ഭാരത് അരി: ഓടിക്കൂടി നാട്ടുകാർ, വിതരണം ടോക്കൺ അടിസ്ഥാനത്തിൽ
Mail This Article
കലവൂർ ∙ കേന്ദ്രസർക്കാരിന്റെ ഭാരത് അരിയുടെ വിതരണം മാരൻകുളങ്ങരയിലും. മാരൻകുളങ്ങര ക്ഷേത്രത്തിന് സമീപം ഇന്നലെ രാവിലെ ഏഴോടെയാണ് 10 കിലോയുടെ പായ്ക്കറ്റുകളിലായി ഒരു ലോറി അരി എത്തിയത്. വിവരം അറിഞ്ഞ് നാട്ടുകാർ ഓടിക്കൂടിയതോടെ ടോക്കൺ അടിസ്ഥാനത്തിൽ 1000 പേർക്ക് വിതരണം ചെയ്തു.
കിലോയ്ക്ക് 29 രൂപ പ്രകാരം 10 കിലോ പായ്ക്കറ്റിനു 290 രൂപയാണ് വാങ്ങിയത്. ആവശ്യക്കാർക്കു പരിശോധിക്കുന്നതിന് അരിയുടെ സാംപിളും പ്രദർശിപ്പിച്ചിരുന്നു. എന്നാൽ ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ നടന്ന അരി വിതരണത്തിന് എതിരെ മറ്റ് രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. കേന്ദ്ര സർക്കാർ സബ്സിഡി അരി ബിജെപി നേതാക്കൾ മുഖാന്തിരം വിതരണം ചെയ്യുന്നത് ചട്ടവിരുദ്ധമാണെന്നാണ് ഇവരുടെ ആക്ഷേപം.
എന്നാൽ കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷനൽ കോ ഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ ഓഫ് ഇന്ത്യ(എൻസിസിഎഫ്ഐ)യാണ് അരി വിതരണം നടത്തുന്നതെന്നും ഇതുമായി ബിജെപിക്കാരും സഹകരിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് ബിജെപി നേതാക്കൾ പറയുന്നത്. രാജ്യത്ത് എല്ലായിടത്തും ഇത്തരത്തിൽ അരി എത്തിക്കുന്നുണ്ടെന്നും കേരളത്തിലും എല്ലാ നിയോജകമണ്ഡലങ്ങളിലും അടുത്ത ദിവസങ്ങളിൽ ഇത്തരത്തിൽ അരി വിതരണം നടക്കുമെന്നും പറഞ്ഞു.