ഓട പണിതപ്പോൾ വീടു തകർന്നു, ഒട്ടേറെപ്പേരുടെ മതിലുകളും; നേരത്തെ അറിയിച്ചെന്നു കൗൺസിലർ
Mail This Article
ആലപ്പുഴ∙ റോഡിന്റെ ഓട നിർമാണം നടക്കുന്നതിനിടെ ഒരു വീടിനു കേടുപാടു പറ്റുകയും 6 വീടുകളുടെ മതിലുകൾ തകരുകയും ചെയ്തു. ഇതിൽ പ്രകോപിതരായ നാട്ടുകാർ തുടർന്നുള്ള പണി തടഞ്ഞു. ആലപ്പുഴ നഗരത്തിൽ കനാൽ വാർഡ് കൊച്ചിങ്ങാംപറമ്പ് റോഡിന്റെ ഓട നിർമാണത്തിനിടെയാണു സംഭവം. തൈപ്പറമ്പിൽ വിജയമ്മയുടെ (75) വീടിന്റെ അടിത്തറയ്ക്കാണു കേടുപാട് സംഭവിച്ചത്. വീട് ഇടിഞ്ഞു വീഴുമെന്ന ഭീതിയിൽ വിജയമ്മ ബന്ധു വീട്ടിലേക്കു താമസം മാറി.
എന്നാൽ നിർമാണ ഘട്ടത്തിൽ നാശനഷ്ടങ്ങൾ പ്രതീക്ഷിക്കണമെന്നു ഗുണഭോക്തൃ കമ്മിറ്റി വഴി ജനങ്ങളെ ധരിപ്പിച്ചതാണെന്നു കനാൽ വാർഡ് കൗൺസിലർ പി.റഹ്‌യാനത്ത് പറഞ്ഞു. ഓടയും റോഡും പൂർത്തിയാക്കിയ ശേഷം കനാലിലേക്ക് ഓട നിർമിക്കുന്ന ഘട്ടത്തിൽ എസ്റ്റിമേറ്റ് പരിഷ്കരിച്ച് ഇപ്പോഴുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് എൻജിനീയറിങ് വിഭാഗം സമ്മതിച്ചിട്ടുണ്ട്. ഓടയും അതിനു മുകളിൽ റോഡും നിർമിക്കാൻ ആയിരുന്നു ബജറ്റ് വിഹിതം.
മതിൽ, വീട് എന്നിവയ്ക്കു കേടുപാട് വന്നാൽ പരിഹരിക്കാൻ എസ്റ്റിമേറ്റിൽ നിർദേശം ഉണ്ടായിരുന്നതാണെന്നും റഹ്‌യാനത്ത് പറയുന്നു. റോഡ് നിർമാണം കാരണം ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടം നേരിട്ടതായി നാട്ടുകാർ പറുയന്നു. നിർമാണ ആവശ്യത്തിനായി ഈ ഭാഗത്തെ ശുദ്ധജല പൈപ്പ് ലൈനും റദ്ദാക്കി. ഇതോടെ പ്രദേശത്തു ശുദ്ധജലക്ഷാമവും നേരിടുന്നുണ്ട്. വിജയമ്മ, തൈപ്പറമ്പിൽ പ്രസാദ് ചന്ദ്രൻ, ജോസഫ്, പടിപ്പുരയ്ക്കൽ ലൈജു, കൊച്ചിങ്ങാംപറമ്പ് കബീർ, കൊച്ചുമോൻ എന്നിവരുടെ മതിൽ തകർന്നു. ഇതിൽ പ്രസാദ് ചന്ദ്രന്റെയും ലൈജുവിന്റെയും മതിൽ പൂർണമായി തകർന്നു.
എംഎൽഎയുടെ നിർദേശാനുസരണം സംസ്ഥാന ബജറ്റിലെ 2.22 കോടി രൂപ ചെലവഴിച്ചാണു റോഡ് നവീകരണം. മൂന്നു മാസമായി പണി തുടങ്ങിയിട്ട്. വാടക്കനാൽ വടക്കേ റോഡിൽ നിന്ന് ഇരുന്നൂറോളം മീറ്റർ നീളത്തിൽ ഓടയും റോഡും നിർമിക്കുന്നതിനാണു ഫണ്ട് അനുവദിച്ചത്. റോഡിന്റെ വടക്കേയറ്റം മുതൽ 30 മീറ്റർ നീളത്തിൽ ഓട നിർമിക്കാനായി മണൽ നീക്കം ചെയ്തപ്പോഴാണു വിജയമ്മയുടെ വീടിനു കേടുപാടുണ്ടായത്.