ജീവനക്കാർക്കു പണിക്കൂലിയും ഇല്ല, പണിക്കുറവും ഇല്ല: രമേഷ് പിഷാരടി
Mail This Article
ആലപ്പുഴ∙ ആശാ വർക്കർമാരും അങ്കണവാടി പ്രവർത്തകരും ഉൾപ്പെടെയുള്ള ജീവനക്കാർക്കു പണിക്കൂലിയും ഇല്ല, പണിക്കുറവും ഇല്ലെന്ന സ്ഥിതിയാണെന്നു സിനിമാ നടൻ രമേഷ് പിഷാരടി പറഞ്ഞു. പാർലമെന്റ് മണ്ഡലംതല മഹിളാ ന്യായ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും മേഖല തൃപ്തികരമാണെന്നു പറയാൻ പറ്റാത്ത അവസ്ഥയാണ്. ലോക്സഭയിൽ 100 ചോദ്യങ്ങൾ ചോദിച്ചു എന്നു വീമ്പു പറയുന്നതിനെക്കാൾ കാതലായ 30 ചോദ്യങ്ങൾക്കാണു പ്രാധാന്യമെന്നും രമേശ് പിഷാരടി പറഞ്ഞു.
ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ 50% സ്ത്രീ സംവരണം ഉറപ്പാക്കുമെന്ന് ആലപ്പുഴ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ. പാർലമെന്റ് മണ്ഡലംതല മഹിളാ ന്യായ് കൺവൻഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കർണാടകയിലും തെലങ്കാനയിലും കോൺഗ്രസ് പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങൾ നടപ്പാക്കി. കേന്ദ്രത്തിലും ഇതു തുടരും.
മഹിളാ ന്യായിലുള്ള ഒരു വർഷം ഒരു ലക്ഷം രൂപ ഒരു സ്ത്രീകൾക്കു നൽകുന്ന പദ്ധതി ഉൾപ്പെടെ അഞ്ചു ഗാരന്റികൾ മുന്നണി അധികാരത്തിൽ എത്തിയാൽ നടപ്പാക്കുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ള സ്ത്രീകളുമായി സംവദിച്ച ശേഷമാണു കെ.സി.വേണുഗോപാൽ കൺവൻഷനെത്തിയത്.
മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബബിത ജയൻ അധ്യക്ഷയായി. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, ഡിസിസി പ്രസിഡന്റ് ബി.ബാബു പ്രസാദ്, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ, യുഡിഎഫ് പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.എ.ഷുക്കൂർ, യുഡിഎഫ് പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ.എം.നസീർ, മറിയ ഉമ്മൻ, എം.ജെ.ജോബ് എന്നിവർ പ്രസംഗിച്ചു.