ദേശീയപാത വികസനം: ആലപ്പുഴ ബൈപാസിൽ ഗർഡറുകൾ സ്ഥാപിച്ചു തുടങ്ങുന്നു
Mail This Article
ആലപ്പുഴ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള സമാന്തര ബൈപാസിന്റെ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ ഇന്നു തുടങ്ങും. ഗർഡറുകളും അവ സ്ഥാപിക്കാൻ ആവശ്യമായ ക്രെയിൻ ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഇന്നലെ ബീച്ച് ഭാഗത്ത് എത്തിച്ചു. ബീച്ച് ഭാഗത്തുള്ള ഗർഡറുകൾ അവ സ്ഥാപിക്കേണ്ട ഇടങ്ങളിലേക്കു നീക്കും. തൂണുകളുടെ നിർമാണം പൂർത്തിയായ ബീച്ച് ഭാഗത്തായിരിക്കും ആദ്യം ഗർഡറുകൾ സ്ഥാപിക്കുക. 96 തൂണുകളുള്ള ബൈപാസിന്റെ 80 തൂണുകൾ ഇതിനോടകം പൂർത്തിയായി.
ബീച്ച് സൈഡിലെ തൂണുകളുടെയെല്ലാം നിർമാണം പൂർത്തിയായിട്ടുണ്ട്. കളർകോട് ഭാഗത്തെ 9 തൂണും മാളികമുക്ക് ഭാഗത്തെ തൂണുകളുമാണ് ഇനി പൂർത്തിയാകാനുള്ളത്. റെയിൽവേപാതയ്ക്കു മുകളിലൂടെ പുതിയ പാലം നിർമിക്കുന്നതിന് അന്തിമാനുമതി ലഭിക്കാത്തതിനാലാണു മാളികമുക്ക് ഭാഗത്തു തൂണുകൾ നിർമിക്കാൻ വൈകുന്നത്. ബൈപാസ് പാലത്തിൽ നിലവിൽ 12 മീറ്റർ വീതിയിലുള്ള രണ്ടുവരിപ്പാതയാണ് ഉള്ളത്. 14 മീറ്റർ വീതിയിൽ മൂന്നുവരിപ്പാത കൂടി സമാന്തരമായി വരുന്നതോടെ ആകെ അഞ്ചുവരിപ്പാതയാകും. 6.8 കിലോ മീറ്ററാണു ബൈപാസിന്റെ ആകെ നീളം. ഇതിൽ 3.43 കിലോമീറ്റർ ഉയരപ്പാതയാണ്. 96 തൂണുകളും 95 സ്പാനുകളുമാണ് ഇതിനായി വേണ്ടി വരുന്നത്.