ADVERTISEMENT

ചാരുംമൂട്∙ ‘‘മോനേ, നമ്മുടെ മലയും മണ്ണും വിട്ടുകൊടുക്കല്ലേ..’’ മറ്റപ്പള്ളി മലയിൽ എത്തിയ മന്ത്രി പി.പ്രസാദിനു മുന്നിലെത്തിയ അമ്മമാർ കണ്ണീരോടെ കൈ കൂപ്പി. ആശങ്കകൾ എണ്ണിയെണ്ണിപ്പറഞ്ഞു ചിലർ പൊട്ടിക്കരഞ്ഞു. ചേർത്തണച്ച് ആശ്വസിപ്പിച്ചപ്പോൾ മന്ത്രിയുടെ തൊണ്ടയിടറി, കണ്ണു നിറഞ്ഞു. അതിവൈകാരിക രംഗങ്ങൾക്കാണു മറ്റപ്പള്ളി സാക്ഷ്യം വഹിച്ചത്.  സർവകക്ഷി യോഗം വിളിച്ച മന്ത്രി ആദ്യം എത്തിയതു വീടിനു തൊട്ടടുത്തുള്ള മറ്റപ്പള്ളി മലയിലേക്കാണ്.

കഴിഞ്ഞ ദിവസങ്ങളിലെ മണ്ണെടുപ്പ് മലയുടെ ഭൂപ്രകൃതിയെ മാറ്റിമറിച്ചിരുന്നു. ‘‘ഞാൻ ഓടിക്കളിച്ച മലയുടെ ഇന്നത്തെ അവസ്ഥ കാണുമ്പോൾ പ്രയാസം തോന്നുന്നു’’– പ്രസാദ് പറഞ്ഞു. മന്ത്രി എത്തുന്നതറിഞ്ഞ് പരിസ്ഥിതി, രാഷ്ട്രീയ പ്രവർത്തകരും തദ്ദേശഭരണ വകുപ്പ് പ്രതിനിധികളും മറ്റ് ഉദ്യോഗസ്ഥരും മറ്റപ്പള്ളിയിൽ എത്തിയിരുന്നു. ഇവിടെ താമസിക്കുന്നവർ ഉൾപ്പെടെ നൂറുകണക്കിന് സ്ത്രീകളും ഉണ്ടായിരുന്നു. അവരോടാണു മന്ത്രി ആദ്യം സംസാരിച്ചത്. പിന്നീടാണു മലയിലേക്കു കയറിയത്. ‘‘എന്റെ പൊന്നു മകനേ, നീ വരാൻ വൈകിപ്പോയല്ലോ.. നമ്മുടെ മണ്ണും മലയും അവർ കൊണ്ടുപോയി’ എന്ന് പറഞ്ഞുകൊണ്ടാണ് അമ്മമാർ പരാതികളുടെ കെട്ടഴിച്ചത്.

മറ്റപ്പള്ളിയിലെ മണ്ണെടുപ്പ് മല സന്ദർശിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.
മറ്റപ്പള്ളിയിലെ മണ്ണെടുപ്പ് മല സന്ദർശിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ.

മല സംരക്ഷിക്കും; പൊലീസ്  നടപടി സർക്കാർ നയമല്ല
മറ്റപ്പള്ളിയിലെ മണ്ണും മലകളും സംരക്ഷിക്കാൻ എന്നും ജനങ്ങൾക്കൊപ്പമുണ്ടാകുമെന്ന് മന്ത്രി പ്രസാദ് അറിയിച്ചു. ജനാധിപത്യ മാർഗത്തിലൂടെ സമരം ചെയ്ത ജനപ്രതിനിധികളോടും സ്ത്രീകൾ ഉൾപ്പെടെ നാട്ടുകാരോടും  പൊലീസ് നടത്തിയ  ബലപ്രയോഗത്തെ മന്ത്രി നിശതമായി വിമർശിച്ചു.  ഇത് ഈ സർക്കാരിന്റെ നയമല്ലെന്നും  മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പ്രസാദ് പറഞ്ഞു. ഇതിന് പിന്നിൽ മണ്ണ് ലോബികളെങ്കിൽ അതിനെ കുറിച്ച് വിശദമായി അന്വേഷണം നടത്തും. 

മറ്റപ്പള്ളിയിലെ മണ്ണെടുക്കുന്നതു ദേശീയപാതയ്ക്ക് വേണ്ടിയല്ലെന്നു നാട്ടുകാർ മന്ത്രിയോടു പരാതിപ്പെട്ടു.  നേരത്തെ എം.എസ്.അരുൺകുമാർ എംഎൽഎയും ഈ ആരോപണം ഉന്നയിച്ചിരുന്നു. മണ്ണെടുക്കുന്നവരേക്കാൾ ആവേശമാണു പൊലീസ് കാണിക്കുന്നതെന്നും മന്ത്രിയെ ധരിപ്പിച്ചു.  2023 മേയ് മാസമാണ്  മറ്റപ്പള്ളിയിൽ നിന്ന് മണ്ണെടുക്കുന്നതിന് ജിയോളജി വകുപ്പ് അനുമതി നൽകിയതെന്ന് ജിയോളജിസ്റ്റ് കൃഷ്ണനേന്തു പറഞ്ഞു.  ജില്ലയിൽ 17 സ്ഥലങ്ങളിൽ നിന്നാണ് ദേശീയപാതയുടെ നിർമ്മാണത്തിനായി മണ്ണെടുക്കുന്നതിന് പരിഗണന വന്നത്.

ഇതിൽ നാല് സ്ഥലങ്ങളിൽ അനുമതി നൽകി. അതിൽ ആദ്യത്തെ അനുമതിയാണ് മറ്റപ്പള്ളിയിൽ നിന്നും രണ്ടര ഏക്കർ സ്ഥലത്തെ മണ്ണെടുക്കുന്നതിന് നൽകിയതെന്നും ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.  ചെങ്ങന്നൂർ ആർഡിഒ എസ്.സുമ, എഡിഎം എസ്.സന്തോഷ്കുമാർ, ഡപ്യൂട്ടി കലക്ടർ ജെ.മോബി, മാവേലിക്കര തഹസീൽദാർ ഡി.സി.ദിലീപ്കുമാർ, ഡപ്യൂട്ടി തഹസീൽദാർ എസ്.ബിനു എന്നിവരുടെ നേതൃത്വത്തിൽ നിരവധി ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിരുന്നു.  

രാഷ്ട്രീയ നേതാക്കൾ എത്തി
ചാരുംമൂട്∙ മറ്റപ്പള്ളിയിലേക്കു രാഷ്ട്രീയ നേതാക്കളുടെ ഒഴുക്ക് തുടരുന്നു. ഉച്ചയ്ക്ക് ഒരുമണിക്ക് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മറ്റപ്പള്ളിയിലെത്തി സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചു. കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ ഇ.എസ്.ബിജിമോൾ, ‌‌‌മുതിർന്ന ബിജെപി നേതാവും മുൻ മിസോറം ഗവർണറുമായ കുമ്മനം രാജശേഖരൻ എന്നിവരും പിന്തുണയുമായി എത്തിയിരുന്നു. ബിജെപി ഭാരവാഹികളായ കെ.കെ.അനൂപ്, സന്തോഷ് ചത്തിയറ, ആർ.വിഷ്ണു എന്നിവരും കുമ്മനത്തിനൊപ്പം ഒപ്പമുണ്ടായിരുന്നു.

English Summary:

Preserving Mattapally: Minister Prasad Moved by Charummood Women's Appeal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com