ADVERTISEMENT

ആലപ്പുഴ ∙ കലയുടെ മൃതദേഹം ഇട്ടെന്നു കരുതുന്ന സെപ്റ്റിക് ടാങ്കിൽനിന്നു ലോക്കറ്റ്, ഹെയർ ക്ലിപ്പ്, വസ്ത്രത്തിന്റെ ഇലാസ്റ്റിക് എന്നിവ കിട്ടിയിരുന്നെന്നു ടാങ്ക് തുറന്നു പരിശോധിക്കാൻ പൊലീസിനെ സഹായിച്ച തിരുവല്ല സ്വദേശി സോമൻ പറഞ്ഞു. ലോക്കറ്റ് കറുത്തുപോയിരുന്നു.  അസ്ഥിയെന്നു കരുതാവുന്ന ചെറിയ കഷണങ്ങളും കിട്ടി. ടാങ്കിൽ വീര്യമേറിയ രാസവസ്തു കൂടിയ അളവിൽ ചേർത്തതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. രാസവസ്തു ഉപയോഗിച്ചിട്ടുണ്ടെങ്കിൽ സെപ്റ്റിക് ടാങ്കിൽ ഇറങ്ങുമ്പോൾത്തന്നെ അറിയാം. മുൻപും ഇത്തരം ടാങ്കുകളിൽ ഇറങ്ങിയിട്ടുണ്ട്. ടാങ്ക് പരിശോധനയ്ക്കു ശേഷം വീട്ടിലെത്തിയപ്പോൾ ദേഹത്തു ചൊറിച്ചിലുണ്ടായിരുന്നു. സാധാരണ അങ്ങനെ ഉണ്ടാകാറില്ല. വീര്യം കൂടിയ രാസവസ്തു കൂടിയ അളവിൽ ഉപയോഗിച്ചതിനാലാകാം ഇതെന്നു കരുതുന്നതായും സോമൻ പറഞ്ഞു.

ചെങ്ങന്നൂർ ഗവ. ജില്ലാ ആശുപത്രിയിൽ വച്ച് മാന്നാർ കൊലപാതകക്കേസിലെ പ്രതികളെ കണ്ട് കലയുടെ ബന്ധുവായ സിന്ധു വികാരാധീനയായപ്പോൾ. ചിത്രം: മനോരമ
ചെങ്ങന്നൂർ ഗവ. ജില്ലാ ആശുപത്രിയിൽ വച്ച് മാന്നാർ കൊലപാതകക്കേസിലെ പ്രതികളെ കണ്ട് കലയുടെ ബന്ധുവായ സിന്ധു വികാരാധീനയായപ്പോൾ. ചിത്രം: മനോരമ

അന്വേഷണത്തിന് 21 അംഗ പൊലീസ്‌ സംഘം
ആലപ്പുഴ ∙ കലയുടെ കൊലപാതകം അന്വേഷിക്കുന്ന പൊലീസ് സംഘം വിപുലീകരിച്ചു. ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മാന്നാർ, അമ്പലപ്പുഴ സ്റ്റേഷനുകളിലെ  ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി 21 അംഗ സംഘമാണ് ഇന്നലെ രൂപീകരിച്ചത്.കല കൊല്ലപ്പെട്ടെന്ന സൂചന ലഭിച്ചപ്പോൾ അമ്പലപ്പുഴ പൊലീസും ക്രൈം ബ്രാഞ്ചും ഉൾപ്പെട്ട ചെറിയ സംഘമാണ് ആദ്യം അന്വേഷിച്ചത്. ഈ സംഘം അഞ്ചുപേരെ പിടികൂടി. തുടർന്നുള്ള നടപടികൾക്കായി അന്വേഷണം ചൊവ്വാഴ്ച ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മാന്നാർ പൊലീസ് ഉൾപ്പെട്ട സംഘത്തിനു കൈമാറി.കേസിൽ ഒട്ടേറെ വിവരങ്ങളും തെളിവുകളും കണ്ടെത്തേണ്ടതുണ്ടെന്നാണു പൊലീസ് നിലപാട്. കൂടുതൽ പ്രതികളുണ്ടോ എന്നും അന്വേഷിക്കുന്നു.  

