ഒത്തുചേർന്ന് 45 അംഗ ക്രിമിനൽ സംഘം, പരവതാനി വിരിച്ച് സ്വീകരണം; ഉറക്കം കെടുത്തി മൊബൈൽ ഫോൺ
Mail This Article
കായംകുളം∙ എരുവയിൽ ഗുണ്ടാ നേതാവിന്റെ പിറന്നാൾ ആഘോഷത്തിന് വിവിധ ജില്ലകളിൽ നിന്ന് ഒത്തുകൂടിയ കുപ്രസിദ്ധ ക്രിമിനൽ സംഘങ്ങൾ ലക്ഷ്യമിട്ടത് ക്വട്ടേഷൻ,ഗുണ്ടാ ആക്രമണങ്ങളിൽ മുൻനിരയിൽ എത്തി ശ്രദ്ധപിടിച്ചുപറ്റാനുള്ള ആസൂത്രിത നീക്കമെന്ന് പൊലീസ് നിഗമനം. ക്വട്ടേഷൻ സംഘത്തെ ഉപയോഗിക്കുന്ന ലോബികളെ പെട്ടെന്ന് ആകർഷിക്കാനുള്ള തന്ത്രങ്ങളാണ് ഇവർ പയറ്റുന്നത്. ഇത് തന്ത്രപൂർവം പൊളിക്കുകയായിരുന്നു പൊലീസ്. ഒരു വിധ രാഷ്ട്രീയ ഇടപെടലിനും പഴുത് നൽകാതെയാണ് പൊലീസ് ‘ഓപ്പറേഷൻ’ നടത്തിയത്. വലിയ രാഷ്ട്രീയ ബന്ധമുള്ള ഗുണ്ടാസംഘങ്ങൾ സൽക്കാരത്തിന് എത്തിയിരുന്നു. ഇവർക്കൊന്നും പൊലീസ് റെയ്ഡിനെ പ്രതിരോധിക്കാനായില്ല. ഇവരുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തതും സംഘത്തിന്റെ ഉറക്കം കെടുത്തുന്നുണ്ട്.
45 അംഗ ക്രിമിനൽ സംഘമാണ് എരുവയിൽ ഒത്തുചേർന്നത്. വീട്ടിലേക്ക് 30 ചതുരശ്ര അടി നീളത്തിൽ ചുവപ്പ് പരവാതാനിയാണ് വിരിച്ചിരുന്നത്. ക്ഷണിക്കപ്പെടുന്ന ഓരോരുത്തരും അവരുടെ സംഘത്തിലെ അഞ്ച് പേരെകൂടി ആഘോഷത്തിന് എത്തിക്കണം. അങ്ങനെയാണ് 45 പേരെ വിവിധ ജില്ലകളിൽ നിന്ന് എത്തിച്ചത്. ഷാൻ വധക്കേസിലെ പ്രതി അതുലിന് പുറമെ കൊടും ക്രിമിനലുകളും എത്തിയിരുന്നു. ഇവരിൽ പലരും ഓടി രക്ഷപ്പെട്ടിരുന്നു. ഓടി രക്ഷപ്പെട്ടവരിൽ മാട്ടകണ്ണൻ രണ്ട് കൊലക്കേസിൽ പ്രതിയാണ്. മൂന്ന് വധശ്രമക്കേസ് ഉൾപ്പെടെ 22 കേസുകളിൽ പ്രതിയാണ് തക്കാളി ആഷിഖ്. ഓടി രക്ഷപ്പെട്ട വിഠോഭ ഫൈസലിന്റെ പേരിൽ 5 വധശ്രമക്കേസ് ഉൾപ്പെടെ 20 കേസുകളുണ്ട്.ഗുണ്ടാ സംഘങ്ങളെ അമർച്ച ചെയ്യുന്നതിൽ മുഖം നോക്കാതെ നടപടിയുണ്ടാകും എന്ന സൂചനയും എരുവയിലെ റെയ്ഡിലൂടെ പൊലീസ് നൽകുന്നുണ്ട്.