൽ തകർന്നു കിടന്ന ഒരു പ്രാചീന കപ്പലിൽ നിന്ന് ഒരു വസ്തു ഇവർക്കു കിട്ടി. ഗ്രീക്ക് ദ്വീപായ റോഡ്സിൽ നിന്നു റോമിലേക്കു പോയതായിരുന്നു ഈ കപ്പലെന്നു കരുതപ്പെടുന്നു. ലോകത്തിലെ ആദ്യ കംപ്യൂട്ടറെന്നു പലരും കരുതുന്ന ‘ആന്റികൈതെര മെക്കാനിസം’ ആയിരുന്നു അത്.
ശാസ്ത്രീയമായ ഡയലുകൾ, സ്കെയിലുകൾ, മുപ്പതോളം ഗീയർ വീലുകൾ എന്നിവ ആന്റികൈതെര സംവിധാനത്തിൽ കാണപ്പെട്ടിരുന്നു. ആദിമ കാലഘട്ടത്തിൽ നിന്ന് ഇത്രയും സങ്കീർണമായ ഒരു സാങ്കേതിക സംവിധാനം ഇതിനു മുൻപ് കണ്ടെത്തിയിരുന്നില്ല. ഈ സംവിധാനത്തിന് ഒരു ചെറിയ പെട്ടിയുടെ വലുപ്പമായിരുന്നു. ഗ്രീക്ക് അക്ഷരങ്ങൾ ഇതിൽ ആലേഖനം ചെയ്തു പതിപ്പിച്ചിരുന്നു. ജ്യോതിശാസ്ത്രപരമായ ആവശ്യങ്ങൾക്കോ, തീയതി സംബന്ധിച്ചുള്ള കണക്കുകൂട്ടലുകൾക്കോ ആകാം ഈ സംവിധാനം ഉപയോഗിക്കപ്പെട്ടതെന്നു കരുതുന്നു. പ്രധാന ഗീയർ വീൽ ഓരോ തവണ തിരിക്കുന്നതും ഒരു വർഷത്തെ സൂചിപ്പിച്ചു. ഈ സംവിധാനത്തിനു മുൻപിൽ ഒരു ഗീയറുണ്ടായിരുന്നു, ഇതിൽ ഡയലുകളും. സൂര്യന്റെയും ചന്ദ്രന്റെയും സ്ഥാനം അറിയാനും ചാന്ദ്രഘട്ടങ്ങളെക്കുറിച്ച് അറിയാനും ഇതിൽ നിന്നു സാധിക്കുമായിരുന്നെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
അതിസങ്കീർണമായ മെക്കാനിക്കൽ പാടവും സവിശേഷമായ ഗീയർ നിർമിതികളും ഇതിൽ ഉപയോഗിച്ചിരുന്നത്രേ. ഈ സംവിധാനത്തിന്റെ പിന്നിലും രണ്ട് ഡയലുകളുണ്ടായിരുന്നു. അതിലൊരെണ്ണം കലണ്ടർ സംബന്ധമായ കാര്യങ്ങൾക്കും മറ്റൊന്ന് ഒളിംപിക്സ് മത്സരങ്ങൾ എന്നു നടക്കുമെന്ന് അറിയിക്കാനുമായിരുന്നു. സൗരയൂഥത്തെ ചില ഗ്രഹങ്ങളുടെ സ്ഥാനം കൂടി അടയാളപ്പെടുത്തുന്ന ഒരു ഭാഗം സംവിധാനത്തിലുണ്ടായിരുന്നെന്നു പറയപ്പെടുന്നു. എന്നാൽ കാലപ്പഴക്കം മൂലമാകണം, ഇന്നീ ഭാഗം അപ്രത്യക്ഷമാണ്.
നിലവിൽ ഈ സംവിധാനം സൂക്ഷിക്കപ്പെടുന്നത് ഗ്രീസിലാണ്. ആതൻസിലെ ദേശീയ ആർക്കയോളജിക്കൽ മ്യൂസിയത്തിൽ. ഗ്രീസ് സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള ആന്റികൈതേര റിസർച് പ്രോജക്ടാണ് ഇതു സംരക്ഷിക്കുന്നത്. ഈ സംവിധാനത്തെക്കുറിച്ച് പഠിക്കാൻ ആഗ്രഹമുള്ള ശാസ്ത്രജ്ഞർക്ക് അതിനുള്ള അവസരവും ഇവർ ഒരുക്കുന്നുണ്ട്. ആന്റികൈതേര മെക്കാനിസത്തിൽ എഴുതിയിട്ടുള്ള ഗ്രീക്ക് വാചകങ്ങൾ അർഥമാക്കുന്നതെന്തെന്നുള്ളത് ഇന്നുമൊരു ദുരൂഹതയാണ്.ഇത് ഉണ്ടാക്കിയത് ബിസി 178ലെന്ന് അടുത്തിടെയുള്ള ഒരു പഠനത്തിൽ തെളിഞ്ഞിരുന്നു. ഇതു ശരിയെങ്കിൽ ആദിമകാലത്തെ ബുദ്ധിശക്തിയുടെ ചിഹ്നമായ ഈ സംവിധാനത്തിന് 2200 വർഷത്തിലധികം പഴക്കം കണക്കാക്കാം.