വൈദ്യുതബില്ലിൽ മാസം 10 ലക്ഷം ലാഭിക്കാം; സൗരനിലയം പൂർത്തിയായി, ഓട്ടോകാസ്റ്റ് ഇനി ഇരുട്ടിലായേക്കില്ല
Mail This Article
ആലപ്പുഴ∙ പൊതുമേഖലാ സ്ഥാപനമായ ഓട്ടോകാസ്റ്റിൽ രണ്ടു മെഗാവാട്ടിന്റെ സൗരോർജ നിലയം പൂർത്തിയായി. വ്യവസായ വകുപ്പിന്റെ 10.3 കോടി രൂപ ചെലവഴിച്ചാണു നിലയം നിർമിച്ചത്. പ്രവർത്തനച്ചെലവ് കുറയുമെന്നതിനാൽ ഈ നിലയം ഓട്ടോകാസ്റ്റിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ ആശ്വാസമാകും. വൈദ്യുതിച്ചെലവിൽ മാസം 10 ലക്ഷം രൂപ ലാഭിക്കാൻ സാധിക്കും. ഇപ്പോൾ ഏതാണ്ട് 35 ലക്ഷം രൂപയാണ് ഓരോ മാസവും വൈദ്യുത ബിൽ അടയ്ക്കേണ്ടത്. കഴിഞ്ഞ മേയിൽ ബിൽ കുടിശിക 50 കോടിയോളം രൂപയായതിനെ തുടർന്നു കെഎസ്ഇബി വൈദ്യുത ബന്ധം വിഛേദിച്ചിരുന്നു. തുടർന്ന് ഏറെ നാൾ ഓട്ടോകാസ്റ്റ് അടച്ചിടേണ്ടി വന്നു.
ക്ലാസ് എ ഫൗണ്ടറി അംഗീകാരമുള്ള ഇരുമ്പുരുക്കു നിർമാണശാല പ്രവർത്തിപ്പിക്കാൻ ദിവസം 25,000 യൂണിറ്റിലേറെ വൈദ്യുതി ആവശ്യമുണ്ട്. തുടർന്നാണ് ഇൻകെലുമായി സഹകരിച്ച് ഓട്ടോകാസ്റ്റിലെ 8 ഏക്കറിൽ സൗരോർജ നിലയം പണിതത്. ഇതിൽ നിന്നു പ്രതിദിനം 8000 യൂണിറ്റ് വൈദ്യുതി ഉൽപാദനം ലക്ഷ്യമിടുന്നു. 2022 അവസാനമാണ് നിലയത്തിന്റെ നിർമാണം തുടങ്ങിയത്. ഓട്ടോകാസ്റ്റിൽ മോൾഡിങ്ങിന് ഉപയോഗിച്ച ശേഷമുള്ള മണൽ കൊണ്ട് ഇഷ്ടിക നിർമിച്ച് അതു വച്ചാണു നിലയത്തിന്റെ ട്രാൻസ്ഫോമർ മുറി കെട്ടിയത്.