30 രൂപയുടെ ശീതള പാനിയത്തിന് 50 രൂപ, 6 രൂപയുടെ സോപ്പിനു 10 രൂപ..! കുടുക്കി ‘തീർഥാടകർ’
Mail This Article
എരുമേലി ∙ 30 രൂപയുടെ ശീതള പാനിയത്തിന് 50 രൂപ, 6 രൂപയുടെ സോപ്പിനു 10 രൂപ..! തീർഥാടക മേഖലയിൽനിന്ന് എന്തു വാങ്ങിയാലും അമിത തുക ഈടാക്കുന്നതു കണ്ടു തീർഥാടക വേഷത്തിൽ എത്തിയ ഉദ്യോഗസ്ഥർ ഞെട്ടി. രാത്രികാലങ്ങളിൽ എരുമേലി ക്ഷേത്രത്തിനു പരിസരങ്ങളിലെ താൽക്കാലിക കടകൾ അമിതവില ഈടാക്കുന്നതായുള്ള പരാതികളെ തുടർന്നാണു തീർഥാടക വേഷത്തിൽ ജില്ലാ കലക്ടറുടെ കീഴിലുള്ള ഉദ്യോഗസ്ഥരുടെ സ്ക്വാഡ് പരിശോധനയ്ക്ക് ഇറങ്ങിയത്.7 മണിക്ക് ആരംഭിച്ച പരിശോധനയിൽ 3 കടകളിൽ നിന്നു പരമാവധി വിൽപനവിലയിൽ അധികം തുക ഈടാക്കിയതായി കണ്ടെത്തിയതിനെ തുടർന്നു 5000 രൂപ വീതം പിഴ ഈടാക്കി.
രാത്രി വൈകിയും പരിശോധന തുടരുകയാണ്. കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫിസർ ജയൻ ആർ. നായർ, റേഷനിങ് ഇൻസ്പെക്ടർ ടി.സയർ എന്നിവരാണു തീർഥാടക വേഷത്തിൽ കടകളിൽ എത്തി സാധനങ്ങൾ വാങ്ങുന്നത്. വാങ്ങുന്ന സാധനങ്ങൾക്ക് അപ്പോൾ തന്നെ അവർ ചോദിക്കുന്ന വില നൽകും. പിന്നാലെ മറ്റ് ഉദ്യോഗസ്ഥർ വന്ന് അമിത വില ഈടാക്കിയതിനു പിഴ ചുമത്തും. ലീഗൽ മെട്രോളജി ഇൻസ്പെക്ടർ അനു ഗോപിനാഥ്, റേഷനിങ് ഇൻസ്പെക്ടർ പി.വി. സജീവ് കുമാർ എന്നിവരാണ് സംഘത്തിലുള്ളത്.