പ്രതികൾക്കു നേരെ രോഷത്തോടെ സിന്ധു
ചെങ്ങന്നൂർ ∙ ‘‘അവളെന്റെ പാവം അനിയത്തിയായിരുന്നു. എന്തിനാ ഇങ്ങനൊക്കെ ചെയ്തത്? അവൾ ഒരു തെറ്റും ചെയ്തില്ലല്ലോ.   ഇവന്മാർ ഇങ്ങനെ ചെയ്യേണ്ട കാര്യമില്ലല്ലോ? എന്നാലും സോമാ, കൂടെ നടന്നിട്ട് നീയതു ചെയ്തല്ലോ?’’ – പ്രതികളെ വൈദ്യപരിശോധനയ്ക്കു ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ കൂടിനിന്നവരിൽനിന്ന് ഒരു സ്ത്രീശബ്ദമുയർന്നു. പൊട്ടിക്കരച്ചിലോടെ പ്രതികൾക്കു നേരെ രോഷാകുലയായത് കലയുടെ മാതൃസഹോദരീപുത്രി സിന്ധുവാണ്.ദിവസങ്ങൾക്കു മുൻപു വരെ തന്റെയും കലയുടെയും ബന്ധുക്കൾക്കൊപ്പം നടന്നിരുന്നയാളാണു പ്രതികളായ സോമരാജനും പ്രമോദുമെന്നു സിന്ധു പറഞ്ഞു. തങ്ങളുടെ വീടുകളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നവർ. വിശ്വസിക്കാൻ കഴിയാത്ത പ്രവൃത്തിയാണു പ്രതികൾ ചെയ്തത്. ഇത്രകാലവും കല തെറ്റുകാരിയെന്നു കരുതി കുറ്റപ്പെടുത്താൻ കാരണക്കാരായത് അവരൊക്കെയാണെന്നും സിന്ധു പറഞ്ഞു.അനിലും കലയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നു കേട്ടിട്ടുണ്ട്. പക്ഷേ കൃത്യമായി അറിയില്ലെന്നും സിന്ധു പറഞ്ഞു.

പ്രതികൾക്കെതിരെ ചുമത്തിയത് കൊലപാതകം, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ

ഭർത്താവും ബന്ധുക്കളും ചേർന്നു തൃപ്പെരുന്തുറ ഇരമത്തൂർ സ്വദേശിനി കലയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ഇരമത്തൂർ കണ്ണമ്പള്ളിൽ അനിൽ ഒന്നാം പ്രതി. മറ്റു 3 പ്രതികളെ ചെങ്ങന്നൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി 8 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ ഒന്നാം പ്രതി അനിലിന്റെ ബന്ധുക്കളും ഇരമത്തൂർ സ്വദേശികളുമായ കണ്ണമ്പള്ളിൽ ആർ.സോമരാജൻ (56), കണ്ണമ്പള്ളിൽ കെ.സി.പ്രമോദ് (40), ജിനു ഭവനത്തിൽ ജിനു ഗോപി (48) എന്നിവരെയാണ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. അനിൽ ഇപ്പോൾ ഇസ്രയേലിലാണ്. കൊലപാതകം, തെളിവു നശിപ്പിക്കൽ, കുറ്റക്കാരെ രക്ഷിക്കാൻ തെറ്റായ വിവരം നൽകൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

2009 ഡിസംബർ ആദ്യ ആഴ്ചയിലാണ് കല കൊല്ലപ്പെട്ടതെന്നു റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് പറയുന്നു. മൃതദേഹം സംസ്കരിച്ച രീതി സംബന്ധിച്ച് എഫ്ഐആറിലോ റിമാൻഡ് റിപ്പോർട്ടിലോ കൃത്യമായി പറയുന്നില്ല. കലയ്ക്കു പരപുരുഷ ബന്ധമുണ്ടെന്ന് സംശയിച്ച് അനിൽ മറ്റു പ്രതികളെയും കൂട്ടി വലിയ പെരുമ്പുഴ പാലത്തിൽ വച്ച് കലയെ എങ്ങനെയോ കൊലപ്പെടുത്തിയെന്നും മൃതദേഹം പ്രതികൾ കാറിൽ കൊണ്ടുപോയി എവിടെയോ മറവു ചെയ്തു തെളിവു നശിപ്പിച്ചെന്നുമാണ് എഫ്ഐആറിന്റെ ഉള്ളടക്കം.

15 വർഷം മുൻപു കാണാതായ കലയെ കൊന്നു സെപ്റ്റിക് ടാങ്കിൽ തള്ളിയതാണെന്ന സൂചനയോടെ അമ്പലപ്പുഴ പൊലീസിനു ലഭിച്ച ഊമക്കത്തിൽനിന്നാണ് അന്വേഷണം തുടങ്ങിയത്. അറസ്റ്റിലായവർ ഉൾപ്പെടെ 5 പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ കൊലപാതകം സംബന്ധിച്ച കൂടുതൽ വിവരം ലഭിച്ചു. കഴിഞ്ഞദിവസം അനിലിന്റെ വീട്ടുമുറ്റത്തെ സെപ്റ്റിക് ടാങ്ക് തുറന്നു പരിശോധിച്ചിരുന്നു. തിരച്ചിലിൽ കണ്ടെത്തിയ, പല്ലുകളെന്നു സംശയിക്കുന്ന വസ്തുക്കളും 2 ഇലാസ്റ്റിക് വള്ളികളും ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com